LiveTV

Live

International

കോവിഡ് വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകനേതാക്കള്‍

150ലേറെ രാജ്യങ്ങളാണ് ആഗോള വാക്സിന്‍ സംരംഭത്തില്‍ പങ്കാളികളാകാന്‍ ധാരണയിലെത്തിയത്


കോവിഡ് വാക്സിന്‍ വിതരണത്തില്‍ തുല്യത ഉറപ്പാക്കണമെന്ന് ലോകനേതാക്കള്‍

കോവിഡ് വാക്സിന്‍ വികസിപ്പിച്ചാല്‍ ലോകരാജ്യങ്ങള്‍ക്കെല്ലാം തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന ആവശ്യവുമായി ലോകനേതാക്കള്‍. 150ലേറെ രാജ്യങ്ങളാണ് ആഗോള വാക്സിന്‍ സംരംഭത്തില്‍ പങ്കാളികളാകാന്‍ ധാരണയിലെത്തിയത്. വാക്സിന്‍ അലയന്‍സ് ഗവിയാണ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്‍താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. 75 സമ്പന്ന രാജ്യങ്ങളും 90 ദരിദ്ര രാജ്യങ്ങളുമാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സമ്പന്ന രാജ്യങ്ങള്‍ക്ക് അവരുടെ തന്നെ കൊവി‍ഡ്-19 വാക്സിന്‍ ഉപയോഗപ്പെടുത്തുകയും വികസ്വര രാജ്യങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യാമെന്ന് ഗവി പറയുന്നു. എല്ലാ രാജ്യങ്ങള്‍ക്കും ജനസംഖ്യയുടെ 20 ശതമാനത്തിനെങ്കിലും വാക്സിന്‍ ലഭ്യമാക്കണമെന്നാണ് വാക്സിന്‍ നിര്‍മിക്കുന്ന രാജ്യങ്ങളോട് ഗവി ആവശ്യപ്പെട്ടത്. സമ്പന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ സംഭരിക്കാനും അവസരമുണ്ടാകും. എന്നാല്‍ അവര്‍ക്ക് ആവശ്യമില്ലാത്ത വാക്സിന്‍ മറ്റു രാജ്യങ്ങള്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ഥിക്കും.

കൊവിഡ് വാക്സിന്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കാന്‍ അവസരമുണ്ടാകണമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. സ്‍പെയിന്‍, ന്യൂസിലന്‍ഡ്, എത്യോപ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും ഇതേ ആവശ്യമുന്നയിച്ചിട്ടുണ്ട്. വാക്സിനുകള്‍ ജീവന്‍ രക്ഷിക്കും. അതിനാല്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുള്ള മനുഷ്യര്‍ക്ക് അവ ലഭിക്കുമെന്ന് നമുക്ക് ഉറപ്പുവരുത്താനാകണം.- ട്രൂഡോ ട്വീറ്റ് ചെയ്‍തു.

ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ആവശ്യമായ വാക്സിന്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ട്. അതിനാല്‍ എല്ലാ രാജ്യങ്ങള്‍ക്കും വാക്സിന്‍ ലഭിക്കുമെന്നും ഗവി സി.ഇ.ഒ സെത് ബെര്‍കെലി പറഞ്ഞു. ബ്രിട്ടന്‍, യു.എസ്, ചൈന, ജര്‍മനി, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലായി ഡസന്‍ കണക്കിന് വാക്സിനുകളാണ് പരീക്ഷണഘട്ടത്തിലുള്ളത്. പരീക്ഷണ ഘട്ടം വിജയിക്കുന്നതിന് മുമ്പുതന്നെ നിരവധി രാജ്യങ്ങളാണ് ലക്ഷക്കണക്കിന് ഡോസ് വാങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.

എന്നാല്‍ സമ്പന്ന രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്സിന്‍ വാങ്ങാന്‍ അവസരം ലഭിക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. അത്തരത്തിലൊരു തീരുമാനം ഇല്ലെന്ന് ഗവി സിഇഒ ബെർക്ലി സമ്മതിച്ചെങ്കിലും സാധ്യമായ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സഖ്യം സമ്പന്ന രാജ്യങ്ങളുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിനുകൾ വാങ്ങുന്നതിന് 2 ബില്യൺ ഡോളർ സമാഹരിക്കാനാണ് ഗവി ലക്ഷ്യമിടുന്നത്.