LiveTV

Live

International

കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്...

കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ആരോഗ്യനില അതീവഗുരുതരാവസ്ഥയിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍ അടക്കമുള്ള മാധ്യമങ്ങളാണ് അമേരിക്കന്‍ സ്രോതസുകളെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹത്തിന് ശസ്ത്രക്രിയ വേണ്ടിവന്നെന്നും ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്നുമാണ് സൂചനകള്‍.

ഉത്തരകൊറിയന്‍ രാഷ്ട്രപിതാവും കിമ്മിന്റെ അപ്പൂപ്പനുമായ കിം ഇല്‍ സുങിന്റെ ജന്മദിന ആഘോഷങ്ങളില്‍ കിം ജോങ് ഉന്‍ പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങളുയര്‍ന്നത്. ഏപ്രില്‍ 11നായിരുന്നു കിം ജോങ് ഉന്നിനെ അവസാനമായി പൊതുവേദിയില്‍ കണ്ടത്.

ലോകം കൊറോണ ഭീതിയില്‍; ഉത്തര കൊറിയ ഒരു മാസത്തിനിടെ പരീക്ഷിച്ചത് ഒമ്പതാം മിസൈല്‍
Also Read

ലോകം കൊറോണ ഭീതിയില്‍; ഉത്തര കൊറിയ ഒരു മാസത്തിനിടെ പരീക്ഷിച്ചത് ഒമ്പതാം മിസൈല്‍

അമിതമായ പുകവലിയും അധ്വാനവും അമിതവണ്ണവുമാണ് 36കാരനായ കിം ജോങ് ഉന്നിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായതെന്നാണ്ദക്ഷിണകൊറിയ ആസ്ഥാനമായുള്ള ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്യുന്നത്. ഏപ്രില്‍ 12ന് ഉത്തരകൊറിയന്‍ ഭരണാധികാരിക്ക് ഹൃദയശസ്ത്രക്രിയ നടന്നുവെന്നും ഉത്തരകൊറിയന്‍ വാര്‍ത്തകളില്‍ കൂടുതലായി ശ്രദ്ധകേന്ദ്രീകരിക്കുന്ന ഡെയ്‌ലി എന്‍.കെ റിപ്പോര്‍ട്ടു ചെയ്തു. ശസ്ത്രക്രിയക്കുശേഷം ഡോക്ടര്‍മാരുടെ സംഘം ഏപ്രില്‍ 17ന് തിരിച്ചുപോയെന്നും ഹ്യാങ്‌സന്‍ കൗണ്ടിയിലെ ഒരു വില്ലയിലാണ് കിം ജോങ് ഉന്നെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രാഷ്ട്രപിതാവായ കിം ഇല്‍ സുങിന്റെ ജന്മദിനമാണ് ഉത്തരകൊറിയയിലെ ഏറ്റവും വലിയ ആഘോഷം. 2008ല്‍ അന്നത്തെ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്‍ രാഷ്ട്രപിതാവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തിരുന്നില്ല. പിന്നീട് മസ്തിഷ്‌കാഘാതം വന്നതുമൂലമാണ് കിം ജോങ് ഇല്‍ ആഘോഷത്തില്‍ പങ്കെടുക്കാതിരുന്നതെന്ന് പുറത്തുവന്നു.

ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴെ
Also Read

ചരിത്രത്തിലാദ്യമായി എണ്ണവില പൂജ്യത്തിലും താഴെ

നേരത്തെ 2014ല്‍ കിം ജോങ് ഉന്നിനെ കുറിച്ച് ഒരു മാസത്തോളം യാതൊരു വിവരങ്ങളും പുറം ലോകത്തെത്തിയിരുന്നില്ല. അന്നും അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് കിം ജോങ് ഉന്നിന്റെ കാലിലുണ്ടായിരുന്ന ഒരു മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നായിരുന്നു ഈ ഇടവേളയെന്ന വിവരം പുറത്തുവന്നു. ഭരണാധികാരിയായ കിം ജോങ് ഉന്നിനെക്കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉള്ള യാതൊരു വിവരങ്ങളും ഉത്തരകൊറിയ പുറത്തുവിട്ടിട്ടില്ല.