തകര്‍ന്ന വിമാനത്തില്‍ നിന്നും ജീവനോടെ പുറത്തേക്ക് വരുന്ന വീഡിയോ
ബാങ്ക് ഓഫ് പഞ്ചാബ് തലവന്‍ അടക്കം രണ്ട് പേരാണ് പാക് വിമാനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്...

കറാച്ചിയില്‍ ജനവാസമേഖലക്ക് മുകളില്‍ തകര്‍ന്നുവീണ പാക് വിമാനത്തില്‍ 91 യാത്രക്കാരും എട്ട് ജീവനക്കാരും അടക്കം 99 പേരാണുണ്ടായിരുന്നത്. ഇതില്‍ രണ്ടുപേരൊഴികെ എല്ലാവരും തല്‍ക്ഷണം മരിച്ചു. രക്ഷപ്പെട്ട പാകിസ്താന് ബാങ്കര്‍ സഫര്‍ മഹ്മൂദിനെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു.
ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് പി.ഐ.എ വിമാനം തകര്‍ന്നുവീണത്. സമീപത്തെ മൊബൈല്‍ ടവറില്‍ തട്ടിയശേഷം വിമാനം വാലുകുത്തി ജനവാസമേഖലയില്‍ വീഴുകയായിരുന്നു. വിമാനം തകര്‍ന്നുവീണ് വീടുകള്‍ അടക്കമുള്ള കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ 11 നാട്ടുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെല്ലാം അപകട നില തരണം ചെയ്തുവെന്നുമാണ് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
ആദ്യഘട്ടത്തില്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചുവെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പിന്നീടായിരുന്നു ബാങ്ക് ഓഫ് പഞ്ചാബ് സി.ഇ.ഒ സഫര്‍ മസൂദിന്റെ അത്ഭുതകരമായ രക്ഷപ്പെടല്‍ വാര്‍ത്ത സ്ഥിരീകരിച്ചത്. നിസാര പരിക്കുകളോടെയാണ് ഇദ്ദേഹം രക്ഷപ്പെട്ടത്. തോളെല്ലിനും ഇടുപ്പെല്ലിനും അടക്കം നാല് പൊട്ടലുകളാണ് സഫര്‍ മസൂദിനുള്ളത്.

ആറോളം രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് സഫര്‍ മസൂദിനെ തകര്‍ന്ന വിമാനത്തിന്റേയും കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങളില്‍ നിന്ന് പുറത്തെടുക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ സഫര്‍ മാതാവിനെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും ചെയ്തു. ജീവന് അത്ഭുതകരമായി തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ അദ്ദേഹം ചിരിച്ചുകൊണ്ട് സ്ട്രെക്ചറില്‍ കിടക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
സഫര്‍ മസൂദിനൊപ്പം സുബൈര്‍ എന്ന വിമാന യാത്രക്കാരനും രക്ഷപ്പെട്ടിട്ടുണ്ട്. സുബൈറിന് അപകടത്തില്‍ 35 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. അദ്ദേഹത്തെ കറാച്ചിയിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇരുവരും അപകട നില തരണം ചെയ്തുകഴിഞ്ഞതായി ഡോണ്‍ പത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. നേരത്തെ പാക് വിമാന അപകടത്തില്‍ നിന്നും മൂന്നുപേര്‍ രക്ഷപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് മൂന്നാമത്തെയാള്‍ വിമാനം തകര്‍ന്നുവീണ പ്രദേശത്തുള്ളയാളാണെന്ന് തെളിഞ്ഞു.