LiveTV

Live

International

കോവിഡ് കാലത്തെ മണ്ടത്തരങ്ങള്‍: ന്യൂസിലന്‍റ് ആരോഗ്യമന്ത്രി രാജിവെച്ചു

ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലന്‍റിൽ വലിയ വിവാദമായിരുന്നു.

കോവിഡ് കാലത്തെ മണ്ടത്തരങ്ങള്‍: ന്യൂസിലന്‍റ് ആരോഗ്യമന്ത്രി രാജിവെച്ചു

കോവിഡ് വ്യാപനത്തിനിടെ ലോക്ക്ഡൌണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച ന്യൂസിലന്‍റ് ആരോഗ്യമന്ത്രി ഡേവിഡ് ക്ലർക്ക് രാജിവെച്ചു. ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ആരോഗ്യമന്ത്രി കുടുംബത്തിനൊപ്പം ബീച്ചിൽ ഉല്ലാസയാത്ര നടത്തിയത് ന്യൂസിലന്‍റിൽ വലിയ വിവാദമായിരുന്നു.

ആരോഗ്യമന്ത്രി എന്ന നിലയിലെ തീരുമാനങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജിയെന്ന് മന്ത്രി വ്യക്തമാക്കി. രാജ്യത്ത് സാമൂഹിക വ്യാപനം ഇല്ലാത്ത ഈ സമയമാണ് മന്ത്രിസ്ഥാനം വിടാന്‍ പറ്റിയ സമയമെന്ന് താന്‍ കരുതുന്നുവെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ രാജി സ്വീകരിച്ചെന്ന് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ന്യൂസിലന്‍റ് ജനതയുടെ വിശ്വാസം നേടിയവരായിരിക്കണം ആരോഗ്യ രംഗത്ത് നേതൃസ്ഥാനങ്ങളില്‍ ഇരിക്കേണ്ടതെന്ന് ജസീന്ത ആര്‍ഡന്‍ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ക്രിസ് ഹിപ്കിന്‍സിനാണ് ആരോഗ്യ വകുപ്പിന്‍റെ താത്കാലിക ചുമതല.

കോവിഡ് കാലത്തെ മണ്ടത്തരങ്ങള്‍: ന്യൂസിലന്‍റ് ആരോഗ്യമന്ത്രി രാജിവെച്ചു

ന്യൂസിലന്‍റില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ച ഏപ്രിലില്‍ വാരാന്ത്യത്തിലാണ് മന്ത്രി കുടുംബത്തോടൊപ്പം 20 കിലോമീറ്റര്‍ അകലെയുള്ള ബീച്ചില്‍ പോയത്. ലോക്ക്ഡൌണിനിടെ മന്ത്രി ബൈക്കില്‍ മലമുകളില്‍ പോയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മന്ത്രിയുടെ ഇത്തരം പ്രവൃത്തികള്‍ കോവിഡ് കാലത്തെ മണ്ടത്തരമെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

കോവിഡ് പ്രതിരോധത്തിന് ഏറെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയ ന്യൂസിലന്‍റിനെ കഴിഞ്ഞ മാസമാണ് കോവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ചത്. 1528 കോവിഡ് കേസുകളും 22 മരണവും മാത്രമാണ് ന്യൂസിലന്‍റില്‍ റിപ്പോര്‍ട്ട് ചെയ്തത്.