LiveTV

Live

International

'ഞാന്‍ മാസ്ക് ധരിക്കുന്നുണ്ട്, എന്നേക്കാള്‍ വലിയ രാജ്യസ്നേഹിയില്ല': മാസ്കില്‍ മലക്കം മറിഞ്ഞ് ട്രംപ്

ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നുമാണ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്.

'ഞാന്‍ മാസ്ക് ധരിക്കുന്നുണ്ട്, എന്നേക്കാള്‍ വലിയ രാജ്യസ്നേഹിയില്ല': മാസ്കില്‍ മലക്കം മറിഞ്ഞ് ട്രംപ്

മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന ഉത്തരവിറക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നിലപാട് മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. താന്‍ മാസ്ക് ധരിക്കുന്നുണ്ടെന്നും തന്നേക്കാള്‍ വലിയ രാജ്യസ്നേഹി ഇല്ലെന്നുമാണ് ട്രംപിന്‍റെ പ്രതികരണം. മാസ്ക് ധരിച്ച് ചിത്രം പങ്കുവെച്ച് ട്രംപിന്‍റെ ട്വീറ്റ് ഇങ്ങനെയാണ്..

"നമ്മള്‍ അതിസൂക്ഷ്മമായ ചൈന വൈറസിനെ തുരത്താനായി ഒരുമിച്ചിരിക്കുകയാണ്. സാമൂഹ്യ അകലം പാലിക്കാന്‍ കഴിയാത്തപ്പോള്‍ മാസ്ക് ധരിക്കുന്നത് രാജ്യസ്നേഹമാണെന്ന് പലരും പറയുന്നു. നിങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്‍റിനേക്കാള്‍ വലിയ രാജ്യസ്നേഹിയില്ല!"

ജനങ്ങൾക്ക് അവരുടേതായ സ്വാതന്ത്ര്യം ഉണ്ടെന്നും മാസ്ക് ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവരാണെന്നുമാണ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രതികരിച്ചത്. വിദഗ്ധരെല്ലാം മാസ്ക് ധരിക്കേണ്ടെന്ന് ആദ്യം പറഞ്ഞു. പെട്ടെന്ന് എല്ലാവരും ധരിക്കണമെന്ന് പറയുന്നു. മാസ്ക് നല്ലതാണ്. അതുപോലെ തന്നെ ചില പ്രശ്നങ്ങളുമുണ്ട്. മാസ്ക് നിര്‍ബന്ധമാക്കി ഉത്തരവിറക്കാനില്ലെന്നും ട്രംപ് പ്രതികരിച്ചു. കോവിഡ് വ്യാപനത്തിന് ശേഷം മിലിട്ടറി ആശുപത്രി സന്ദർശിച്ചപ്പോഴാണ് ട്രംപ് ആദ്യമായി മാസ്ക് ധരിച്ചത്.

എന്നാല്‍ പൊതുസ്ഥലത്ത് എല്ലാവരും നിർബന്ധമായി മാസ്ക് ധരിക്കണമെന്നാണ് അമേരിക്കയിലെ ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ മറ്റുള്ളവരുമായി സമ്പര്‍ക്കമുണ്ടാകും. അതുകൊണ്ടുതന്നെ മാസ്ക് ധരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് ആരോഗ്യ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി ഉള്‍പ്പെടെയുള്ളവര്‍ പറയുകയുണ്ടായി.

അമേരിക്കയിലെ ഭൂരിപക്ഷം സ്റ്റേറ്റ് ഗവര്‍ണര്‍മാരും പൊതുസ്ഥലത്ത് മാസ്ക് ധരിക്കണമെന്ന നിര്‍ദേശം ട്രംപ് നിലപാട് മാറ്റും മുന്‍പ് തന്നെ നല്‍കിയിട്ടുണ്ട്. നിര്‍ദേശം നല്‍കിയവരില്‍ അലബാമയിലെ കെയ് ഇവേ എന്ന റിപബ്ലിക്കന്‍ ഗവര്‍ണറുമുണ്ട്.