ആഭ്യന്തര തലത്തിൽ സ്വാധീനം ഉറപ്പിച്ച് ഇറാനും അമേരിക്കയും, നടത്തിയത് തന്ത്രപരമായ പിൻമാറ്റം; ഗള്ഫിന് ആശ്വാസം
ഗൾഫ് രാജ്യങ്ങളുടെ നിലപാടും യുദ്ധം ഒഴിവാകുന്നതിൽ നിർണായക ഘടകമായി

ഗൾഫ് സംഘർഷത്തിലൂടെ ആഭ്യന്തര തലത്തിൽ സ്വാധീനം ഉറപ്പിച്ച് ഇറാനും അമരിക്കയും നടത്തിയത് തന്ത്രപരമായ പിൻമാറ്റം. ഗൾഫ് രാജ്യങ്ങളുടെ നിലപാടും യുദ്ധം ഒഴിവാകുന്നതിൽ നിർണായക ഘടകമായി. ഇറാനെ ആണവ കരാറിൽ ഉറപ്പിച്ചു നിർത്താനുള്ള നീക്കം ശക്തിപ്പെടുത്താനാകും ഇനി മറ്റു വൻശക്തി രാജ്യങ്ങളുടെ നീക്കം.
സൈനിക കമാൻഡർ ഖാസിം സുലൈമാനിയുടെ കൊലക്ക് പ്രതികാരമായി ഇറാഖിലെ യു.എസ് സൈനിക താവളങ്ങളിൽ മിസൈൽ ആക്രമണം നടത്തിയതിലൂടെ സ്വന്തം ജനതയുടെയും മിലീഷ്യകളുടെയും ആഗ്രഹം പൂർത്തീകരിക്കാൻ ഇറാനായി. ഇംപീച്ച്മെന്റ് പ്രമേയത്തിലൂടെ രൂപപ്പെട്ട ആഭ്യന്തര എതിർപ്പ് മറികടക്കാൻ ഇറാൻ സൈനിക മേധാവിയുടെ കൊലയിലൂടെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും സാധിച്ചു.
മേഖലക്ക് ആഘാതമാകുമാകുമായിരുന്ന യുദ്ധം അകന്നു മാറിയതിന്റെ ആഹ്ലാദത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ട്രംപിന്റെ രാഷ്ട്രീയ താൽപര്യമാണ് യുദ്ധസാഹചര്യം രൂപപ്പെടുത്തിയതെന്ന് കരുതുന്നവരാണ് ഏറെയും. യുദ്ധമുണ്ടായാൽ യെമനിലെ ഹൂത്തികളും ലബനാനിലെ ഹിസ്ബുല്ലയും ഇറാഖിലെ ശിയാ അനുകൂല സൈനിക വിഭാഗവും ഇറാനൊപ്പം നിലയുറപ്പിക്കുന്നത് മേഖലയിൽ വലിയ പ്രത്യാഘാതം സൃഷ്ടിക്കുമായിരുന്നു. ഇതും കൂടി പരിഗണിച്ചാണ് എന്തുവില കൊടുത്തും യുദ്ധം ചെറുക്കണമെന്ന നിലപാടിൽ ഗൾഫ് രാജ്യങ്ങൾ എത്തിച്ചേർന്നതും. ഏതായാലും സംഘർഷം ലഘൂകരിച്ചതിന്റെ സംതൃപ്തിയിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഗൾഫിലെ പ്രവാസി സമൂഹം.