LiveTV

Live

International

യുക്രൈന്‍ വിമാനം തകർന്നു വീണതില്‍ ഇറാന് പങ്കെന്ന് അമേരിക്ക

ചിലർ അബദ്ധം വരുത്തിവെച്ചെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് വ്യക്തമാക്കാനും മറന്നില്ല

യുക്രൈന്‍ വിമാനം തകർന്നു വീണതില്‍ ഇറാന് പങ്കെന്ന് അമേരിക്ക

ഇറാനിൽ യുക്രൈന്‍ വിമാനം തകർന്നു വീണ് 176 പേർ മരിച്ച സംഭവത്തിൽ പുതിയ വഴിത്തിരിവ്. അബദ്ധത്തിൽ ഇറാൻ മിസൈൽ പതിച്ചാവണം വിമാനം അപകടത്തിൽ പെട്ടതെന്ന വാദവുമായി അമേരിക്കയാണ് ആദ്യം രംഗത്തുവന്നത്. കാനഡയും ഇത് ഏറ്റുപിടിച്ചതോടെ സമഗ്രവും സ്വതന്ത്രവുമായ അന്വേഷണത്തിന് സമ്മർദമേറി. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചു.

യുദ്ധസാഹചര്യത്തിൽ വിമാനം ഇറാൻ വ്യോമസേന അവിചാരിതമായി വെടിവെച്ചിടുകയായിരുന്നെന്നാണ് അമേരിക്കൻ അധികൃതർ ആരോപിക്കുന്നത്. സംഭവത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. വിമാനം തകർന്നുവീഴുന്നതിന് മുമ്പായി രണ്ട് മിസൈലുകൾ ഉയർന്നത് സാറ്റലൈറ്റ് ദൃശ്യങ്ങളിലൂടെ കണ്ടെത്തിയെന്നും അമേരിക്ക അവകാശപ്പെടുന്നു. ചിലർ അബദ്ധം വരുത്തിവെച്ചെന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് ട്രംപ് വ്യക്തമാക്കാനും മറന്നില്ല.

വിമാനം ഇറാൻ വെടിവെച്ചിട്ടതാണെന്ന് തെളിവുകൾ വ്യക്തമാക്കുന്നതായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. സ്വന്തം നിലക്കും സഖ്യരാജ്യങ്ങൾ മുഖേനയും ലഭിച്ച തെളിവുകൾ ഇതിനു ബലം നൽകുന്നതായും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അതേസമയം, വിമാനം തകർന്നതിന് പിന്നിൽ മിസൈൽ ആക്രമണം, ഡ്രോൺ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാർ എന്നിവയാണ് യുക്രൈന്‍ അന്വേഷിക്കുന്നത്. 176 യാത്രക്കാരുമായി പറന്നുയര്‍ന്ന യുക്രെയ്ന്‍ വിമാനം തെഹ്റാന്‍ വിമാനത്താവളത്തിന് സമീപമാണ് കഴിഞ്ഞ ദിവസം തകര്‍ന്നു വീണത്. തെഹ്റാനില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. ഇറാൻ, കാനഡ, യുക്രൈന്‍, സ്വീഡൻ, ബ്രിട്ടൻ, ജർമനി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മരണപ്പെട്ടവർ. ബ്ലാക് ബോക്സ് കണ്ടെത്തിയെങ്കിലും വിവരങ്ങൾ പരിേശാധിക്കാൻ പുറമെ നിന്നുള്ള വിദഗ്ധരുടെ സഹായം ആവശ്യമാണെന്ന് ഇറാൻ അറിയിച്ചു.