LiveTV

Live

International

പുട്ടിന്‍ വിമര്‍ശകനായ പ്രതിപക്ഷ നേതാവിന് വിമാന യാത്രക്കിടെ വിഷബാധ

റഷ്യന്‍ പ്രസിഡന്റ് വ്ലാദ്‍മിര്‍ പുട്ടിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി

പുട്ടിന്‍ വിമര്‍ശകനായ പ്രതിപക്ഷ നേതാവിന് വിമാന യാത്രക്കിടെ വിഷബാധ

റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവല്‍നിക്ക് വിഷബാധ. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇപ്പോള്‍ കോമയിലാണ്. റഷ്യന്‍ പ്രസിഡന്റ് വ്ലാദ്‍മിര്‍ പുട്ടിന്റെ പ്രധാന എതിരാളിയാണ് 44-കാരനായ അലക്‌സി നവല്‍നി.

സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്‌കോയിലേക്കുള്ള യാത്രാമധ്യേ ഫ്‌ളൈറ്റില്‍ വെച്ചാണ് ഇദ്ദേഹത്തിന് വിഷബാധയേല്‍ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നവല്‍നിക്ക് കടുത്ത വിഷബാധയേറ്റതിനെത്തുടര്‍ന്ന് വിമാനം സൈബീരിയയിലെ ഓംസ്‌കില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു.

അപരിചിതമായ ഏതോ സൈക്കോഡിസ്ലെപ്റ്റിക് മരുന്നുകൊണ്ടാണ് അദ്ദേഹത്തെ അപായപ്പെടുത്താനുള്ള ശ്രമം നടന്നിട്ടുള്ളതെന്നും, കൃത്യമായി അത് ഏത് മരുന്നെന്ന് തിരിച്ചറിയാൻവേണ്ടിയുള്ള ഫോറൻസിക് പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു. വിമാനത്തിൽ നിന്ന് അലക്സിയെ സ്‌ട്രെച്ചറിൽ കയറ്റി ആംബുലൻസിലേക്ക് കൊണ്ടുപോകുന്നതിന് ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വിമാനത്തിൽ കയറിയ ശേഷം അലക്സി ഒന്നും കഴിച്ചിരുന്നില്ല. ടാർമാകിലെ ഒരു റെസ്റ്റോറന്റിൽ നിന്നാണ് അദ്ദേഹം വിഷം കലർത്തപ്പെട്ടത് എന്ന് കരുതുന്ന ചായ കുടിച്ചത്. അതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെടുന്നുണ്ട്. ചൂടുള്ള പദാര്‍ഥത്തിനൊപ്പം അകത്തുപോയതുകൊണ്ടുതന്നെ പെട്ടെന്നു തന്നെ വിഷാംശം ശരീരം ആഗിരണം ചെയ്യുകയായിരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നതെന്നും അവര്‍ ട്വീറ്റ് ചെയ്തു.

അഭിഭാഷക പഠനം പൂർത്തിയാക്കിയ ശേഷം മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ അലക്സി, പുടിന്റെ പ്രധാന വിമർശകനാണ്. 2012 -ലും 2014 -ലും 2019 -ലുമൊക്കെ അലക്സി സർക്കാർ വിരുദ്ധ പോരാട്ടങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. പുടിനെ രണ്ട് തവണ കൂടി അധികാരത്തില്‍ തുടരാന്‍ അനുവദിക്കുന്ന ഭരണഘടനാ പരിഷ്‌കാരങ്ങള്‍ക്കെതിരേ നിരന്തരം ശബ്ദിക്കുന്ന വ്യക്തിയാണ് അലക്‌സി നവല്‍നി.