LiveTV

Live

International

കൊറോണ വൈറസിനും ജി 4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗ്

രണ്ട് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കൊറോണ വൈറസിനും ജി 4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗ്

കൊറോണ വൈറസിനും ജി4 വൈറസിനും പിന്നാലെ ചൈനയില്‍ ബ്യുബോണിക് പ്ലേഗും പടരുന്നതായി റിപ്പോര്‍ട്ട്. ചൈനയിലെ സ്വയം ഭരണപ്രദേശമായ ഇന്നർ മംഗോളിയയിലെ ബായന്നൂർ സിറ്റിയിലെ ആശുപത്രിയിലാണ് പ്ലേഗ് സംശയിക്കുന്ന രോഗികളുള്ളത്. രണ്ട് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിന്‍റെ റിപ്പോർട്ട് പ്രകാരം ആദ്യ കേസ് കഴിഞ്ഞ ശനിയാഴ്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 27 വയസ്സു പ്രായമുള്ളയാളാണ് ഇയാള്‍. രണ്ടാമത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇയാളുടെ സഹോദരനായ 15 വയസുകാരനിലാണ്. രണ്ട് ആശുപത്രികളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്. സഹോദരന്മാര്‍ മൂഷിക, അണ്ണാന്‍ വര്‍ഗത്തില്‍പെട്ട ജീവിയായ മാര്‍മത്തിന്റെ ഇറച്ചി കഴിച്ചിരുന്നു. ഈ ഇറച്ചി കഴിക്കരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇവരുമായി അടുത്തിടപഴകിയ 140 പേരെ ഐസലേറ്റ് ചെയ്തു.

പ്രദേശത്ത് ലെവൽ മൂന്ന് ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് പ്രകാരം വന്യമൃഗങ്ങളെ വേട്ടയാടുന്നതും അവയെ ഭക്ഷണമായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അത് അധികൃതരെ അറിയിച്ചിരിക്കണമെന്നും നിർദ്ദേശമുണ്ട്. നിയന്ത്രണങ്ങൾ ഈ വർഷം അവസാനം വരെ ഉണ്ടാകുമെന്നാണ് വിവരം. നഗരത്തില്‍ ആളുകള്‍ക്ക് പ്ലേഗ് പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്‍കരുതലുകളെടുക്കണമെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കില്‍ അധികൃതരെ വിവരമറിയിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാട്ടിലെ എലികളിലും മാര്‍മത്തിലും കാണുന്ന ചെള്ളുകള്‍ പടര്‍ത്തുന്ന ബാക്ടീരിയ രോഗമാണ് ബ്യുബോണിക് പ്ലേഗ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ 24 മണിക്കൂര്‍ കൊണ്ടുതന്നെ രോഗം ബാധിച്ചയാള്‍ക്ക് മരണം സംഭവിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ 'കറുത്ത മരണം' എന്നറിയപ്പെട്ട ഈ പ്ലേഗ് ബാധയെ തുടർന്ന് 5 കോടിയിലധികം പേര്‍ക്കാണ് ലോകത്ത് ജീവന്‍ നഷ്ടമായത്. 19-ാം നൂറ്റാണ്ടിലും ചൈനയിലും ഇന്ത്യയിലുമായി മാത്രം1.2 കോടി ആളുകൾ പ്ലേഗ് ബാധിച്ച് മരിച്ചിട്ടുണ്ട്.