LiveTV

Live

International

ആഫ്രിക്കയില്‍ കോവിഡ് അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന

'ആഫ്രിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം പേരിലേക്കെത്താന്‍ 98 ദിവസങ്ങളെടുത്തു. പിന്നീട് രണ്ട് ലക്ഷത്തിലെത്തിയത് വെറും 18 ദിവസങ്ങള്‍ കൊണ്ടാണ്'

ആഫ്രിക്കയില്‍ കോവിഡ് അതിവേഗം പടരുന്നുവെന്ന് ലോകാരോഗ്യ സംഘടന

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കോവിഡ് 19 പടരുന്നതിന്റെ വേഗത വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ ആഴ്ച്ചയില്‍ ആദ്യം ആഫ്രിക്കയില്‍ രണ്ട് ലക്ഷം കോവിഡ് രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഡബ്ല്യു.എച്ച്.ഒ തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ജനീവയില്‍ വെച്ചു ലോകാരോഗ്യസംഘടനയുടെ ആഫ്രിക്കന്‍ മേഖലാ ഡയറക്ടര്‍ ഡോ. മറ്റ്ഷിഡിസോ മൊയേട്ടിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

'ആഫ്രിക്കയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം ഒരു ലക്ഷം പേരിലേക്കെത്താന്‍ 98 ദിവസങ്ങളെടുത്തു. പിന്നീട് രണ്ട് ലക്ഷത്തിലെത്തിയത് വെറും 18 ദിവസങ്ങള്‍ കൊണ്ടാണ്' എന്നായിരുന്നു ഡോ. മറ്റ്ഷിഡിസോ മൊയേട്ടി ഓര്‍മ്മിപ്പിച്ചത്. ഇതുവരെ 5635 കോവിഡ് മരണങ്ങളാണ് ആഫ്രിക്കയില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

ലോകത്തെ ആകെ മരണങ്ങളുടെ മൂന്ന് ശതമാനം കോവിഡ് മരണങ്ങള്‍ മാത്രമേ ആഫ്രിക്കയില്‍ സംഭവിച്ചിട്ടുള്ളൂ. എന്നാല്‍, കോവിഡ് മേഖലയില്‍ അതിവേഗത്തില്‍ പടരുന്നുവെന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടുവെക്കുന്ന ആശങ്കയുടെ അടിസ്ഥാനം.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും മോശമായി കോവിഡ് ബാധിച്ചിരിക്കുന്ന രാജ്യം ദക്ഷിണാഫ്രിക്കയാണ്. ആഫ്രിക്കയിലെ ആകെയുള്ള കോവിഡ് രോഗികളില്‍ നാലിലൊന്നും ഇവിടെയാണ്. ആഫ്രിക്കയില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ള 70ശതമാനം കോവിഡും ദക്ഷിണാഫ്രിക്ക, അള്‍ജീരിയ, നൈജീരിയ, ഈജിപ്ത്, സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളിലാണ്.

ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമാണ് ഇപ്പോള്‍ പ്രധാനമായും കോവിഡ് വ്യാപിച്ചിരിക്കുന്നത്. യൂറോപ്പില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും വിമാനത്താവളങ്ങളിലൂടെ എത്തിയ യാത്രികരിലൂടെയാണ് പ്രധാനമായും കോവിഡ് പകര്‍ന്നത്. ആഫ്രിക്കയിലെ ജനസംഖ്യയിലെ ചെറുപ്പക്കാരുടെ ആധിക്യവും പകര്‍ച്ചവ്യാധികളെ നേരിട്ടുള്ള പരിചയവും ആഫ്രിക്കക്ക് തുണയായേക്കുമെന്ന സൂചനകളും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. തുടക്കം മുതലേ കോവിഡിനെതിരെ സ്വീകരിച്ച മുന്‍കരുതലുകളും ആഫ്രിക്കന്‍ രാജ്യങ്ങളെ തുടക്കത്തിലെങ്കിലും രോഗവ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്.