LiveTV

Live

International

'നിങ്ങളുടെ സമയം കഴിഞ്ഞു'; നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് കൂറ്റൻ റാലി

കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ

'നിങ്ങളുടെ സമയം കഴിഞ്ഞു'; നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് കൂറ്റൻ റാലി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്ക് മുൻപിൽ പ്രതിഷേധം. കോവിഡ് വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിൽ നെതന്യാഹു പരാജയപ്പെട്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. നിങ്ങളുടെ സമയം കഴിഞ്ഞു എന്ന വലിയ ബാനറും ഇസ്രായേൽ പതാകയുമേന്തിയാണ് പ്രതിഷേധക്കാർ തടിച്ചുകൂടിയത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി നെതന്യാഹുവിനെതിരെ ഇസ്രായേലിൽ പ്രതിഷേധം പുകയുന്നുണ്ട്. ഇടത് കലാപകാരികളാണ് പ്രതിഷേധത്തിന് പിന്നിലെന്ന് നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടി പറയുന്നു. ചാനൽ 12 പോലുള്ള മാധ്യമങ്ങൾ പ്രതിഷേധത്തിന് പിന്തുണ നൽകുകയാണെന്നും ലിക്കുഡ് പാർട്ടി ആരോപിച്ചു. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും ജനങ്ങളിലേക്ക് സഹായധനം എത്തിക്കാനും സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പാർട്ടി അവകാശപ്പെട്ടു.

നെതന്യാഹുവിന്റെ വസതിക്ക് മുൻപിൽ മാത്രമല്ല, പ്രധാന ജങ്ഷനുകളിലും ജനങ്ങൾ പ്രതിഷേധിച്ചു. കോവിഡ് പ്രതിസന്ധി കാരണം പലർക്കും ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി. സർക്കാർ ഒരു വിധത്തിലും സഹായിക്കുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇസ്രായേൽ നീക്കിയിരുന്നു. പക്ഷേ തൊഴിലില്ലായ്മ 21.5 ശതമാനമായി ഉയർന്നു. സാമ്പത്തിക വളർച്ച ഈ വർഷം 6 ശതമാനമായി ചുരുങ്ങുമെന്ന ഭീതിയിലാണ് ഇസ്രായേൽ.