ഇറാന്റെ മിസൈല്‍ പതിച്ച് സ്വന്തം യുദ്ധക്കപ്പല്‍ തകര്‍ന്നു; ഒരു നാവികന് മരിച്ചു, നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്
നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈലിന്റെ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തായിരുന്നു കൊണാര്‍ക് കപ്പല്‍ നിലയുറപ്പിച്ചിരുന്നത്.

ഒമാൻ ഉൾക്കടലിൽ പരിശീലനത്തിനിടെ ഇറാനിയൻ യുദ്ധകപ്പലില്‍ നിന്ന് തൊടുത്ത മിസൈൽ ലക്ഷ്യസ്ഥാനം തെറ്റി മറ്റൊരു കപ്പലില്‍ പതിച്ചുണ്ടായ അപകടത്തില്‍ ഒരു നാവികന് മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. യു.എസും തെഹ്റാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെയാണ് സംഭവം.
ഒമാൻ ഉൾക്കടലിൽ തെഹ്റാനിൽ നിന്ന് തെക്കുകിഴക്കായി 1,270 കിലോമീറ്റർ അകലെയുള്ള ജാസ്ക് തുറമുഖത്തിന് സമീപമാണ് അപകടമുണ്ടായത്. സൈനികാഭ്യാസത്തിൽ പങ്കെടുത്ത ഹെന്ഡിജാന് ക്ലാസ് സപ്പോര്‍ട്ട് കപ്പലായ കൊണാര്‍ക്കിലാണ് മിസൈല്‍ പതിച്ചത്.
സംഭവത്തെ ദേശീയ ടെലിവിഷൻ ചാനല്‍ 'അപകട'മെന്നാണ് വിശേഷിപ്പിച്ചത്. നാവിക സേനയുടെ ജാമറന്‍ എന്ന കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തത്. മിസൈലിന്റെ ലക്ഷ്യസ്ഥാനത്തിന് തൊട്ടടുത്തായിരുന്നു കൊണാര്‍ക് കപ്പല്‍ നിലയുറപ്പിച്ചിരുന്നത്.
ഹോർമുസ് കടലിടുക്കിനടുത്തുള്ള ഈ പ്രദേശത്താണ് ഇറാൻ പതിവായി സൈനികാഭ്യാസങ്ങള്‍ നടത്തുന്നത്. ഈ വർഷം ജനുവരിയിൽ ഇറാൻ സൈന്യം 176 യാത്രക്കാരുമായി വരികയായിരുന്ന യുക്രൈനിൽ നിന്നുള്ള വിമാനം വെടിവച്ച് വീഴ്ത്തിയിരുന്നു. സംഭവത്തിൽ 176 യാത്രക്കാരും കൊല്ലപ്പെട്ടു.