LiveTV

Live

International

'റഷ്യയുടെ കോവിഡ് വാക്സിന്‍ ആദ്യം എന്നില്‍ പരീക്ഷിക്കൂ': ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്

മരുന്ന് പരീക്ഷണത്തിലും ഉത്പാദനത്തിലും റഷ്യയെ സഹായിക്കാന്‍ തയ്യാറാണെന്നും ഫിലിപ്പൈന്‍സ്

'റഷ്യയുടെ കോവിഡ് വാക്സിന്‍ ആദ്യം എന്നില്‍ പരീക്ഷിക്കൂ': ഫിലിപ്പൈന്‍സ് പ്രസിഡന്‍റ്

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ ആദ്യം തന്‍റെ ശരീരത്തില്‍ പ്രയോഗിക്കണമെന്ന ആവശ്യവുമായി ഫിലിപ്പെന്‍സ് പ്രസിഡന്‍റ് റോഡ്രിഗോ ഡ്യുറ്റര്‍റ്റെ. വിശ്വാസവും നന്ദിയും പ്രകടിപ്പിക്കാനായാണ് വാക്സിന്‍ ആദ്യം സ്വന്തം ശരീരത്തില്‍ കുത്തിവെക്കുന്നതെന്നും റോഡ്രിഗോ അറിയിച്ചു. മരുന്ന് പരീക്ഷണത്തിലും നിര്‍മാണത്തിലും റഷ്യയെ സഹായിക്കാന്‍ തയ്യാറാണെന്നും ഫിലിപ്പൈന്‍സ് അറിയിച്ചു.

റഷ്യ നാളെ കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഫിലിപ്പൈന്‍സ് പ്രസിഡന്‍റിന്‍റെ പ്രതികരണം. പൊതുജനമധ്യത്തില്‍ വെച്ച് വാക്സിനെടുക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. കോവിഡ് വാക്സിന്‍ വിജയകരമായി വികസിപ്പിച്ചാല്‍ ഫിലിപ്പൈന്‍സിന് മുന്‍ഗണന നല്‍കണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങിനോടും കഴിഞ്ഞ മാസം റോഡ്രിഗോ ഡ്യുറ്റര്‍റ്റെ അഭ്യര്‍ഥിച്ചിരുന്നു.

റഷ്യയുടെ ഗമലേയ ഇന്‍സ്റ്റിറ്റ്യൂട്ടും പ്രതിരോധ മന്ത്രാലയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്‍ കൃത്യമായ പരീക്ഷണങ്ങളും സുരക്ഷയും ഉറപ്പ് വരുത്തും മുന്‍പാണ് ഇറക്കുന്നതെന്ന ആക്ഷേപമുണ്ട്. ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം അതിസങ്കീർണമായ ഫേസ് 3 പരീക്ഷണ ഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളിൽ റഷ്യൻ വാക്‌സിൻ ഇടംനേടിയിട്ടില്ല. അതുകൊണ്ട് തന്നെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ആന്റിബോഡികളുള്ളവരിൽ ഇത് ദോഷം ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ട്.

എന്നാല്‍ ആരോപണങ്ങളെല്ലാം റഷ്യ തള്ളുകയാണ്. ഈ വാക്സിൻ മനുഷ്യ ശരീരത്തിൽ ദോഷം ചെയ്യില്ലെന്ന് ഗമലേയ റിസർച്ച് സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിന്റ്സ്ബർഗ് പറഞ്ഞു. ആദ്യം വാക്സിന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കും. ഒക്ടോബറോടെ ജനങ്ങളിലേക്ക് വാക്സിന്‍ എത്തുമെന്നും റഷ്യ അവകാശപ്പെടുന്നു.