ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനില തൃപ്തികരം
കോവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ആരോഗ്യനില തൃപ്തികരം.

കോവിഡ് ബാധിച്ച് അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ആരോഗ്യനില തൃപ്തികരം. ബോറിസിന് ശ്വസനോപകരണങ്ങളുടെ സഹായം വേണ്ടിവന്നിട്ടില്ലെന്നും ന്യൂമോണിയ ബാധയില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി. അതേസമയം അതി സങ്കീര്‍ണാവസ്ഥയില്‍ രാജ്യത്തെ ആര് നയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായി.
കോവിഡ് ബാധയെ തുടര്‍ന്ന് സമ്പര്‍ക്കവിലക്കില്‍ കഴിഞ്ഞിരുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ സ്ഥിതി വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. ബോറിസിന് ശ്വസനോപകരണങ്ങളുടെ സഹായം വേണ്ടിവന്നിട്ടില്ലെന്നും ന്യൂമോണിയ ബാധയില്ലെന്നും അദ്ദേഹത്തിന്റെ വക്താവ് വ്യക്തമാക്കി.
വിദേശകാര്യ സെക്രട്ടറി ഡോമിനിക് റാബിനാണ് ബോറിസ് പകരം ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍ കോവിഡ് ബാധയില്‍ രാജ്യം അതിസങ്കീര്‍ണ അവസ്ഥ നേരിടുമ്പോള്‍ ആരാണ് രാജ്യത്തെ നയിക്കുന്നതെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. ബോറിസ് മടങ്ങിയെത്തുന്നതുവരെ പ്രധാനമന്ത്രിയുടെ അധികാര കസേര ഒഴിഞ്ഞുകിടക്കുന്നത് കോവിഡ് ബാധയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട രാജ്യത്തെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലുമാക്കി.
സെൻട്രൽ ലണ്ടനിലെ സെന്റ് തോമസ് എൻ.എച്ച്.എസ് ആശുപത്രിയിലാണ് ബോറിസ് ജോണ്സണ് ചികിത്സയിലുള്ളത്. ഞായറാഴ്ച രാത്രിയാണ് ബോറിസ് ജോണ്‍സണെ ആശുപത്രിയിലേക്ക് മാറ്റിയത്.
മാർച്ച് 27നാണ് ബോറിസിന് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ ഒരാഴ്ചക്കാലം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ ഫ്ലാറ്റിൽ ഐസൊലേഷനിലായിരുന്നു ബോറിസ് ജോണ്സണ്. ഐസൊലേഷൻ കാലാവധി പൂർത്തിയായിട്ടും പനിയും മറ്റു രോഗലക്ഷണങ്ങളും വിട്ടുമാറിയില്ല. ആറുമാസം ഗർഭിണിയായ അദ്ദേഹത്തിന്റെ പങ്കാളി കാരി സിമണ്ട്സിനെ നേരത്തെതന്നെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി പാർപ്പിച്ചിരുന്നു.
അതേസമയം കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാകുന്നതുവരെ ബ്രിട്ടനില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. മരണ നിരക്ക് കൂടുന്ന പക്ഷം നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കാനും നീക്കമുണ്ട്. 55000 ലധികം പേര്‍ക്ക് കോവിഡ് ബാധിച്ച ബ്രിട്ടണില്‍ നിലവില്‍ ആറായിരത്തിലധികം പേര് മരിച്ചിട്ടുണ്ട്.