LiveTV

Live

International

ഇന്ത്യയെ രൂക്ഷമായി കുറ്റപ്പെടുത്തിയും പരാതി പറഞ്ഞും ട്രംപ്

ട്രംപും പ്രഥമ വനിത മെലാനിയയും ഫെബ്രുവരി 24, 25 തീയതികളിലാണ് ഇന്ത്യയിലെത്തുക. അഹമ്മദാബാദ്, ആഗ്ര, ന്യൂഡൽഹി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.  

ഇന്ത്യയെ രൂക്ഷമായി കുറ്റപ്പെടുത്തിയും പരാതി പറഞ്ഞും ട്രംപ്

ഇന്ത്യയെ രൂക്ഷ ഭാഷയില്‍ കുറ്റപ്പെടുത്തിയും പരാതി പറഞ്ഞും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇന്ത്യക്കെതിരായ ഈ കുറ്റപ്പെടുത്തല്‍. വര്‍ഷങ്ങളായി ഇന്ത്യ അമേരിക്കയ്ക്ക് മേല്‍ ഭീമമായ ഇറക്കുമതിച്ചുങ്കമാണ് ചുമത്തുന്നതെന്നാണ് ട്രംപിന്റെ പരാതി. ഈ ഉയര്‍ന്ന ചുങ്കം മൂലം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി.

അമേരിക്കൻ ഉൽ‌പ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാര ബന്ധത്തെ കുറിച്ച് സംസാരിക്കുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ട്രംപും പ്രഥമ വനിത മെലാനിയയും ഫെബ്രുവരി 24, 25 തീയതികളിലാണ് ഇന്ത്യയിലെത്തുക. അഹമ്മദാബാദ്, ആഗ്ര, ന്യൂഡൽഹി എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. "ഞാൻ അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകുന്നു, ഞങ്ങൾ വ്യാപാരത്തെ കുറിച്ച് സംസാരിക്കും. നിരവധി വർഷങ്ങളായി അവരുടെ ഭീമമായ തീരുവകള്‍ ഞങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണ്." ട്രംപ് വ്യാഴാഴ്ച കൊളറാഡോയിൽ 'കീപ്പ് അമേരിക്ക ഗ്രേറ്റ്' റാലിയിൽ പറഞ്ഞു.

ഇതൊക്കെയാണെങ്കിലും പ്രധാനമന്ത്രി മോദിയെ തനിക്ക് ശരിക്കും ഇഷ്ടമാണെന്നും ഞങ്ങള്‍ വ്യാപാരത്തെ കുറിച്ച് സംസാരിക്കുമെന്നും ട്രംപ് തന്റെ അനുയായികളോട് പറഞ്ഞു. "ഞങ്ങൾക്ക് വ്യാപാരത്തെ കുറച്ച് സംസാരിക്കാനുണ്ട്. അവർ ഞങ്ങൾക്ക് മേല്‍ ചുമത്തുന്ന താരിഫ് ലോകത്തിലെ തന്നെ ഏറ്റവും ഉയർന്നതാണ്.’’ ട്രംപ് പറഞ്ഞു. ട്രംപിന്റെ സന്ദർശനത്തിന് മുന്നോടിയായി, ഒരു സുപ്രധാന വ്യാപാര കരാറില്‍ ഇന്ത്യയും യു.എസും ഒപ്പുവെക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാല്‍ ട്രംപിന്റെ പുതിയ പരാമര്‍ശം ഈ വ്യാപാര കരാറിന്റെ ഭാവിയെ തന്നെ ചോദ്യംചെയ്യുന്നതാണ്.