അമ്മയെ ഒന്ന് കാണാനും കെട്ടിപ്പിടിക്കാനും ഹിപ്പോപ്പൊട്ടാമസ്സായി വന്ന മകള്‍: വീഡിയോ വൈറല്‍
കോവിഡ് 19 എന്ന രോഗത്തെ അകറ്റാനായി സാമൂഹിക അകലം പ്രാപിക്കൂ എന്ന് ലോകം മുഴുക്കെ വിളിച്ചു പറയുമ്പോള്‍ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോയിട്ട്, കൈ ചേര്‍ത്തു പിടിക്കാന്‍ പോലുമാകാതെ നിസ്സഹായരായിപ്പോകുകയാണ് നാം

എന്ത് സങ്കടം വന്നാലും സന്തോഷം വന്നാലും അമ്മയെ ഒന്ന് കെട്ടിപ്പിടിച്ചാല്‍ കിട്ടുന്ന ഒരാശ്വാസം വളരെ വലുതാണ് പലര്‍ക്കും. പക്ഷേ കൊറോണ വൈറസിന്റെ ഭീതിയുടെ കാലത്ത്, കോവിഡ് 19 എന്ന രോഗത്തെ അകറ്റാനായി സാമൂഹിക അകലം പ്രാപിക്കൂ എന്ന് ലോകം മുഴുക്കെ വിളിച്ചു പറയുമ്പോള്‍ ഒന്ന് കെട്ടിപ്പിടിക്കാന്‍ പോയിട്ട്, കൈ ചേര്‍ത്തു പിടിക്കാന്‍ പോലുമാകാതെ നിസ്സഹായരായിപ്പോകുകയാണ് നാം. ജോലി ആവശ്യാര്‍ത്ഥം വീട് വിട്ടു പോകുന്നവര്‍, ലോക്ക് ഡൌണില്‍ നാടിന് പുറത്തായി തിരിച്ചെത്തിയവര്‍ എല്ലാം തങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നകന്ന് കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.
രോഗികളുമായി ഇടപഴകേണ്ടി വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ എല്ലാവരും തന്നെ ഈ കാലമത്രയും വീട്ടുകാരുമായി പൂര്‍ണമായും അകന്നുകഴിയുകയാണ്. ചില്ലുജാലകത്തിനപ്പുറത്തു നിന്നു മകളെ കണ്ട ഡോക്ടറുടെയും പ്ലാസ്റ്റിക് കര്‍ട്ടനു പിന്നില്‍ നിന്ന് മുത്തശ്ശിയെ ആലിംഗനം ചെയ്ത കൊച്ചുമകന്റെയുമൊക്കെ വീഡിയോ വൈറലായിരുന്നു. അതുപോലെയുള്ള മറ്റൊരു വീഡിയോയാണ് കഴിഞ്ഞ ദിവസം മുതല്‍ ലോകം ഏറ്റെടുത്തത്.

നഴ്സിങ് സെന്ററിലുള്ള അമ്മയെ കാണാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ചെത്തിയ മകളുടെ വീഡിയോയാണ് വൈറലാവുന്നത്. വിര്ജീനീയയില് നിന്നുള്ളതാണ് വീഡിയോ. വിര്‍ജിനിയ സ്വദേശിനിയായ പെണ്‍കുട്ടിയാണ് അമ്മയെ കാണാനും ഒന്ന് കെട്ടിപ്പിടിക്കാനും വേണ്ടി ഇതുവരെ ആരും സ്വീകരിക്കാത്ത മാര്‍ഗം സ്വീകരിച്ചത്.
വെര്ജീനിയിയിലെ സ്റ്റിഫന്‍സ് സിറ്റിയിലെ നഴ്സിങ് സെന്ററിന് മുമ്പില്‍ വെച്ച് ആരോ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹിപ്പോപ്പൊട്ടാമസിന്റെ വേഷത്തിനുള്ളില്‍ കയറിയാണ് ഈ മകള്‍ അമ്മയെ കാണാനെത്തിയത്.
തന്നെ കാണാനെത്തിയ ഹിപ്പോപ്പൊട്ടാമസിനെ കണ്ട് ആദ്യം ആ അമ്മ അമ്പരന്ന് നില്‍ക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. അതിനുള്ളില്‍ തന്റെ മകളാണെന്ന് ആ അമ്മയ്ക്ക് അറിയില്ലല്ലോ.. അമ്മേയെന്ന് ആ രൂപം വിളിക്കുന്നതും, തുടര്‍ന്ന് ആ അമ്മ ഓടിവന്ന് തന്റെ മകളെ കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഹിപ്പോപൊട്ടാമസിന്റെ ആ വേഷം അണുവിമുക്തമാക്കിയതായിരുന്നുവെന്നും ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വീഡിയോ തന്നെ കരയിപ്പിച്ചെന്നും, ഇതുപോലെ തങ്ങളും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ പോകുമെന്നും ഈ ലോകത്തിലെ ഏറ്റവും ഉദാത്തമായ സ്നേഹം അമ്മയും മക്കളും തമ്മിലുള്ളതാണെന്നും മക്കള്‍ക്കു വേണ്ടി അമ്മമാരും അമ്മമാര്‍ക്കു വേണ്ടി മക്കളും എന്തും ചെയ്യും എന്നും എല്ലാം പറഞ്ഞ് വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.