LiveTV

Live

International

യുക്രൈന്‍ വിമാന ദുരന്തം: ഇറാന് മേൽ സമ്മർദം ശക്തമാക്കി രാജ്യങ്ങള്‍ 

തെഹ്റാനിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തില്‍ സഹകരിച്ച ഇറാനിലെ യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

യുക്രൈന്‍ വിമാന ദുരന്തം: ഇറാന് മേൽ സമ്മർദം ശക്തമാക്കി രാജ്യങ്ങള്‍ 

176 പേരുടെ മരണത്തിനിടയാക്കിയ യുക്രെയിൻ വിമാനദുരന്തം കൈയബദ്ധമാണെന്ന വെളിപ്പെടുത്തലിനെ തുടർന്ന് ഇറാനിലും പുറത്തും സർക്കാറിനെതിരെ സമ്മർദം ശക്തം. തെഹ്റാനിൽ നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭത്തില്‍ സഹകരിച്ച ഇറാനിലെ യു.കെ അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

യുക്രൈന്‍ വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതം ഇറാനില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചത്. തെഹ്റാനിലെ വിവിധ സർവകലാശാലകൾ കേന്ദ്രീകരിച്ച് നൂറുകണക്കിനു വിദ്യാർഥികൾ സർക്കാറിനെതിരെ രംഗത്തുവന്നു. സർക്കാർ രാജി വെക്കണമെന്നാണ് പ്രക്ഷോഭകരുടെ ആവശ്യം. ആമിർ കബീർ സർവകലാശാലയിൽ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനാണ് യു.കെ അംബാസിഡര്‍ റോബര്‍ട്ട് മെക്കെയറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചത്. അംബാസിഡറെ അറസ്റ്റ് ചെയ്ത നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി.

സമാധാനപരമായി പ്രക്ഷോഭം നടത്തുന്നവരെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്നും ഇറാന്‍ ചെയ്യുന്നതെല്ലാം ലോകം കണ്ടു കൊണ്ടിരിക്കുകയാണെന്നും ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. യുക്രൈന്‍ വിമാനം വെടിവെച്ചിട്ടതിന് പിന്നാലെ ഇറാനു മേൽ സമ്മർദം ശക്തമാക്കാൻ യുക്രെയിൻ, കനഡ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ നീക്കമാരംഭിച്ചു.

കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഉടൻ വിട്ടു നൽകുക, കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്നിവയാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. ഇറാനിലേക്കുള്ള എല്ലാ വിമാന സർവീസുകളും നിർത്തി വെക്കാൻ യൂറോപ്യൻ യൂനിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി ആവശ്യപ്പെടുകയും ചെയ്തു. മേഖലയിൽ സമാധാനം നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും തയ്യാറാകണമെന്ന് ഗള്‍ഫ് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഖത്തര്‍ അമീര്‍ ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുമായി കൂടിക്കാഴ്ച നടത്തി ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് ഇറാൻ സന്ദർശിക്കുന്ന ആദ്യ രാഷ്ട്ര തലവനാണ് ഖത്തർ അമീർ. കുവൈത്ത്‌, ഒമാൻ എന്നീ രാജ്യങ്ങളും സമാധാന നീക്കവുമായി രംഗത്തുണ്ട്.