LiveTV

Live

International

മഹിന്ദ രജപക്സെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഈ വിജയത്തോടെ രാജപക്സെ സഹോദരന്മാർക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങൾ അനുകൂലമാക്കി മാറ്റാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി.

മഹിന്ദ രജപക്സെ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മഹിന്ദ രജപക്സെ ശ്രീലങ്കൻ പ്രധാനമന്ത്രിയായി രാവിലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തലസ്ഥാനമായ കൊളംബോയിലെ കെലാനിയയിലെ ബുദ്ധക്ഷേത്രമായ രാജ്മഹാ വിഹാരയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ശ്രീലങ്കയുടെ പ്രസിഡന്‍റും രജപക്സെയുടെ ഇളയ സഹോദരനുമായ ഗോടബയ രാജപക്സെയുടെ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.

ആഗസ്റ്റ് അഞ്ചിനായിരുന്നു തെരഞ്ഞെടുപ്പ്. 225ൽ 145 സീറ്റ് നേടിയാണ് ശ്രീലങ്ക പീപ്പിൾസ് ഫ്രണ്ട് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നൽകിയ യുണൈറ്റഡ് നാഷനൽ പാർട്ടി (യു.എൻ.പി)യായിരുന്നു മുഖ്യ എതിരാളി. റനിൽ വിക്രമസിംഗെയുടെ പരാജയവും യുഎൻപിക്ക് വലിയ തിരിച്ചടിയായി

ലങ്കൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ രജപക്സെ കുടുംബം നേതൃത്വം നൽകുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി (എസ്.എൽ.പി.പി) മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. രാജപക്സെ കുടുംബത്തിലെ അഞ്ച് അംഗങ്ങളാണ് ഇതോടെ ഭരണമുന്നണിയിലേക്ക് വരുന്നത്. രാജപക്സെ, മകൻ നമൽ, മൂത്ത സഹോദരൻ ചമൽ, മകൻ ശശിന്ദ്ര, ഒരു മരുമകൻ നിപുന റാനവക. ഈ വിജയത്തോടെ രാജപക്സെ സഹോദരന്മാർക്ക് രാജ്യത്തെ ഭരണഘടനാ മാറ്റങ്ങൾ അനുകൂലമാക്കി മാറ്റാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനുള്ള സീറ്റുകളായി.

മുൻ പ്രസിഡന്‍റ് കൂടിയായ രജപക്സെ ഇത് നാലാം തവണയാണ് പ്രധാനമന്ത്രിക്കസേരയിലെത്തുന്നത്. 2005 മുതൽ 2015 വരെ ശ്രീലങ്കയുടെ പ്രസിഡന്‍റായിരുന്നു മഹിന്ദ രജപക്സെ. 2004-2005 കാലഘട്ടത്തിലും 2018ലും 19ലും ചെറിയ കാലയളവുകളിലും പ്രധാനമന്ത്രി സ്ഥാനത്തിരുന്നിട്ടുണ്ട്.