LiveTV

Live

International

ഛാഡ് എന്നൊരു രാജ്യമുണ്ട് ആഫ്രിക്കയില്‍... ശരാശരി 50 വയസ് മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള മനുഷ്യരുടെ രാഷ്ട്രം

തീര്‍ത്തും അപരിചിതമായ രാജ്യമായി തോന്നേണ്ട.. ബ്ലാസ്റ്റേഴ്സ് താരം അസ്രാക്ക് മഹ്മദിന്‍റെ രാജ്യം കൂടിയാണ് ഛാഡ്

 ഛാഡ് എന്നൊരു രാജ്യമുണ്ട് ആഫ്രിക്കയില്‍... ശരാശരി 50 വയസ് മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള മനുഷ്യരുടെ രാഷ്ട്രം

ഛാഡ് എന്ന ആഫ്രിക്കന്‍ രാഷ്ട്രത്തിന് സ്വാതന്ത്ര്യം ലഭിച്ച ദിവസാണ് ഇന്ന്. ഫ്രാന്‍സില്‍ നിന്ന് അവര്‍ സ്വാതന്ത്യം നേടിയിട്ട് ഇന്നേക്ക് 60 വര്‍ഷം തികയുകയാണ്.

ഛാഡ് എന്നൊരു രാജ്യമുണ്ട് ആഫ്രിക്കയില്‍...ശരാശരി 50 വയസ് മാത്രം ആയുര്‍ദൈര്‍ഘ്യമുള്ള മനുഷ്യരുടെ രാഷ്ട്രം..അവര്‍ക്ക് സ്വാതന്ത്യം കിട്ടിയ ദിവസമാണ് ഇന്ന്... തീര്‍ത്തും അപരിചിതമായ രാജ്യമായി തോന്നേണ്ട.. ബ്ലാസ്റ്റേഴ്സ് താരം അസ്രാക്ക് മഹ്മദിന്‍റെ രാജ്യം കൂടിയാണ് ഛാഡ്.

മധ്യആഫ്രിക്കന്‍ രാഷ്ട്രം.....1900 മുതല്‍ 1960 വരെ ഫ്രഞ്ച് കോളനി. 60 വര്‍ഷത്തെ കടുത്ത ചൂഷണത്തിനൊടുവില്‍ 1960 ല്‍ സ്വാതന്ത്ര്യം. കടുത്ത തൊഴില്‍ ചൂഷണമാണ് ഫ്രഞ്ച് ഭരണത്തില്‍ ഛാഡ് ജനത നേരിട്ടത്. തുച്ഛമായ കൂലിക്കും.. കൂലിയേ കൊടുക്കാതെയും അവരെക്കൊണ്ട് പണിയെടുപ്പിച്ചു. വഴങ്ങാത്തവരുടെ വീടുകള്‍ അഗ്നിക്കിരയാക്കുന്ന സംഭവങ്ങള്‍ വരെ ഉണ്ടായി. കോംഗോയിലെ ഒരു റെയില്‍പാത നിര്‍മിക്കാന്‍ ഫ്രഞ്ചുകാര്‍ കൊണ്ടുപോയത് ഒരു ലക്ഷത്തി ഇരുപതിനായിരം ആഫ്രിക്കക്കാരെ. ജോലി തീര്‍ന്നപ്പോഴേക്ക് 10000 ലേറെ പേര്‍ മരിച്ചുവീണു. തൊഴില്‍ പീഡനത്തിന്‍റെ തീവ്രത അറിയാന്‍ പറഞ്ഞ ഒരു കഥ മാത്രമാണിത്. ഇങ്ങനെ വേറെയും സംഭവങ്ങള്‍. താങ്ങാനാവാത്ത കടുത്ത നികുതി ഭാരവും ഫ്രഞ്ച് ഭരണകൂടം ഛാഡ് ജനതക്കുമേല്‍ അടിച്ചേല്‍പ്പിച്ചു. പതിയെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവും ശക്തിപ്പെട്ടു. ഒടുവില്‍ 1960 ആഗസ്ത് 11 ന് ഫ്രാന്‍സില്‍ നിന്ന് സ്വതന്ത്ര്യം.

