LiveTV

Live

International

15 സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി; അമേരിക്കക്ക് അനുമതിയില്ല

കോവിഡ് ഭീതിയില്‍ മാര്‍ച്ച് പകുതി മുതല്‍ അടച്ച അതിര്‍ത്തികള്‍ ജൂലായ് ഒന്ന് മുതല്‍ തുറക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്.

15 സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി; അമേരിക്കക്ക് അനുമതിയില്ല

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1,5,00,000 ലക്ഷം പിന്നിട്ടു. മരിച്ചവരുടെ എണ്ണം 5,12,000 കവിഞ്ഞു. 15 സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ അനുമതി നല്‍കി. രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക ഇടംപിടിച്ചിട്ടില്ല.

ബ്രസീലില്‍ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരിച്ചത് 1,200ലേറെ പേരാണ്. അമേരിക്കയില്‍ 700ലേറെ പേരും മരിച്ചു, ഇതോടെ അമേരിക്കയില്‍ ആകെ കോവിഡ് മരണം 1,30,000 കവിഞ്ഞു. മെക്സിക്കോയില്‍ 24 മണിക്കൂറിനിടെ 400ലേറെ പേരും മരിച്ചു.

അതിനിടെ ചൈനയെ കുറ്റപ്പെടുത്തി യു എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും രംഗത്തെത്തി. മഹാമാരിയിലൂടെ ചൈന അമേരിക്കക്ക് കൂടുതല്‍ നാശം വരുത്തിയെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. സിറിയക്ക് 100 കോടിയുടെ സഹായ ആഹ്വാനവുമായി യു എന്‍ രംഗത്തെത്തി.

കോവിഡ് ഭീതിയില്‍ മാര്‍ച്ച് പകുതി മുതല്‍ അടച്ച അതിര്‍ത്തികള്‍ ജൂലായ് ഒന്ന് മുതല്‍ തുറക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ കോവിഡ് വ്യാപനം കുറഞ്ഞ 15 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതി നല്‍കിയിട്ടുള്ളു. കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാലാണ് അമേരിക്കയെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

കാനഡ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഉറുഗ്വായ്, അള്‍ജീരിയ, ജോര്‍ജിയ, മൊറോക്കോ, സെര്‍ബിയ, സൗത്ത് കൊറിയ, തായ്‌ലാന്‍ഡ്, ടുണീഷ്യ, മൊണ്ടിനെഗ്രോ, റുവാണ്ട, ചൈന എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ പ്രവേശനം നല്‍കുക. അതേസമയം യൂറോപ്യന്‍ യാത്രക്കാര്‍ക്ക് സമാനമായ രീതിയില്‍ ചൈനയിലേക്ക്‌ പ്രവേശനം അനുവദിക്കണമെന്ന വ്യവസ്ഥയിലാണ് ചൈനയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പുതിയ കോവിഡ് കേസുകള്‍ ശമനമില്ലാതെ തുടരുന്ന ബ്രസീല്‍, റഷ്യ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കും അനുമതിയില്ല. കൃത്യമായ സാമൂഹിക അകലം പാലിച്ച രാജ്യങ്ങള്‍, പുതിയ കേസുകള്‍ കുറയുന്ന രാജ്യങ്ങള്‍ തുടങ്ങിയ ശാസ്ത്രീയ ഘടകങ്ങള്‍ വിലയിരുത്തിയാണ് 15 രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും ഈ പട്ടിക പരിഷ്‌കരിക്കുന്നമെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിട്ടുണ്ട്.