LiveTV

Live

International

ട്രംപിന്റെ കോവിഡ് പ്രതിരോധം അടിമുടി കുഴപ്പമെന്ന് ഒബാമ

തന്റെ മുന്‍ സഹപ്രവര്‍ത്തകരുമായി ഒബാമ നടത്തിയ ടെലി കോണ്‍ഫറന്‍സിലെ പരാമര്‍ശങ്ങള്‍ ചോരുകയായിരുന്നു....

ട്രംപിന്റെ കോവിഡ് പ്രതിരോധം അടിമുടി കുഴപ്പമെന്ന് ഒബാമ

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍വത്ര കുഴപ്പം നിറഞ്ഞതെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. തന്റെ ഭരണകാലത്തെ സഹപ്രവര്‍ത്തകരുടെ കൂട്ടായ്മയിലായിരുന്നു ഒബാമയുടെ പരാമര്‍ശം. ട്രംപ് ഭരണകൂടം കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്തതിനെ വന്‍ ദുരന്തമെന്നാണ് ഒബാമ വിശേഷിപ്പിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍ നിന്നാണ്. 75000ത്തിലേറെ അമേരിക്കക്കാര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. തുടക്കം മുതല്‍ ട്രംപിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളിയെന്ന വിമര്‍ശനങ്ങളുണ്ടായിരുന്നു. കോവിഡ് നേരിടാന്‍ ആവശ്യമായ ആരോഗ്യസുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തത്തിന്റെ കുറ്റം നേരത്തെ ഭരിച്ച ഡെമോക്രാറ്റുകള്‍ക്കാണെന്ന് ട്രംപ് പലകുറി ആവര്‍ത്തിച്ചപ്പോഴും ഒബാമ പ്രതികരിച്ചിരുന്നില്ല.

ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍
Also Read

ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ്‌ ആശങ്കയുടെ മുള്‍മുനയില്‍

ഒബാമ സര്‍ക്കാരിന്റെ ഭാഗമായിരുന്ന മൂവായിരത്തോളം പേരുമായി കോണ്‍ഫറന്‍സില്‍ സംസാരിക്കുമ്പോഴായിരുന്നു ട്രംപിനെതിരെ ഒബാമ ആഞ്ഞടിച്ചത്. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വളരെയേറെ പ്രധാനമാണെന്നും ഏതെങ്കിലും വ്യക്തിക്കോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരായല്ല ഈ തെരഞ്ഞെടുപ്പെന്നും ഒബാമ സൂചിപ്പിക്കുന്നു. സ്വാര്‍ഥരായിരിക്കുക, ഭിന്നിപ്പിക്കുക, മറ്റുള്ളവരെ ശത്രുക്കളായി കാണുക തുടങ്ങിയവയെല്ലാം അമേരിക്കന്‍ ജീവിതത്തെ കൂടുതലായി സ്വാധീനിക്കുന്നുണ്ട്. ഇതിനെതിരെയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നായിരുന്നു ഒബാമ പറഞ്ഞത്.

ഇത്തരം ചിന്തകളാണ് കോവിഡ് മഹാമാരിക്കെതിരായ അമേരിക്കയുടെ പ്രതിരോധത്തെ സര്‍വ്വത്ര കുഴപ്പം നിറഞ്ഞതും ദുഷിച്ചതുമാക്കി മാറ്റിയത്. ഏത് സര്‍ക്കാരിനും ഇത്തരം സാഹചര്യം വല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ 'എനിക്കെന്തു നേട്ടം' 'മറ്റുള്ളവര്‍ക്ക് എന്തു സംഭവിച്ചാലെന്ത്?' തുടങ്ങിയ മാനസികാവസ്ഥകളില്‍ നമ്മുടെ സര്‍ക്കാര്‍ മുന്നോട്ടു പോയതോടെ കോവിഡ് പ്രതിരോധം ദുരന്തമായി മാറുകയായിരുന്നുവെന്നും ഒബാമ പറയുന്നു. യാഹൂ ന്യൂസാണ് ആദ്യമായി ഒബാമയുടെ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്. വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഒബാമയുടെ ഓഫീസ് തയ്യാറായിട്ടില്ല.

നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ ജയിക്കേണ്ടതിന്റെ പ്രാധാന്യം വളരെകൂടുതലാണെന്നും ഒബാമ ഓര്‍മ്മിപ്പിക്കുന്നു. ദേശീയ തലത്തില്‍ നടന്ന പലസര്‍വേകളിലും ജോ ബൈഡനും ട്രംപും തമ്മില്‍ കടുത്ത മത്സരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്നതെന്ന സൂചനകളാണുള്ളത്.