LiveTV

Live

International

കോവിഡ് 19: അവഗണനയിലും അടിച്ചമർത്തലിലും വീർപ്പുമുട്ടി ഫലസ്തീനി ജനത

ജൂതസമൂഹത്തിനിടയിലെ കോവിഡ് പ്രതിരോധ, പരിശോധനാ നടപടികൾക്ക് ഇസ്രായേൽ ഭരണകൂടം മുൻഗണന നൽകുമ്പോൾ അറബികളെ അവഗണിക്കുകയാണ്

കോവിഡ് 19: അവഗണനയിലും അടിച്ചമർത്തലിലും വീർപ്പുമുട്ടി ഫലസ്തീനി ജനത

കോവിഡ് 19-നെതിരായ പോരാട്ടം ലോകമെങ്ങും തുടരുമ്പോൾ ഇസ്രായേൽ അധിനിവേശത്താൽ ബുദ്ധിമുട്ടുന്ന ഫലസ്തീൻ ജനത ദുരിതത്തിലാണ്. മതിയായ ആരോഗ്യ സംവിധാനങ്ങളോ ടെസ്റ്റിംഗ് കിറ്റുകളോ ഇല്ലാതെയാണ് ഫലസ്തീൻ ഭരണകൂടം ആഗോള മഹാമാരിയെ നേരിടുന്നത്. അതേസമയം, ഇസ്രായേലിലെ അറബ് സമൂഹം രാജ്യത്തെ കോവിഡ് വിരുദ്ധ പോരാട്ടങ്ങളിൽ മുൻനിരയിലുണ്ട്.

ഫലസ്തീനിൽ ആകെ കോവിഡ് 19 ബാധിതരുടെ എണ്ണം 260 ആണെന്നാണ് ചൊവ്വാഴ്ച ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇതിൽ 247 കോവിഡ് ബാധിതർ വെസ്റ്റ് ബാങ്കിലും 13 എണ്ണം ഗസ്സയിലുമാണ്. വെസ്റ്റ്ബാങ്കിൽ 18 പേരും ഗസ്സയിൽ 6 പേരും സുഖം പ്രാപിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഗസ്സയിൽ 27 കേന്ദ്രങ്ങളിലായി 632 പൗരന്മാർ 21 ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ പൂർത്തിയാക്കിയതായി ഹമാസ് ഭരണകൂടത്തിലെ ആരോഗ്യമന്ത്രാലയ പ്രതിനിധി അറിയിച്ചിട്ടുണ്ട്.

ഫലസ്തീൻ പ്രവിശ്യകളിൽ രോഗികളുടെ എണ്ണം കുറവാണെന്നത് ആശ്വസിക്കാൻ വകനൽകുന്നതല്ലെന്നും കുറ്റമറ്റ രീതിയിൽ പരിശോധന നടത്തിയാലേ യഥാർത്ഥ ചിത്രം ലഭിക്കുകയുള്ളൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ഭീഷണി ശക്തമായി നിലനിൽക്കുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനോ ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കാനോ ഇസ്രായേൽ തയ്യാറാവുന്നില്ല.

ഫലസ്തീൻ പ്രവിശ്യകളിൽ രോഗികളുടെ എണ്ണം കുറവാണെന്നത് ആശ്വസിക്കാൻ വകനൽകുന്നതല്ലെന്നും കുറ്റമറ്റ രീതിയിൽ പരിശോധന നടത്തിയാലേ യഥാർത്ഥ ചിത്രം ലഭിക്കുകയുള്ളൂ എന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് ഭീഷണി ശക്തമായി നിലനിൽക്കുമ്പോഴും നിയന്ത്രണങ്ങളിൽ ഇളവ് വരുത്താനോ ആരോഗ്യസംവിധാനങ്ങൾ ലഭ്യമാക്കാനോ ഇസ്രായേൽ തയ്യാറാവുന്നില്ല.

