LiveTV

Live

International

ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് കൂടി, ലോക്ഡൗണ്‍ വീണ്ടും കര്‍ശനമാക്കാന്‍ ജര്‍മ്മനി

കോവിഡ് രോഗിയില്‍ നിന്നും എത്രപേരിലേക്ക് കോവിഡ് പകര്‍ന്നുവെന്ന് കണക്കാക്കുന്ന R റേറ്റിലുണ്ടായ വര്‍ധനവാണ് ജര്‍മ്മനിയെ ആശങ്കയിലാക്കുന്നത്...

ഇളവുകള്‍ക്ക് പിന്നാലെ കോവിഡ് കൂടി, ലോക്ഡൗണ്‍ വീണ്ടും കര്‍ശനമാക്കാന്‍ ജര്‍മ്മനി

കോവിഡിനെ ഫലപ്രദമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ജര്‍മ്മനിയുള്ളത്. 1.60 ലക്ഷത്തോളം പേരില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചെങ്കിലും 6314 പേര്‍ മാത്രമാണ് ജര്‍മ്മനിയില്‍ മരിച്ചത്. ഇത് യൂറോപിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച നിരക്കാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ പതിയെ ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കാനായിരുന്നു ജര്‍മ്മനിയുടെ ശ്രമം. എന്നാല്‍ ഇളവുകള്‍ക്ക് പിന്നാലെ ദിവസങ്ങള്‍ക്കകം കോവിഡ് വ്യാപനം വര്‍ധിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ജര്‍മ്മനി.

കോവിഡ് വ്യാപന തോത് നിര്‍ണ്ണയിക്കുന്ന 'R' റേറ്റ് ഏറ്റവും കുറവുള്ള യൂറോപ്യന്‍ രാജ്യങ്ങളിലൊന്നാണ് ജര്‍മ്മനി. ഒരു കോവിഡ് രോഗിയില്‍ നിന്നും എത്ര പേരിലേക്ക് കോവിഡ് പകരുന്നു എന്ന് വ്യക്തമാക്കുന്നതാണ് R റേറ്റ്. ജര്‍മ്മനിയില്‍ ഇത് ഈ മാസം തുടക്കത്തില്‍ 0.7 മാത്രമായിരുന്നു. ഇത് ലോക്ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ 1.0ന് അടുത്തേക്ക് കുതിച്ചെത്തിയതാണ് ആശങ്ക വര്‍ധിപ്പിച്ച പ്രധാന ഘടകം.

തിങ്കളാഴ്ച്ച 1018 പുതിയ കോവിഡ് കേസുകളും ചൊവ്വാഴ്ച്ച 1144 എണ്ണവും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഏപ്രില്‍ 25ന് 117 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെങ്കില്‍ ഏപ്രില്‍ 28ന് ഇത് ക്രമാനുഗതമായി വര്‍ധിച്ച് 188ലേക്ക് എത്തുകയും ചെയ്തു. ഇതോടെയാണ് രാജ്യം കോവിഡിന്റെ രണ്ടാം വ്യാപനത്തിന്റെ ഭീഷണിയിലാണെന്ന നിഗമനത്തിലേക്ക് വിദഗ്ധര്‍ എത്തിയത്.

'ആര്‍' റേറ്റില്‍ ചെറിയ വര്‍ധനപോലും രാജ്യത്തിന് താങ്ങാനാവാത്തവിധം കാര്യങ്ങളെ ഗുരുതരമാക്കുമെന്ന് മുന്നറിയിപ്പ് ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ തന്നെ നല്‍കി. '1.1 ആണ് R റേറ്റെങ്കില്‍ ഒക്ടോബര്‍ ആകുമ്പോഴേക്കും രാജ്യത്തിന്റെ ആരോഗ്യ മേഖലക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും ഉയര്‍ന്ന രോഗികള്‍ ഉണ്ടാകും. 1.2 ആയാല്‍ ജൂലൈ ആകുമ്പോഴേക്കും ആരോഗ്യ സംവിധാനം പൂര്‍ണ്ണ ശേഷിയിലെത്തേണ്ടി വരുമെന്നും' മെര്‍ക്കല്‍ പറയുന്നു.

ജര്‍മ്മനിയില്‍ R റേറ്റ് പരമാവധി 1.3 വരെയാണ് എത്തിയിരുന്നത്. വിപുലമായ പരിശോധനകളിലൂടെയും ലോക്ഡൗണിലൂടെയും ഇത് 0.7 വരെയാക്കി കുറക്കാന്‍ അവര്‍ക്കായി. ഇതോടെയാണ് ജര്‍മ്മനിയിലെ 16 സംസ്ഥാനങ്ങള്‍ ലോക്ഡൗണില്‍ ഇളവിന് തയ്യാറായത്. എന്നാല്‍ ഇപ്പോള്‍ R റേറ്റ് ഒന്നിലേക്ക് എത്തിയതോടെ ലോക്ഡൗണ്‍ വീണ്ടും ശക്തമാക്കാനാണ് ശ്രമം.