LiveTV

Live

International

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്‍റ് താനാണെന്ന് ഡോണള്‍ഡ് ട്രംപ്

വൈറസിനെതിരെ അണുനാശിനികളോ അള്‍ട്രാവയലറ്റ് രശ്മികളോ ഉപയോഗിക്കാമെന്ന ട്രംപിന്റെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്‍റ് താനാണെന്ന് ഡോണള്‍ഡ് ട്രംപ്

കഠിനമായി പ്രയത്‌നിക്കുന്ന പ്രസിഡന്റ് എന്നാണ് രാജ്യത്തെ ജനങ്ങള്‍ തന്നെ വിളിക്കുന്നതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്‌ ട്രംപ്. ഇതുവരെ അധികാരത്തിലിരുന്ന രാഷ്ട്രത്തലവന്മാരെക്കാള്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ചതിനാലാണ് ജനങ്ങള്‍ തന്നെ കഠിനാധ്വാനിയെന്ന് വിളിക്കുന്നതെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങള്‍ തനിക്കെതിരെ തുടരുന്ന കടുത്ത ആക്രമണങ്ങള്‍ക്കിടെയാണ് ട്രംപിന്റെ പ്രസ്താവന.

'എന്നെക്കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഇതുവരെയുള്ള ചരിത്രത്തെ കുറിച്ചും നന്നായി അറിയുന്ന ജനങ്ങളാണ് എന്നെ ഏറ്റവും കഠിനാധ്വാനിയായ പ്രസിഡന്‍റെന്ന് വിളിക്കുന്നത്. അക്കാര്യത്തെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലെങ്കിലും നന്നായി പ്രയത്‌നിക്കുന്ന ഒരാളെന്ന നിലയില്‍ മൂന്നര വര്‍ഷത്തിനിടെ മറ്റുള്ള പ്രസിഡന്റുമാരെക്കാള്‍ കുടുതല്‍ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്'. ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

രാവിലെ നേരത്തെ ആരംഭിച്ച് രാത്രി വൈകുന്നത് വരെ ജോലി ചെയ്യാറുണ്ട്, വ്യാപാര കരാറുകള്‍ക്കായും സൈനിക പുനഃസംഘടനക്ക് വേണ്ടിയും മാസങ്ങളായി വൈറ്റ് ഹൗസില്‍ തന്നെ കഴിയുകയാണ്. എന്നിട്ടും മാധ്യമങ്ങള്‍ തന്നെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. ട്രംപ് കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈകിയെന്നാരോപിച്ച് ട്രംപിനെതിരെ മാധ്യമങ്ങള്‍ രൂക്ഷമായ ആക്രമണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വൈറസിനെതിരെ അണുനാശിനികളോ അള്‍ട്രാവയലറ്റ് രശ്മികളോ ഉപയോഗിക്കാമെന്ന ട്രംപിന്റെ പ്രസ്താവന പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു.