ആശങ്കയൊഴിയാതെ ചൈന; 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
തുടര്‍ച്ചയായ ആറാം ദിവസവും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷന് അറിയിച്ചു
കൊറോണയുടെ രണ്ടാം വരവോടെ ആശങ്കയൊഴിയാതെ ചൈന. തിങ്കളാഴ്ച 11 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.എന്നാല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തത് ചൈനക്ക് ആശ്വാസമായിട്ടുണ്ട്. തുടര്‍ച്ചയായ ആറാം ദിവസവും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് രാജ്യത്തെ ദേശീയ ആരോഗ്യ കമ്മീഷന് അറിയിച്ചു.
ഇത് ചൈനയുടെ മൊത്തം കോവിഡ് സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 82,758 ഉം മരണസംഖ്യ 4,632 ഉം ആയി.
തിങ്കളാഴ്ച സ്ഥിരീകരിച്ച 11 പുതിയ കേസുകളില്‍ നാലെണ്ണം വിദേശത്തു നിന്നുള്ള യാത്രക്കാരാണ്. ആറ് കേസുകൾ ഹീലോംഗ്ജിയാങ് പ്രവിശ്യയിലും ഒരു കേസ് ഗ്വാങ്ഡോംഗ് പ്രവിശ്യയിലുമാണ് റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ആരോഗ്യകമ്മീഷന്‍ അറിയിച്ചു. 39 പേര് രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്. 82 പേരുടെ നില ഗുരുതരമായി തുടരുന്നു.
അതേസമയം കൊറോണ വ്യാപനത്തിന് പിന്നില്‍ ചൈനയാണെന്ന ആരോപണങ്ങളുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുകയാണ്. അമേരിക്കക്ക് പിന്നാലെ ജര്‍മ്മനിയും ചൈനക്കെതിരെ തിരിഞ്ഞിട്ടുണ്ട്. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്ന് ജര്‍മ്മനി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം ചൈന തള്ളിയിട്ടുണ്ട്.