പി.ടി.ടി നേതാവ് ഫ്രാന്‍സിസ് തൊംബാല്‍ബെ രാജ്യത്തിന്‍റെ ആദ്യ പ്രസിഡന്‍റ്. ക്ഷേമ രാഷ്ട്ര്ം സ്വപ്നം കണ്ട ഛാഡ് ജനതക്ക് പക്ഷെ തെറ്റി. ആഭ്യന്തര സംഘര്‍ഷങ്ങളുടെ ദിനങ്ങളാണ് രാജ്യത്തെ കാത്തിരുന്നത്. 1963 ല്‍ രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിച്ചു... സിവില്‍ സര്‍വീസിലേക്ക് പ്രത്യേക വിഭാഗത്തിലുള്ളവരെ മാത്രം നിയമിച്ചു, നികുതികള്‍ കുത്തനെ കൂട്ടി. പാര്‍ലമെന്‍റിനെ നോക്കുകുത്തിയാക്കി തൊംബാല്‍ബെ ഏകാധിപതിയെ പോലെ രാജ്യം ഭരിച്ചു.

പിന്നാലെ സര്‍ക്കാര്‍ അനുകൂലികളും എതിര്‍കക്ഷികളും തമ്മലുള്ള പോരാട്ടം.1975 ല്‍ ജനറല്‍ ഫിലിക്സ് മലൂം പ്രസിഡന്‍റ് തൊംബാല്‍ബെയെ വധിച്ചു.അട്ടിമറിയിലൂടെ ജനറല്‍ ഫെലിക്സ് മലൂം അധികാരത്തിലേക്ക്. 1979,82,1990 വര്‍ഷങ്ങളിലും സൈനിക അട്ടിമറി ആവര്‍ത്തിച്ചു, അധികാരമാറ്റവും. 1966 ല്‍ തുടങ്ങിയ അസ്വാരസ്യങ്ങള്‍ താല്‍ക്കാലികമായെങ്കിലും അവസാനിച്ചത് 1990 ല്‍... രാജ്യത്ത് ഒരു പൊതുതെരഞ്ഞെടുപ്പ് നടന്നത്1996 ല്‍... ദിബൈ ഇറ്റ്നോ ഛാഡ് പ്രസിഡന്‍റായി അധികാരത്തില്‍. രാഷ്ട്രീയ കഥ നിര്‍ത്താം ഇനി അവിടുത്തെ ജനങ്ങളുടെ സ്ഥിതി പറയാം. ഒരു കോടി 55 ലക്ഷമാണ് ഛാഡിലെ ജനസംഖ്യ. ഇതില്‍ 66 ശതമാനം പേരും ദരിദ്രരാണ്. ഹ്യൂമന്‍ ഡെവലപ്മെന്‍റ് ഇന്‍ഡക്സില്‍ 187 ആം സ്ഥാനം. സാക്ഷരത - 36 ശതമാനം രാജ്യത്തെ 66 ശതമാനം പേരും ദരിദ്രര്‍,അഞ്ച് വയസിന് താഴെയുള്ള 44 കുട്ടികളും പോഷകാഹാരം ലഭിക്കാത്തവര്‍. ഗര്‍ഭിണികളുടെ മരണത്തില്‍ ലോകത്ത് മൂന്നാമത്. ലോക ശരാശരിയേക്കാള്‍ താഴ്ന്ന ജനനനിരക്ക്. കൂടിയ മരണ നിരക്ക്.ശരാശരി പ്രായം 50 വയസ് മാത്രം.

ഈ കണക്ക് കൂടി കാണുക. രാജ്യത്തെ ജനസംഖ്യയുടെ 42 ശതമാനവും കുട്ടികളാണ്. 30 നും 44 നുമിടയിലുള്ളത് 15 ശതമാനം പേര്‍ മാത്രം. ഇനി നോക്കൂ 75 വയസിന് മുകളില്‍ ജീവിക്കുന്നത് ഒരു ശതമാനം പേര്‍ മാത്രമാണ്. അതായത് നൂറു പേരില്‍ ഒരാള്‍ക്ക് മാത്രമാണ് ഇവിടെ 75 വയസിന് മുകളില്‍ ജീവിക്കാനുള്ള ഭാഗ്യമുള്ളൂ എന്ന് ചുരുക്കം. കഴിഞ്ഞ 30 വര്‍ഷമായി എംപിഎസ് നേതാവ് ഇദ്രിസ് ദിബൈ ആണ് ഛാഡ് പ്രസിഡന്‍റ്. 2003ല്‍ ക്രൂഡ് ഓയിലിന്‍റെ സാന്നിധ്യം കണ്ടെത്തിയത് സമ്പദ് ഘടനക്ക് ആശ്വാസമാണ്. അപ്പോഴും ബോക്കോഹറാം അടക്കമുള്ളവരുടെ തീവ്രവാദ ആക്രമണം ഇന്നും രാജ്യത്ത് തുടരുകയാണ്.