യുക്രൈന് വിമാന ദുരന്തം: ഇറാന് മേൽ സമ്മർദം ശക്തം
സമഗ്ര അന്വേഷണവും ഉയർന്ന നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തുവന്നു.
തെഹ്റാനിൽ 176 പേരുടെ മരണത്തിനിടയാക്കിയ യുക്രൈൻ വിമാന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും ഇറാന് മേൽ സമ്മർദം ശക്തം. സമഗ്ര അന്വേഷണവും ഉയർന്ന നഷ്ടപരിഹാരവും ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങൾ രംഗത്തുവന്നു. ഇറാൻ - യു.എസ് സംഘർഷം തുടർന്നാൽ സമാന സംഭവങ്ങൾ ആവർത്തിക്കുമെന്നാണ് യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ മുന്നറിയിപ്പ്.
സംഘർഷം രൂക്ഷമായിരിക്കെ, യു.എസ് വിമാനമാണെന്ന നിഗമനത്തിൽ ഹ്രസ്വദൂര മിസൈൽ തൊടുത്തു വിട്ടതാണ് യുക്രൈൻ വിമാന ദുരന്തത്തിനിടയാക്കിയതെന്നും അതിനാൽ ഉത്തരവാദിത്തം പൂർണമായും ഏറ്റെടുക്കുന്നതായും ഇറാൻ ഇസ്ലാമിക് റവലൂഷനറി ഗാർഡ് ഇന്നലെ അറിയിച്ചിരുന്നു. തുടക്കത്തിൽ നിഷേധിച്ചെങ്കിലും കുറ്റം ഏറ്റുപറഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് യുക്രൈനും കനഡയും അറിയിച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ വിട്ടുനൽകുക, സമഗ്ര അന്വേഷണത്തിന് അവസരം ഒരുക്കുക, ഉത്തരവാദപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ഇരകളുടെ കുടുംബാംഗങ്ങൾക്ക് ഉയർന്ന തുക നഷ്ടപരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളാണ് യുക്രൈയിനും കനഡയും മുന്നോട്ടുവെച്ചത്. അമേരിക്കൻ പ്രസിഡൻറ് ട്രംപും ഇതിനെ പിന്തുണച്ചേക്കുമെന്നാണ് സൂചന.
തെഹ്റാൻ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നതിനോട് പല രാജ്യങ്ങൾക്കും യോജിപ്പില്ല. ഇറാനും അമേരിക്കയും തമ്മിൽ രൂപപ്പെട്ട സംഘർഷമാണ് ദുരന്തത്തിന്റെ യഥാർഥ കാരണം എന്നതിനാൽ മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തി വെക്കാൻ യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ആവശ്യപ്പെട്ടു.
അതിനിടെ ഗൾഫ് മേഖലയിലെ സംഘർഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിൻ ഖത്തർ അമീർ, അബൂദബി കിരീടാവകാശി എന്നിവരുമായി ചർച്ച നടത്തി. സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗൾഫ് പര്യടനത്തിൽ ഏർപ്പെട്ട ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പറഞ്ഞു.
2015ലെ ആണവ കരാറിൽ ഇറാനെ ഉറപ്പിച്ചു നിർത്തണമെങ്കിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണെന്ന് ജർമൻ ചാൻസലര് അഞ്ചല മെർകൽ പറഞ്ഞു. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയാൻ ഇതാവശ്യമാണെന്ന നിലപാടാണ് ആണവ കരാറിന്റെ ഭാഗമായ ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്കുള്ളതും.