LiveTV

Live

International

നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാനില്‍, ഒളിംപിക്‌സ് വേദികള്‍ കോവിഡ് കേന്ദ്രങ്ങളാകും

ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതോടെയാണ് സമ്പദ്‌വ്യവസ്ഥയുടെ പകുതി വരുന്ന പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ജപ്പാന്‍ നിര്‍ബന്ധിതരായിരിക്കുന്നത്...

നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാനില്‍, ഒളിംപിക്‌സ് വേദികള്‍ കോവിഡ് കേന്ദ്രങ്ങളാകും

കോവിഡ് രോഗികളുടെ എണ്ണം അതിവേഗത്തില്‍ വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ജപ്പാന്‍ പ്രധാന നഗരങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയാണ് തലസ്ഥാനമായ ടോക്യോ അടക്കമുള്ള വന്‍ നഗരങ്ങളില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജപ്പാന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കൊറോണ വൈറസ് ബാധയെ ജപ്പാന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

തലസ്ഥാനമായ ടോക്യോയിലും മറ്റു പ്രധാന നഗരങ്ങളിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെയുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ആബെ ടെലിവിഷിനിലൂടെ നടത്തിയ പ്രഖ്യാപനത്തില്‍ അറിയിച്ചു. ഇനിയും കോവിഡ് പടരുന്നത് നോക്കി നില്‍കാനാകില്ലെന്നും രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിക്കുന്നത് സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കിയെന്നും ആബെ പറഞ്ഞു.

ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍
Also Read

ട്രംപ് ഇന്ത്യയില്‍ നിന്ന് ‘പിടിച്ചുവാങ്ങിയ’ മരുന്ന് കൊറോണക്ക് ഫലപ്രദമോ? ഉറപ്പില്ലെന്ന് ഡോക്ടര്‍മാര്‍

അടിയന്തരാവസ്ഥക്കാലത്ത് 70-80 ശതമാനം പരസ്പര സമ്പര്‍ക്കം ജനങ്ങള്‍ കുറക്കണമെന്നും ഇതിലൂടെ മാത്രമേ മരണനിരക്ക് കുറക്കാനാകൂ എന്നും ആബെ പറഞ്ഞു. അവശ്യ സേവനങ്ങളല്ലാത്തവയെല്ലാം അവസാനിപ്പിക്കണമെന്നും കമ്പനികള്‍ക്ക് ജീവനക്കാരോട് വീടുകളില്‍ നിന്നും ജോലിയെടുക്കാന്‍ ആവശ്യപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ നിലവില്‍ ജപ്പാനില്‍ നിയമമില്ല. അതുകൊണ്ടാണ് സ്വന്തം പെരുമാറ്റമാണ് നിങ്ങളേയും നിങ്ങളുടെ അടുപ്പക്കാരേയും കോവിഡില്‍ നിന്നും രക്ഷിക്കുകയെന്ന മുന്നറിയിപ്പ് ആബെ നല്‍കിയിരിക്കുന്നത്.

ടോക്യോയും നഗരത്തോട് ചേര്‍ന്നുള്ള ആറ് പ്രദേശങ്ങളും പടിഞ്ഞാറന്‍ നഗരമായ ഒസാകയും സമീപത്തെ ഹ്യോഗോയും ദക്ഷിണ പടിഞ്ഞാറന്‍ നഗരമായ ഫുകുവോകയുമാണ് ആദ്യഘട്ടത്തില്‍ മെയ് ആറ് വരെ സമ്പൂര്‍ണ്ണ അടിയന്തരാവസ്ഥക്ക് കീഴില്‍ വരിക. ജപ്പാന്‍ സമ്പദ്‌വ്യവസ്ഥയുടെ പകുതി ഉത്പാദനം നടക്കുന്ന പ്രദേശങ്ങളാണിത്. കോവിഡ് രോഗികളുടെയും മരണങ്ങളുടേയും എണ്ണം വര്‍ധിക്കുമ്പോഴും ലോക്ഡൗണ്‍ നടപടികളിലേക്ക് ജപ്പാന്‍ കടന്നിരുന്നില്ല. തിങ്കളാഴ്ച വരെ ജപ്പാനില്‍ 3906 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 91 മരണങ്ങളുമുണ്ടായി.

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
Also Read

സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞതും വ്യക്തി സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് പകരുന്നതും ജപ്പാന്റെ സങ്കീര്‍ണ്ണത വര്‍ധിപ്പിച്ചു. പല ആശുപത്രികളും അടച്ചിടേണ്ട നിലയാണുള്ളത്. ടോക്യോയിലെ ഐജു ജനറല്‍ ആശുപത്രിയില്‍ 44 ഡോക്ടര്‍മാര്‍ അടക്കം 140 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സാമൂഹ്യ അകലം അടക്കമുള്ള നടപടികളുണ്ടായില്ലെങ്കില്‍ 80000പേരിലേക്കെങ്കിലും ഈ മാസം കോവിഡ് പകരുമെന്നാണ് ആബെ വാര്‍ത്താസമ്മേളനത്തിനിടെ സമ്മതിച്ചത്. ഒളിംപിക്‌സിനായി സജ്ജീകരിച്ചിട്ടുള്ള വേദികള്‍ അടക്കമുള്ള സൗകര്യങ്ങള്‍ കോവിഡ് രോഗികളെ പരിചരിക്കാന്‍ ഉപയോഗിക്കുമെന്നും ജപ്പാന്‍ പ്രധാനമന്ത്രി അറിയിച്ചു. ഒരൊറ്റ മാസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണം 400ല്‍ നിന്നും 4000ത്തിലെത്തിയതോടെയാണ് ജപ്പാന്‍ നിയന്ത്രണങ്ങള്‍ക്ക് നിര്‍ബന്ധിതമായത്.