LiveTV

Live

International

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം'; ദുരൂഹ മരണങ്ങളുടെ കഥ!

2003 മുതൽ വ്ലാ‍ഡിമിര്‍ പുടിനെ വിമര്‍ശിച്ച 10 പ്രമുഖ നേതാക്കള്‍ക്കാണ് ജീവന്‍ നഷ്ടമായത്

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വിമർശകരിൽ മിക്കവരും കൊല്ലപ്പെടുകയോ സംശയാസ്പദമായ സാഹചര്യങ്ങളിൽ മരിക്കുകയോ ചെയ്യുകയായിരുന്നു. 2003 മുതൽ 10 പ്രമുഖ നേതാക്കള്‍ക്കാണ് ഇങ്ങനെ ജീവന്‍ നഷ്ടമായത്. ഏറ്റവുമൊടുവില്‍ പുടിന്‍ വിമർശകനായ അലക്സി നാവൽനിക്ക് കൂടി വിഷബാധയേറ്റതോടെ ഇക്കാര്യം വീണ്ടും ചര്‍ച്ചകളിൽ നിറയുകയാണ്.

രാജ്യത്തിനകത്ത് നിരന്തരം സ്വേച്ഛാധിപത്യ പ്രവണതകൾ പ്രകടിപ്പിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍, അധികാരം നിലനിർത്താനും വിമർശനങ്ങള്‍ ഇല്ലാതാക്കാനും പലപ്പോഴും വഴിവിട്ട നീക്കങ്ങളാണ് നടത്തിയിട്ടുള്ളത്. എന്നാല്‍ കൊലക്കേസടക്കം ഒരു കേസിലും അന്വേഷണങ്ങൾ പുടിനിലേക്കെത്തിയില്ല. പുടിനെ പരസ്യമായി വിമർശിക്കുകയും ദുരൂഹ സാഹചര്യങ്ങളില്‍ മരിക്കുകയും ചെയ്ത നിരവധി പേരുണ്ട് റഷ്യന്‍ രാഷ്ട്രീയത്തില്‍.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

ബോറിസ് നെംത്സോവ്-2015

1990 കളിൽ, രാഷ്ട്രീയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായിരുന്നു ബോറിസ് നെംത്സോവ്. വ്ലാദിമിർ പുടിന്റെ സഹചാരിയും മുന്‍ ഉപപ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം, പുടിൻ പൗരസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നും ഭരണകൂട അഴിമതി അസഹ്യമായിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രംഗത്തുവന്നു. 2015 ഫെബ്രുവരിയിൽ, അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

ബോറിസ് ബെറെസോവ്സ്കി-2013

വ്ലാദിമിർ പുടിനെ അധികാരത്തിലേറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചെന്ന് കരുതപ്പെടുന്ന ബോറിസ് ബെറെസോവ്സ്കിക്ക് പിന്നീട് പുടിനുമായുള്ള ബന്ധം വഷളായി. ഇതോടെ ബ്രിട്ടണിലേക്ക് പലായനം ചെയ്യാന്‍ അദ്ദേഹം നിർബന്ധിതനായി. പ്രസിഡന്റിനെ താഴെയിറക്കുമെന്ന് പ്രതിജ്ഞയെടുത്ത ബോറിസ് ബെറെസോവ്സ്കി അതിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകവെ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കഴുത്തിൽ കയറുമായി കുളിമുറിയിൽ മരിച്ചു കിടക്കുന്ന നിലയിലാണ് 2013 ല്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടത്.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

സ്റ്റാനിസ്ലാവ് മാർക്കലോവും അനസ്താസിയ ബാബുറോവയും-2009

ചെച്നിയയിലെ മനുഷ്യാവകാശ കേസുകളിൽ റഷ്യന്‍ സര്‍ക്കാരിനെതിരെ കേസ് നടത്തിപ്പിനിറങ്ങിയ അഭിഭാഷകനായിരുന്നു സ്റ്റാനിസ്ലാവ് മാർക്കലോവ്. 2009ൽ പുടിന്‍ വിമർശകനായ പത്രപ്രവർത്തകൻ അനസ്താസിയ ബാബുറോവയെ വെടിവെപ്പിൽ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാരകമായി വെടിയേറ്റു. രണ്ടുപേരും തല്‍ക്ഷണം കൊല്ലപ്പെട്ടു.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

സെര്‍ഗി മാഗ്നിട്സ്കി-2009

സർക്കാര്‍ വിമർശകനും അഭിഭാഷകനുമായ സെർജി മാഗ്നിറ്റ്‌സ്‌കി 2009 നവംബറിൽ പൊലീസ് കസ്റ്റഡിയിലാണ് മരിച്ചത്. സര്‍ക്കാരുമായി ബന്ധമുള്ളവര്‍ക്കെതിരായ ഒരു നികുതി തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടെയായിരുന്നു മരണം.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

