വാര്‍ത്തക്കിടെ റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെട്ടത് പാന്റിടാതെ, മറ്റൊരു 'വര്‍ക്ക് ഫ്രം ഹോം' അപാരത
സൂപ്പര്‍മാനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള ക്രിസ്റ്റഫര്‍ റീവിന്റെ മകനാണ് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ടറായ വില്‍ റീവ്...

വാര്‍ത്തയുടെ തല്‍സമയ അവതരണത്തിനിടെ റിപ്പോര്‍ട്ടര്‍ പ്രത്യക്ഷപ്പെട്ടത് പാന്റ് ധരിക്കാതെ. എ.ബി.സി ന്യൂസിന്റെ ഗുഡ്മോണിംങ് അമേരിക്ക പരിപാടിക്കിടെയായിരുന്നു റിപ്പോര്‍ട്ടര്‍ക്ക് അബദ്ധം പിണഞ്ഞത്. എ.ബി.സി ന്യൂസ് റിപ്പോര്‍ട്ടറായ വില്‍ റീവാണ് പാന്റ് ധരിക്കാതെ വാര്‍ത്തയില്‍ പ്രത്യക്ഷപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 'ഗുഡ് മോണിങ് അമേരിക്ക' എന്ന വാര്‍ത്ത പരിപാടിയില്‍ ലൈവില്‍ വന്ന് ഫാര്‍മസികള്‍ ഡ്രോണ്‍ ഉപയോഗിച്ച് മരുന്ന് വിതരണം നല്‍കുന്നതിനെ കുറിച്ചായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. വാര്‍ത്ത അവസാനിക്കുന്നതിന്റെ തൊട്ട് മുമ്പത്തെ ഫ്രെയിമാണ് റീവിനെ ചതിച്ചത്. ആംഗിള്‍ അല്പം വൈഡായതോടെ റീവിന്റെ പാന്റ് ധരിക്കാത്ത കാലു കൂടി ഫ്രെയിമില്‍ കയറുകയായിരുന്നു.
റീവ് തന്നെയാണ് കാമറയും കൈകാര്യം ചെയ്തിരുന്നത്. പാന്റില്ലാത്ത ഫ്രെയിം സോഷ്യല്‍മീഡിയ കുത്തിപ്പൊക്കിയപ്പോള്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ട്വിറ്ററിലൂടെ വില്‍ റീവ് പ്രതികരിക്കുകയും ചെയ്തു. എല്ലാവര്ക്കും ചിരിക്കാനുള്ള വക കിട്ടിയെന്ന് കരുതുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. സൂപ്പര്‍മാനെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള ക്രിസ്റ്റഫര്‍ റീവിന്റെ മകന് കൂടിയാണ് വില്‍ റീവ്.
27കാരനായ വില്‍ റീവ് എ.ബി.സി ന്യൂസ് ചാനലിലെ പ്രധാന റിപ്പോര്‍ട്ടറാണ്. രാവിലത്തെ വ്യായാമത്തിന് ശേഷം ധൃതിയിലാണ് തല്‍സമയ റിപ്പോര്‍ട്ടിംങിന് തയ്യാറെടുത്തതെന്ന് റീവ് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുള്ള ചെറുകുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്. എന്തായാലും അടുത്ത ദിവസം മുതല്‍ തന്റെ പ്രഭാതചര്യകളില്‍ മാറ്റം വരുത്തുമെന്നും ക്യാമറ ആംഗിള്‍ സെറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും വില്‍ റീവ് സ്മൈലി ചേര്‍ത്ത് പറയുന്നു.
വര്‍ക് ഫ്രം ഹോമിനിടെ നേരത്തെയും ചിരിപടര്‍ത്തിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സണ്‍കോസ്റ്റ് ന്യൂസ് നെറ്റ് വര്‍ക്കിലെ വനിത റിപ്പോര്‍ട്ടര്‍ ലൈവില്‍ സംസാരിച്ചു കൊണ്ടിരിക്കെ അവരുടെ പിതാവ് ഷര്‍ട്ട് ധരിക്കാതെ ഫ്രെയിമില്‍ വന്നത് അടുത്തിടെയാണ് ട്വിറ്ററില്‍ വൈറാലായത്.