LiveTV

Live

International

യുഎസിൽ മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ചു

29കാരനായ മഞ്ജിത് സിങ് ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ കിങ്സ് നദിയിലാണ് സംഭവം.

യുഎസിൽ മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ചു

അമേരിക്കയിൽ നദിയിൽ നിന്നും മൂന്ന് കുട്ടികളെ രക്ഷിക്കുന്നതിനിടെ ഇന്ത്യക്കാരൻ മുങ്ങിമരിച്ചു. 29കാരനായ മഞ്ജിത് സിങ് ആണ് മരിച്ചത്. കാലിഫോര്‍ണിയയില്‍ കിങ്സ് നദിയിലാണ് സംഭവം.

ഫ്രെസ്നോ കൗണ്ടിയിലെ വീടിന് സമീപം റീഡ്‍ലി ബീച്ചിൽ നടക്കാനിറങ്ങിയപ്പോഴാണ് മൂന്ന് കുട്ടികൾ ഒഴുക്കിൽപ്പെട്ടുപോവുന്നത് മഞ്ജിതും സുഹൃത്തുക്കളും കണ്ടത്. എട്ട് വയസ്സുള്ള രണ്ട് പെൺകുട്ടികളെയും 10 വയസുകാരനായ ആൺകുട്ടിയെയും രക്ഷിക്കാൻ മഞ്ജിത് ശ്രമിച്ചു. തലപ്പാവ് അഴിച്ച് കയർ പോലെ പിരിച്ച് കുട്ടികൾക്ക് നേരെ നീട്ടാനാണ് ശ്രമിച്ചത്. പെട്ടെന്ന് മഞ്ജിതും ഒഴുക്കിൽ പ്പെട്ടുപോവുകയായിരുന്നുവെന്ന് റീഡ്‍ലിയിലെ പൊലീസ് ഓഫീസർ മാർക്ക് എഡി​ഗർ പറഞ്ഞു.

മഞ്ജിതിന്റെ സുഹൃത്തുക്കൾക്ക് കുട്ടികളെ രക്ഷിക്കാനായി. രണ്ട് പേർ സുരക്ഷിതരാണ്. ഒരാളുടെ നില ​ഗുരുതരമാണ്. വെള്ളത്തിനടിയില്‍ 15 മിനിറ്റോളം കിടന്ന ഒരു പെണ്‍കുട്ടിയുടെ നിലയാണ് ഗുരുതരാവസ്ഥയിലുള്ളത്. മഞ്ജിതിനെ 40 മിനിറ്റ് നേരത്തെ തിരച്ചിലിനൊടുവിലാണ് കരയ്ക്കെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഗുർദാസ്പൂർ സ്വദേശിയാണ് മഞ്ജിത്. കർഷക കുടുംബത്തിൽപ്പെട്ട മഞ്ജിത് ജോലി തേടിയാണ് രണ്ട് വർഷം മുൻപ് അമേരിക്കയിൽ എത്തിയത്. അവിടെ ട്രക്ക് ഡ്രൈവർ പരിശീലനം നേടുന്നതിനിടെയാണ് ദുരന്തമുണ്ടായത്.