LiveTV

Live

International

ടെഡി ബിയര്‍ ആളത്ര ചില്ലറക്കാരനല്ല..

ബിയര്‍ എന്നാല്‍ കരടി.. അപ്പോ ടെഡിയോ.. ആ പേര് വന്നതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്..



ടെഡി ബിയര്‍ ആളത്ര ചില്ലറക്കാരനല്ല..

ഇന്ന് ലോക ടെഡി ബിയര്‍ ദിനമാണ്. ഈ ദിനത്തിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. അതെന്താണെന്ന് നോക്കാം. ഈ ടെഡി ബിയറുണ്ടല്ലോ.. ആളത്ര നിസ്സാരക്കാരനല്ല. അമേരിക്കയില്‍ മുന്‍ പ്രസിഡന്‍റ് തിയോഡര്‍ റൂസ്‍വെല്‍റ്റിന്‍റെ സ്വന്തം ആളാ.. അതെന്താണന്നല്ലെ പറയാം.. ബിയര്‍ എന്നാല്‍ കരടി.. അപ്പോ ടെഡിയോ.. ആ പേര് വന്നതിന് പിന്നില്‍ രസകരമായൊരു കഥയുണ്ട്..

തിയോഡര്‍ റൂസ്‍വെല്‍റ്റ് അറിയപ്പെട്ടിരുന്നത് ടെഡി റൂസ്‍വെല്‍റ്റ് എന്നാണ്. 1902ല്‍ റൂസ്‍വെല്‍റ്റ് മിസ്സിസിപ്പിയിലേക്കൊരു യാത്ര പോയി... മിസ്സിസിപ്പി ഗവര്‍ണറായിരുന്ന ആന്‍ഡ്രൂ എച്ച് ലോങ്‍ഗിനോയുടെ ക്ഷണപ്രകാരം നായാട്ടിനായാണ് റൂസ്‍വെല്‍റ്റ് പോയത്... അക്കാലത്ത് നായാട്ട് ഒരു വിനോദമെന്ന നിലയില്‍ അമേരിക്കന്‍ ജീവിത ശൈലിയുടെ ഭാഗമായിരുന്നു.. പ്രസിഡന്റിന് ഒപ്പമുണ്ടായിരുന്നവരെല്ലാം കരടിയെ വേട്ടയാടി.. പക്ഷെ ഒരു കരടിയെ പോലും റൂസ്‍വെല്‍റ്റിന് കിട്ടിയില്ല... അപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ഒരു വയസ്സന്‍ കരടിയെ മരത്തില്‍ കെട്ടിയിട്ട് പ്രസിഡന്‍റിനോട് അതിനെ വെടിവെക്കാന്‍ പറഞ്ഞു... കെട്ടിയിട്ട കരടിയെ വെടിവെക്കുന്നത് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് ചേര്‍ന്നതല്ല എന്നു പറഞ്ഞത് പ്രസിഡന്‍റ് നിരസിച്ചു. തൊട്ടടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളെല്ലാം ഇതൊരു വലിയ വാര്‍ത്തയായി ആഘോഷിച്ചു.. കരടിയെ വെടിവെക്കാന്‍ വിസമ്മതിച്ച പ്രസിഡന്‍റിനെ കുറിച്ച് ആര്‍ട്ടിക്കള്‍ എഴുതി... ഈ വാര്‍ത്തകള്‍ കണ്ട ക്ലിഫോര്‍ഡ് ബെറിമാന്‍ എന്ന കാര്‍ട്ടൂണിസ്റ്റ് സംഭവത്തെ കാര്‍ട്ടൂണായി ചിത്രീകരിച്ചു.. 1902 നവംബര്‍ 16ന് ഇറങ്ങിയ വാഷിങ്ടണ്‍ പോസ്റ്റില്‍ ഈ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. റൂസ്‍വെല്‍റ്റിന്‍റെ രാഷ്ട്രീയ ജീവിതവുമായി ബന്ധപ്പെടുത്തി ബെറിമാന്‍ പിന്നീട് വരച്ച എല്ലാ കാര്‍ട്ടൂണുകളിലും കരടി കഥാപാത്രമായി.

ആദ്യകാല കാര്‍ട്ടൂണുകളില്‍ കരടിക്ക് വലിയ വലിപ്പമൊക്കെ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വന്ന കാര്‍ട്ടൂണുകളിലെ കരടി ഓമനത്തമുള്ളതായി മാറി. ഈ കാര്‍ട്ടൂണുകള്‍ കണ്ട ബ്രൂക്ക്‍ലിനിലെ ഒരു ക്യാന്‍ഡി ഷോപ്പ് ഉടമ മോറിസ് മിച്ചര്‍മിന് ഒരു ഐഡിയ.. ഇദ്ദേഹവും ഇദ്ദേഹത്തിന്‍റെ ഭാര്യയും ചേര്‍ന്ന് സ്റ്റഫ്‍ഡ് ടോയികളുടെ നിര്‍മാണവും നടത്തിയിരുന്നു. അങ്ങനെ ഉണ്ടാക്കുന്ന കരടികള്‍ക്ക് ടെഡി എന്ന് പേരിടാം. പിന്നെ താമസിച്ചില്ല. പ്രസിഡന്‍റിന്‍റെ സമ്മതം ചോദിച്ചു.. ടെഡി റൂസ്‍വെല്‍റ്റിന്‍റെ സമ്മതം കിട്ടിയതോടെ മോറിസിന്‍റെ കടയിലെ കളിപ്പാട്ട കരടികള്‍ക്ക് ടെഡി ബിയര്‍ എന്ന വിളിപ്പേര് വന്നു. ടെഡി ബിയറുകള്‍ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങി. എന്തിനേറെ പറയുന്നു റൂസ്‍വെല്‍റ്റ് രണ്ടാമതും മത്സരിക്കാനിറങ്ങിയപ്പോള്‍ ടെഡി ബിയറുകളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചു എന്നും പറയപ്പെടുന്നു. പിന്നീടാണ് സെപ്റ്റംബര്‍ 9 ലോക ടെഡി ബിയര്‍ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഇപ്പോ മനസ്സിലായില്ലേ ഈ ടെഡി ബിയര്‍ അത്ര നിസ്സാരക്കാരനല്ല എന്ന്.