LiveTV

Live

International

കോവിഡ് വൈറസ് വ്യാപനം; അമേരിക്കയില്‍ തോക്കുകള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരങ്ങളാണ് ആയുധ കടകള്‍ക്ക് മുന്നില്‍ വരിനിന്ന് തോക്കുകള്‍ സ്വന്തമാക്കുന്നത്

കോവിഡ് വൈറസ് വ്യാപനം; അമേരിക്കയില്‍ തോക്കുകള്‍ വാങ്ങിക്കൂട്ടി ജനങ്ങള്‍

കോവിഡ് വൈറസിന്‍റെ വ്യാപനത്തെ തുടര്‍ന്ന് കലുഷിതമായ സാമൂഹിക സാഹചര്യത്തില്‍ അമേരിക്കയില്‍ ജനങ്ങള്‍ സ്വയരക്ഷക്കായി തോക്കുകളും വെടിമരുന്നുകളും വാങ്ങിക്കൂട്ടുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ആയിരങ്ങളാണ് ആയുധ കടകള്‍ക്ക് മുന്നില്‍ വരിനിന്ന് തോക്കുകള്‍ സ്വന്തമാക്കുന്നത്. പല കടകളെയും കടന്ന് ജനം വരിനില്‍ക്കുന്നതിന്‍റെ ഫോട്ടോകള്‍ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

'രാഷ്ട്രീയക്കാരും ആയുധങ്ങള്‍ക്കെതിരായ ആളുകളും നമുക്ക് തോക്കൊന്നും വേണ്ടെന്ന് ഉദ്ഘോഷിക്കുകയാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ എല്ലാവരും പേടിച്ചിരിക്കുകയാണ്. ഈ ഉദ്ഘോഷിക്കുന്നവര്‍ക്ക് അങ്ങനെയൊക്കെ പറയാം'; അമേരിക്കയിലെ തോക്ക്കടക്ക് മുന്നില്‍ വരിനിന്ന ഒരു ഉപഭോക്താവ് ലോസ് ആഞ്ചല്‍സ് ടൈംസി-നോട് പറഞ്ഞു.

തന്‍റെ 61 വര്‍ഷത്തെ ജീവിതത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് ഇത്തരത്തിലൊരു വലിയ തിരക്ക് താന്‍ കാണുന്നതെന്ന് തോക്ക് കടകളില്‍ ഒന്നിന്‍റെ ഉടമസ്ഥനായ ലാറി ഹയാത് പറഞ്ഞു. ഇതിന് മുമ്പ് 2012ല്‍ കണക്ടികട്ടിലെ സാന്‍ഡി ഹൂക്ക് എലമെന്‍ററി സ്ക്കൂളില്‍ വെച്ച് നടന്ന വെടിവെപ്പിന് ശേഷമാണ് ഇത്തരത്തില്‍ വലിയൊരു കച്ചവടം നടന്നത്.

പലരും സ്വരക്ഷക്കും കുടുംബങ്ങളെ രക്ഷിക്കാനുമാണ് വന്‍തോതില്‍ തോക്കുകളും വെടിക്കോപ്പുകളും വാങ്ങിക്കൂട്ടുന്നതെന്ന് ലാറി ഹയാത് നിരീക്ഷിച്ചു. വേട്ടക്ക് ഉപയോഗിക്കുന്ന റൈഫിളുകളേക്കാളും ലക്ഷ്യം നിര്‍ണയിക്കുന്ന ടാര്‍ഗറ്റ് തോക്കുകള്‍ക്കും AR-15 സെമി ഓട്ടോമാറ്റിക്ക് അസോള്‍ട്ട് സ്റ്റൈല്‍ റൈഫിളുകളുമാണ് ജനം തെരഞ്ഞെടുക്കുന്നതെന്ന് ലാറി വ്യക്തമാക്കി.

സാമ്പത്തികരംഗം തകര്‍ന്നതും വൈറസ് വ്യാപിച്ചതും കുറ്റക്യത്യം വര്‍ധിച്ചതും അമേരിക്കന്‍ രാഷ്ട്രീയവും എല്ലാം ഒരുമിച്ചു വന്നതോടെ ജനം ഭയത്തിലായതാണ് ഇപ്പോഴത്തെ അന്തരീക്ഷത്തിന് കാരണമെന്നും ലാറി ഹയാത് കൂട്ടിചേര്‍ത്തു.

അമ്മോ ഡോട്ട് കോം എന്ന ആയുധ സൈറ്റിന്‍റെ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് നാല് വരെയുള്ള കാലയളവിലെ കണക്കുകളിലും ആയുധവില്‍പ്പനയിലുണ്ടായ വലിയ വര്‍ധന വ്യക്തമാക്കുന്നുണ്ട്. ഈ കാലയളവിലെ വില്‍പ്പനയില്‍ 68 ശതമാനം വര്‍ധനയാണ് തോക്ക് വില്‍പ്പനയിലുണ്ടായിട്ടുള്ളത്.

വൈറസ് വ്യാപനത്തിന് ശേഷം നിരവധി ഏഷ്യന്‍ അമേരിക്കന്‍ വംശജരായ ആളുകള്‍ വംശീയ അതിക്രമം ഭയന്ന് വാഷിംഗ്ടണിലും കാലിഫോര്‍ണിയയിലും തോക്കുകള്‍ വാങ്ങിയിട്ടുണ്ടെന്നും ചൈനയാണ് കൊറോണയുടെ ഉത്ഭവം എന്നതിനാല്‍ തന്നെ തങ്ങള്‍ അക്രമത്തിനിരയാകുമെന്ന ഭയം ഇവര്‍ക്കുണ്ടെന്നും ദ ട്രയിസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജനങ്ങള്‍ പലരും സുരക്ഷിതരല്ലെന്നും ഭയചകിതരാണെന്നും കലാപമോ ചൈനീസ് വംശജരെ ലക്ഷ്യമിട്ടുള്ള അക്രമമോ നടക്കുമെന്ന ആശങ്കയിലാണ് ഇവരെന്നും ഡേവിഡ് ലിയോ എന്ന ചൈനീസ് അമേരിക്കന്‍ ആയുധ ഡീലര്‍ ദ ട്രയിസി-നോട് പറഞ്ഞു.

വലിയ തോതിലുള്ള ആയുധ ശേഖരം വീടുകളില്‍ സൂക്ഷിക്കുന്നത് കുട്ടികളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.