നതാലിയ എസ്റ്റെമിറോവ-2009

റഷ്യയിലെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയെക്കുറിച്ച് അന്വേഷിച്ചിരുന്ന പത്രപ്രവർത്തക നതാലിയ എസ്റ്റെമിറോവക്ക് പൊലീസിൽ നിന്നും സർക്കാരിൽ നിന്നും നിരന്തര ഭീഷണികളാണുണ്ടായിരുന്നത്. 2009ൽ സ്വന്തം വീട്ടിൽ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ അവരെ പിന്നീട് തലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ കേസിൽ ഇതുവരെ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

അന്ന പൊളിറ്റ്കോവ്സ്കയ-2006

നോവയ ഗസറ്റയുടെ റഷ്യൻ റിപ്പോർട്ടറായിരുന്നു അന്ന പൊളിറ്റ്കോവിസ്കയ, 'പുടിന്റെ റഷ്യ' എന്ന പുസ്തകം പുടിന്‍ റഷ്യയെ ഒരു പൊലീസ് സ്റ്റേറ്റാക്കി മാറ്റിയെന്ന് ആരോപിച്ചു. 2006ൽ അവരുടെ താമസ സ്ഥലത്ത് തൊട്ടടുത്ത് നിന്ന് തലയിൽ വെടിയേറ്റ് അവര്‍ കൊല്ലപ്പെട്ടു. കൊലപാതകത്തിൽ അഞ്ച് പേരെ ശിക്ഷിച്ച കോടതി ഇത് ക്വട്ടേഷന്‍ കൊലപാതകമാണെന്ന് വ്യക്തമാക്കി. എന്നാൽ ക്വട്ടേഷന്‍ നൽകിയത് ആര് എന്ന കാര്യം പുറത്തുവന്നില്ല.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ-2006

റഷ്യന്‍ ചാര സംഘടന കെ.ജി.ബിയുടെ മുന്‍ ഏജന്റായിരുന്നു 2006ൽ ബ്രിട്ടണില്‍ വെച്ച് കൊല്ലപ്പെട്ട അലക്സാണ്ടർ ലിറ്റ്‌വിനെങ്കോ. കെ.ജി.ബിയില്‍ നിന്ന് രാജിവെച്ച ശേഷം പുടിന്റെ സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു അദ്ദേഹം. കൊലയാളികളെ കൈമാറാന്‍ ബ്രിട്ടണ്‍ റഷ്യയോടാവശ്യപ്പെട്ടെങ്കിലും റഷ്യ ആവശ്യം നിരസിച്ചു.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

സെർജി യുഷെങ്കോവ്-2003

മുൻ ആർമി കേണൽ സെർജി യുഷെങ്കോവ് മോസ്കോയിലെ വീടിന് പുറത്ത് വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ തന്റെ ലിബറൽ റഷ്യ എന്ന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്ത് കഴിഞ്ഞിരുന്നു. 1999 ലെ ഒരു അപ്പാർട്ട്മെന്റ് ബോംബാക്രമണത്തിന് പിന്നിൽ പുടിൻ സർക്കാരാണെന്നതിന് തെളിവുകൾ ശേഖരിക്കുകയായിരുന്നു കൊല്ലപ്പെടുമ്പോൾ സെർജി യുഷെങ്കോവ്.

'പുടിനെ വിമര്‍ശിച്ചാല്‍ പേടിക്കണം';  ദുരൂഹ മരണങ്ങളുടെ കഥ!

യൂറി ചെകോചിഖിൻ-2003

രാജ്യത്തിനകത്തെ കുറ്റകൃത്യങ്ങളെയും അഴിമതിയെയും കുറിച്ച് എഴുതിയിരുന്ന എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്നു 2003 ൽ കൊല്ലപ്പെട്ട യൂറി ചെകോചിഖിൻ. 1999 ലെ അപ്പാർട്ട്മെന്റ് ബോംബാക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു 2003ൽ കൊല്ലപ്പെടുമ്പോൾ അദ്ദേഹം. അമേരിക്കയിലേക്ക് പോകുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു കൊലപാതകം.

രാജ്യത്തിനകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കൊലപാതകങ്ങളിലൊന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ പങ്ക് തെളിയിക്കാന്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനും ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ കൊലപാതകങ്ങളെല്ലാം നേരിട്ട് ഗുണകരമായത് വ്ലാദിമിർ പുടിനായിരുന്നു എന്നത് കേവല യാദൃശ്ചികതയായിരുന്നുവെന്ന് ആരും വിശ്വസിക്കുന്നുമില്ല.

കടപ്പാട്-വാഷിങ്ടണ്‍ പോസ്റ്റ്