ജീവിതം പോലെ, മരണത്തിലും ലോകത്തിന് പ്രചോദനമായി അരീമ നസ്രീന്
15 വര്‍ഷം ശുചീകരണത്തൊഴിലാളിയായിരുന്ന ആശുപത്രിയിലാണ് അരീമ നസ്രീന് നേഴ്സായി ജോലിയെടുത്തിരുന്നത്. ഇപ്പോഴിതാ ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ നേഴ്സായി അരീമ നസ്രീന് വിടവാങ്ങിയിരിക്കുന്നു...

36കാരിയായ അരീമ നസ്രീന് നേഴ്സിംങ് എന്നത് വെറുമൊരു ജോലിയായിരുന്നില്ല. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു. 15 വര്‍ഷം ജോലിചെയ്ത അതേ ആശുപത്രിയില്‍ അവര്‍ കഴിഞ്ഞ വര്‍ഷം മുതലാണ് നേഴ്സായി ജോലി ആരംഭിച്ചത്. ഇപ്പോഴിതാ മരണങ്ങളില്‍ ലോകം മരവിച്ചു നില്ക്കുന്ന കാലത്ത് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ നേഴ്സായി അരീമ നസ്രീന് മാറിയിരിക്കുന്നു.
'ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തി' എന്നായിരുന്നു 36കാരിയായ അരീമ നസ്രീനെ വാള്‍സാല്‍ മാനോര്‍ ആശുപത്രി അധികൃതര്‍ വിശേഷിപ്പിച്ചത്. 2003 മുതല്‍ ഒന്നര പതിറ്റാണ്ടോളം ഇതേ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു അരീമ നസ്രീന്. കഴിഞ്ഞവര്‍ഷമാണ് നേഴ്സിംങ് യോഗ്യത നേടി വാള്‍സാല്‍ മാനോര്‍ ആശുപത്രിയില്‍ നേഴ്സായി അവര്‍ ജോലി ആംഭിക്കുന്നത്.
ഏറെ കഷ്ടപ്പെട്ട് നേടിയെടുത്തതുകൊണ്ടു തന്നെ നേഴ്സിംങ് ജോലി അരീമ നസ്രീന് ഏറെ പ്രിയപ്പെട്ടതായിരുന്നു. 'ഇങ്ങനെയൊരു ദിവസം സത്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല' എന്നായിരുന്നു നേഴ്സിംങ് ബിരുദം നേടിയശേഷം അരീമ നസ്രീന് ട്വിറ്ററില്‍ കുറിച്ചത്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് ജീവിതം കൊണ്ടു തന്നെ മാതൃകയാവുകയായിരുന്നു അവര്‍ ചെയ്തത്. മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായിരുന്ന അരീമ നസ്രീന് വേദികളില്‍ പറഞ്ഞിരുന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു.
രണ്ടാഴ്ച്ചക്ക് മുമ്പാണ് കോവിഡ് ചികിത്സക്കിടെ അരീമ നസ്രീന് കോവിഡ് 19 പകരുന്നത്. ദിവസങ്ങള്‍ക്കകം രോഗം ഗുരുതരമായതോടെ വാല്‍സാല്‍ മാനോര്‍ ആശുപത്രിയില്‍ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഒടുവില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെ അരീമ നസ്രീന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
എന്ത് പ്രശ്നത്തേയും പുഞ്ചിരിയോടെ നേരിടുന്ന, സഹപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഊര്‍ജ്ജവും പ്രചോദനവുമായ വ്യക്തിത്വമായാണ് അരീമ നസ്രീനെ 16 വര്‍ഷത്തെ പരിചയമുള്ള ഷമീന കൗസര്‍ വിശേഷിപ്പിക്കുന്നത്. 'അവള്‍ക്ക് ഇനിയും ഒരുപാട് ചെയ്തുതീര്‍ക്കാനുണ്ടായിരുന്നു, പക്ഷേ ദൈവം അവളെ നേരത്തെ വിളിച്ചു. ഞങ്ങളുടെ പ്രാര്‍ഥനകളില്‍ അരീമയും കുടുംബവുമുണ്ടാകും' ഷമീന കൗസര്‍ അരീമയെ ഓര്‍മ്മിക്കുന്നു. മൂന്ന് കുഞ്ഞുങ്ങളുടെ മാതാവ് കൂടിയായ അരീമ നസ്രീന് ബ്രിട്ടീഷ് പാക് വംശജയാണ്.