LiveTV

Live

International

മുൻ സഹപ്രവർത്തകയുമായി ബന്ധം; ജസീന്ത ആർഡേൻ മന്ത്രിയെ പുറത്താക്കി

സെപ്തംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ മുതലെടുപ്പിന് അവസരം നൽകാതെ വേഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

മുൻ സഹപ്രവർത്തകയുമായി ബന്ധം; ജസീന്ത ആർഡേൻ മന്ത്രിയെ പുറത്താക്കി

കോവിഡ് പ്രതിരോധം, ന്യൂനപക്ഷങ്ങളോടുള്ള നിലപാട് തുടങ്ങിയ കാര്യങ്ങളിൽ ലോകശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ് ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ. ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുകയാണ് ജസീന്ത. സർക്കാർ ഉദ്യോഗസ്ഥയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർന്നതോടെ മുതിർന്ന മന്ത്രിയെ തന്നെ പുറത്താക്കിയിരിക്കുകയാണ് ജസീന്ത.

ഇമിഗ്രേഷൻ മന്ത്രി ഇയാൻ ലീസ് ഗാലോവെയെയാണ് ജസീന്ത മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. തന്റെ കീഴിലുണ്ടായിരുന്ന മുൻ ഉദ്യോഗസ്ഥയുമായി ചട്ടങ്ങൾക്ക് വിരുദ്ധമായി മന്ത്രി ബന്ധം പുലർത്തിയെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചു. സെപ്തംബറിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷ മുതലെടുപ്പിന് അവസരം നൽകാതെ വേഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം.

സദാചാര പ്രശ്നത്തിന്റെ അടിസ്ഥാനത്തിലല്ല നടപടിയെന്നും ഔദ്യോഗിക മേഖലയിൽ പാലിക്കേണ്ട ജാഗ്രതയിൽ വീഴ്ച വന്നതുകൊണ്ടാണ് പുറത്താക്കിയതെന്നും ജസീന്ത വ്യക്തമാക്കി. ജോലി സ്ഥലത്ത് പാലിക്കേണ്ട നിലവാരവും സംസ്കാരവും സംബന്ധിച്ച പ്രതീക്ഷ മന്ത്രി തെറ്റിച്ചെന്നും ജസീന്ത പറഞ്ഞു. തെറ്റ് പറ്റിയെന്ന് ഗാലോവേ ഏറ്റുപറഞ്ഞു.

നേരത്തെ കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചിരുന്നു. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് വിവാദമായതോടെയായിരുന്നു രാജി. രാജി സ്വീകരിച്ച് ജസീന്ത പറഞ്ഞത് ന്യൂസിലന്റ് ജനതയുടെ വിശ്വാസം നേടിയവരായിരിക്കണം ആരോഗ്യ രംഗത്ത് നേതൃസ്ഥാനങ്ങളില്‍ ഇരിക്കേണ്ടതെന്നാണ്.