LiveTV

Live

International

കോവിഡ് വിവരങ്ങള്‍ മറച്ചു, ചൈനക്കെതിരെ ലോകരാജ്യങ്ങള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെടാം

അന്താരാഷ്ട്ര നീതിന്യായ കോടതി അടക്കമുള്ള വേദികളില്‍ ചൈനക്കെതിരെ ലോകരാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതി നല്‍കാനുള്ള സാഹചര്യമാണ് തെളിയുന്നത്.

കോവിഡ് വിവരങ്ങള്‍ മറച്ചു, ചൈനക്കെതിരെ ലോകരാജ്യങ്ങള്‍ക്ക് വന്‍തുക നഷ്ടപരിഹാരം ആവശ്യപ്പെടാം

കോവിഡ് പടര്‍ന്നുപിടിച്ചപ്പോള്‍ രോഗത്തിന്റെ യഥാര്‍ഥ കണക്കുകള്‍ മറച്ചുവെച്ചെന്ന കുറ്റത്തിന് ചൈനക്കെതിരെ ലോകരാജ്യങ്ങള്‍ അന്താരാഷ്ട്രനീതിന്യായ കോടതിയെ സമീപിക്കാമെന്ന് റിപ്പോര്‍ട്ട്. കോവിഡ് മൂലം ലോകത്താകെ 60000ത്തിലേറെ പേര്‍ മരണപ്പെടുകയും രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥകള്‍ തകരുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ചൈനക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലോകരാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാമെന്നാണ് ദ സിഡ്‌നി മോണിംങ് ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ജി7 രാജ്യങ്ങള്‍ക്ക് മാത്രം കോവിഡ് മൂലം 6.5 ട്രില്യണ്‍ ഡോളര്‍(ഏതാണ്ട് 496,00,000 കോടി രൂപ) അധിക ചിലവുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്. കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, ഇറ്റലി, ജര്‍മ്മനി, ബ്രിട്ടന്‍, അമേരിക്ക എന്നീ വികസിതരാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. കോവിഡ് മൂലം ലോകത്തെ മറ്റ് വികസ്വര ദരിദ്ര രാജ്യങ്ങള്‍ക്കുണ്ടായ നഷ്ടങ്ങളുടെ കണക്ക് പോലും പരിമിതമാണ്.

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി; രോഗം വായുവിലൂടെ പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആര്‍
Also Read

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 112 ആയി; രോഗം വായുവിലൂടെ പകര്‍ന്നിട്ടില്ലെന്ന് ഐസിഎംആര്‍

കോവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ അമേരിക്കന്‍ സൈന്യമാണ് വുഹാനിലെ രോഗവ്യാപനത്തിന് പിന്നിലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് തന്നെ ആരോപിച്ചിരുന്നു. പിന്നീട് വുഹാനിലെ ഹുവാനന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് പടര്‍ന്നുപിടിച്ചതെന്ന് ചൈനക്ക് തന്നെ സമ്മതിക്കേണ്ടി വന്നു.

കുറഞ്ഞത് പത്ത് അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചെങ്കിലും ചൈനക്കെതിരെ ലോകരാജ്യങ്ങള്‍ക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാമെന്നാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ഹെന്റി ജാക്‌സണ്‍ സൊസൈറ്റി വ്യക്തമാക്കുന്നത്. സാര്‍സ് പൊട്ടിപ്പുറപ്പെട്ട കാലത്ത് ലോകരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍ ഉടമ്പടി അടക്കം ഇതിലുള്‍പ്പെടും. ഈ ഉടമ്പടിയില്‍ ചൈന ഭാഗവുമാണ്.

ഡിസംബര്‍ 31ന് മാത്രമാണ് ചൈന കോവിഡ് രോഗത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനക്ക് വിവരം നല്‍കുന്നത്. അപ്പോഴും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നുവെന്നതിന് തെളിവില്ലെന്നായിരുന്നു ചൈന പറഞ്ഞത്. ഗുരുതര ന്യുമോണിയക്ക് സമാനമായ അജ്ഞാത രോഗം പകരുന്നുവെന്ന് പറഞ്ഞ ഡോക്ടര്‍ ലി വെന്‍ലിയാങിനെ വ്യാജപ്രചരണം നടത്തിയെന്ന പേരില്‍ ആദ്യം തടവിലാക്കുകയാണ് ചൈന ചെയ്തത്. പിന്നീട് ലി വെന്‍ലിയാങും കോവിഡ് ബാധിച്ച് മരണപ്പെട്ടു. പിന്നീട് ഡോ. ലി വെന്‍ലിയാങിനോട് ചൈനീസ് അധികൃതര്‍ പരസ്യമായി മാപ്പ് ചോദിക്കുകയും ചെയ്തു.

സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം, ലിവര്‍പൂളിനെതിരെ പ്രതിഷേധം
Also Read

സര്‍ക്കാരിന്റെ കോവിഡ് ഫണ്ട് ഉപയോഗിച്ച് ജീവനക്കാര്‍ക്ക് ശമ്പളം, ലിവര്‍പൂളിനെതിരെ പ്രതിഷേധം

ചൈനീസ് അധികൃതരുടെ രേഖകള്‍ ഉദ്ധരിച്ച് ഡിസംബര്‍ 27ന് തന്നെ ചൈനയില്‍ കുറഞ്ഞത് 200 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സൗത്ത് ചൈന മോണിംങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പകര്‍ച്ചവ്യാധികളുണ്ടായാല്‍ എത്രയും വേഗം ലോകരാജ്യങ്ങളുമായി വിവരങ്ങള്‍ പങ്കുവെക്കണമെന്നാണ് ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് ഉടമ്പടി വ്യക്തമാക്കുന്നത്. ഇതുവഴി രോഗം പകരുന്നതിന്റെ നിരക്ക് കുറക്കാനും ലോകമാകെ രോഗം പകരുന്നത് തടയാനും സാധിക്കും. എന്നാല്‍ നേര്‍ വിപരീതമാണ് ചൈനീസ് അധികൃതര്‍ ചെയ്തതെന്നും യഥാര്‍ഥ വിവരമറച്ചുവെക്കുകയും വിവരങ്ങള്‍ പുറത്തുവിടാന്‍ ശ്രമിച്ച ഡോക്ടര്‍മാരെ ശിക്ഷിക്കുകയും ചെയ്തുവെന്ന് ദ ഹെന്റി ജാക്‌സണ്‍ സൊസൈറ്റി പറയുന്നു.

വുഹാനിലും ഹുബെയിലും കോവിഡ് പടര്‍ന്നുപിടിച്ചതിന്റെ യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ചതില്‍ പ്രധാന കുറ്റക്കാര്‍ ഭരണ നേതൃത്വം തന്നെയാണെന്നും ഹെന്റി ജാക്‌സണ്‍ സൊസൈറ്റി ഓര്‍മ്മിപ്പിക്കുന്നു. ഇതിനെതിരെ ഏതെങ്കിലും രാജ്യം ഒറ്റക്ക് അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുന്നതിനേക്കാള്‍ രാജ്യങ്ങള്‍ കൂട്ടമായി ചൈനക്കെതിരെ പരാതി നല്‍കുന്നതായിരിക്കുമെന്നും ഇവര്‍ സൂചിപ്പിക്കുന്നു.