കോവിഡ് മാരകരോഗമാണെന്ന് ട്രംപിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.

കോവിഡ് മാരകരോഗമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറിയാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ മാധ്യമപ്രവര്ത്തകന് ബോബ് വുഡ്വാര്ഡിന്റെ പുസ്തകത്തിലാണ് ട്രംപിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുള്ളത്. നേരത്തെ അറിയിപ്പ് ലഭിച്ചിട്ടും മുന്നറിയിപ്പ് നല്‍കാനോ മുന്‍കരുതലുകള്‍ സ്വീകരിക്കാനോ ട്രംപ് തയ്യാറായില്ലെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് അമേരിക്കയിലാണ്.
ബോബ് വുഡ്വോര്ഡിന്റെ റേജ് എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടുള്ളത്. അമേരിക്കയില്‍ കോവിഡ് വ്യാപിച്ചതിന്റെ ആദ്യഘട്ടത്തില്‍, ജലദോഷ പനി പോലെ സാധാരണ പനിയാണ് കോവിഡെന്നായിരുന്നു ട്രംപ് പറഞ്ഞിരുന്നത്. ഫെബ്രുവരി ആദ്യം തന്നെ കോവിഡ് എത്രമാത്രം മാരകമാണ് എന്നത് ട്രംപിന് വ്യക്തമായി അറിയാമായിരുന്നു. പക്ഷേ, ബോബ് വുഡ്വാര്ഡുമായുള്ള ഒരു അഭിമുഖത്തിനിടെ, താന്‍ ആ രോഗത്തെ നിസാരവത്കരിക്കുകയാണെന്നും ജനങ്ങള്‍ പരിഭ്രമിക്കാതിരിക്കാനാണ് താന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞു. സെപ്തംബര്‍ 15 നാണ് പുസ്തകം പുറത്തിറങ്ങുന്നത്.
പതിനെട്ടോളം അഭിമുഖങ്ങളാണ് വുഡ്വാര്‍ഡ് ട്രംപുമായി നടത്തിയത്.