LiveTV

Live

International

കോവിഡ് 19; ഈജിപ്തിലെ പിരമിഡുകളും അണുവിമുക്തമാക്കുന്നു

രാജ്യത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പിരമിഡും ശുദ്ധീകരിക്കുന്നത്

കോവിഡ് 19; ഈജിപ്തിലെ പിരമിഡുകളും അണുവിമുക്തമാക്കുന്നു

ലോകത്തെ പിടികൂടിയിരിക്കുന്ന കൊറോണ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള ശ്രമത്തിലാണ് രാജ്യങ്ങള്‍. നിയന്ത്രണങ്ങള്‍ കടുപ്പിച്ചും അതിര്‍ത്തികള്‍ക്ക് പൂട്ടിട്ടും ലോകം ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. വൈറസിനെ തൂത്തെറിയുക എന്ന ലക്ഷ്യത്തോടെ മിക്ക രാജ്യങ്ങളും പൊതുഇടങ്ങളും പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമെല്ലാം അണുവിമുക്തമാക്കുന്നുണ്ട്. ഈജിപ്തും ഇതിന്റെ ഭാഗമാകുന്നുണ്ട്. ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും ലോകാത്ഭുതങ്ങളിലൊന്നുമായ പിരമിഡുകള്‍ അണുവിമുക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്തെ മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളും അണുവിമുക്തമാക്കുന്നതിന്റെ ഭാഗമായാണ് പിരമിഡും ശുദ്ധീകരിക്കുന്നത്.മാസ്കും കയ്യുറകളും ധരിച്ച തൊഴിലാളികള്‍ പുരാതനമായ പിരമിഡിന്റെ അടിത്തറകളും നടപ്പാതകളുമെല്ലാം ശുചിയാക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്‌സ്‌കവേറ്ററുകളുടെ വിദഗ്ധ സംഘമാണ് അണുവിമുക്തമാക്കല്‍ പ്രക്രിയക്ക് നേതൃത്വം കൊടുക്കുന്നത്.ഞങ്ങൾ അണുവിമുക്തമാക്കലിന്റെ ആദ്യ ഘട്ടം ആരംഭിച്ചു, ഇനിയും മറ്റ് ഘട്ടങ്ങളുണ്ട്,” പിരമിഡ് ഏരിയ ഡയറക്ടർ ജനറൽ അഷ്‌റഫ് മോഹി എൽ-ദിൻ പറഞ്ഞു.

പിരമിഡിന്റെ ചുറ്റുമുള്ള എല്ലാ സ്ഥലങ്ങളും വൃത്തിയാക്കുന്നുണ്ട്. മാത്രമല്ല സന്ദർശകരെ സ്വീകരിക്കാൻ ഈ പ്രദേശം തയ്യാറാകുന്നതിന് ചില അറ്റകുറ്റപ്പണികളും നവീകരണവും നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെയ്‌റോയിലെ ഹോട്ടലുകളും മ്യൂസിയങ്ങളും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പെടെയുള്ളവ അടുത്ത ദിവസങ്ങളില്‍ അണുവിമുക്തമാക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് രണ്ട് ആഴ്ച നിരോധനാജ്ഞയാണ്.വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പല പുരാവസ്തു സ്ഥലങ്ങളും മ്യൂസിയങ്ങളും തിങ്കളാഴ്ച മുതൽ അടച്ചിട്ടിരിക്കുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഈജിപ്തിൽ 450 ലധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. 21 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.