അതേസമയം, ഇസ്രായേലിനകത്തെ കോവിഡ് വ്യാപനത്തിന്റെ ഉത്തരവാദിത്തം തദ്ദേശീയ അറബ് വംശജരിൽ കെട്ടിവെക്കുകയാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ചെയ്യുന്നതെന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീൻ സ്റ്റഡീസിൽ പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ലന താത്തൂർ ആരോപിക്കുന്നു.

ഇസ്രായേലിൽ കോവിഡ് ബാധിതരുടെ എണ്ണം 9000 കവിഞ്ഞിട്ടുണ്ട്. അറുപതിലേറെ പേർ ഇതിനകം മരിക്കുകയും ചെയ്തു. അതേസമയം, കോവിഡിനെതിരായ പോരാട്ടത്തിൽ, ഭരണകൂടത്തിന്റെ അവഗണനക്കും നിരന്തര വേട്ടയാടലിനും ഇരയായ ഫലസ്തീനി സമൂഹം മുന്നില്‍തന്നെയുണ്ട്. ഫലസ്തീൻ ജനതക്ക് ഇസ്രായേലിൽ താരതമ്യേന പ്രാതിനിധ്യമുള്ള മേഖലയാണ് ആരോഗ്യരംഗം. ഇസ്രായേലിലെ ഡോക്ടർമാരിൽ 17 ശതമാനം ഫലസ്തീനികളാണ്. ഇതിനുപുറമെ നഴ്‌സുമാരായും ഫാർമസിസ്റ്റുകളായും മെഡിക്കൽ ടെക്‌നീഷ്യന്മാരായും സാനിറ്റേഷൻ വർക്കർമാരായും അറബ് വംശജരുടെ സാന്നിധ്യം സജീവമാണ്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫലസ്തീനി ആരോഗ്യപ്രവർത്തകരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്ത് ഇവരുടെ പിന്തുണ തേടിയിരുന്നു.

ഇസ്രായേലിൽ അറബ് വംശജർ ജനസംഖ്യയിൽ 20 ശതമാനത്തോളമുണ്ടെങ്കിലും അവരിൽ 193 പേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ, ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും പോലെ മതിയായ അളവിലുള്ള പരിശോധന ഇല്ലാത്തതിനാലാണ് ഈ സംഖ്യ കുറഞ്ഞിരിക്കുന്നത് എന്ന് പൊതുജനാരോഗ്യ വിദഗ്ധ നിഹായ ദാവൂദ് ചൂണ്ടിക്കാണിക്കുന്നു. ജൂതസമൂഹത്തിനിടയിലെ കോവിഡ് പ്രതിരോധ, പരിശോധനാ നടപടികൾക്ക് ഇസ്രായേൽ ഭരണകൂടം മുൻഗണന നൽകുമ്പോൾ അറബികളെ അവഗണിക്കുകയാണെന്നും അവർ പറയുന്നു. ടെസ്റ്റിംഗ് കിറ്റുകൾ സമയത്ത് ലഭ്യമാക്കാനോ അറബ് സമൂഹത്തിന് ഐസൊലേഷൻ സംവിധാനങ്ങൾ ഒരുക്കാനോ നെതന്യാഹു ഭരണകൂടം തയ്യാറായിട്ടില്ല. ആഴ്ചകൾക്കു മുന്നേ ഹീബ്രു, ഇംഗ്ലീഷ് ഭാഷകളിൽ ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച കോവിഡ് മാർഗനിർദേശങ്ങൾ അറബി ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചത് ഈയിടെ മാത്രമാണ്. ഫലസ്തീനി നഗരങ്ങളിലും ഗ്രാമങ്ങളിലും ആരോഗ്യരംഗം മെച്ചപ്പെടുത്തുന്നതിനായി ഒരു പദ്ധതിയും ഇസ്രായേൽ നടപ്പിലാക്കിയിട്ടില്ലെന്നും നിഹായ ദാവൂദ് വ്യക്തമാക്കുന്നു.