LiveTV

Live

International

ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ; യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സഖ്യരാജ്യങ്ങള്‍

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെ വിവിധ നേതാക്കളുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ടെലിഫോണിൽ സംസാരിച്ചു

ലോകരാജ്യങ്ങളുടെ പിന്തുണ തേടി ഇറാൻ; യുദ്ധം ഒഴിവാക്കണമെന്ന് അമേരിക്കയോട് സഖ്യരാജ്യങ്ങള്‍

ഉന്നത സൈനിക കമാൻഡർ ഖാസിം സുലൈമാനിയെ വധിച്ച യു.എസ് നടപടിക്കെതിരെ ലോക രാജ്യങ്ങളുടെ പിന്തുണ തേടാൻ ഇറാഖിന്റെ തിരക്കിട്ട നീക്കം. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഉൾപ്പെടെ വിവിധ നേതാക്കളുമായി ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ടെലിഫോണിൽ സംസാരിച്ചു. തിരിച്ചടിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് നാറ്റോ നേതൃത്വം ഇറാനോട് ആവശ്യപ്പെട്ടു. അതേസമയം ഇറാന്റെ ഭാഗത്തുനിന്നുള്ള ഡ്രോൺ ആക്രമണം ചെറുക്കാൻ പശ്ചിമേഷ്യയിലെ അമേരിക്കയുടെ 19 സൈനിക കേന്ദ്രങ്ങളിലും പ്രതിരോധ നടപടികൾ ശക്തമാക്കി.

ആഭ്യന്തരമായി രൂപപ്പെട്ട അനുകൂല തരംഗത്തിനൊപ്പം യു.എസിനെതിരെ കൂടുതൽ രാജ്യങ്ങളുടെ പിന്തുണ തേടാനുള്ള തയ്യാറെടുപ്പിലാണ് ഇറാൻ. ഗൾഫ് മേഖലയിൽ രൂപപ്പെട്ട സങ്കീർണ സാഹചര്യത്തിന് അമേരിക്കയാണ് ഉത്തരവാദിയെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ അറിയിച്ചു. ഇരുവരും ദീർഘനേരം സ്ഥിതിഗതികൾ വിലയിരുത്തി. റഷ്യ, ചൈന എന്നീ വൻശക്തി രാജ്യങ്ങളുടെ പിന്തുണയിൽ വിഷയം യു.എൻ രക്ഷാസമിതിയിൽ ഉന്നയിക്കാനും ഇറാൻ ശ്രമിക്കുന്നുണ്ട്. അന്യായമായി വ്യോമാക്രമണം നടത്തി ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിനെതിരെ ഇറാഖ് നൽകിയ പരാതി രക്ഷാസമിതിക്ക് മുമ്പാകെയുണ്ട്. ആഭ്യന്തരതലത്തിലും യു.എസ് പ്രസിഡന്റ് ഡെണാൾഡ് ട്രംപിന് കുരുക്ക് മുറുകുകയാണ്. യു.എസ് പ്രതിനിധിസഭയിൽ ട്രംപിനെ വരുതിയിൽ നിർത്താൻ യുദ്ധാധികാര പ്രേമയം കൊണ്ടുവരാനാണ് നീക്കം.

ഖാസിം സുലൈമാനിയെ ഇറാഖിന്റെ മണ്ണിൽ കൊലപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ കൊലയെ ന്യായീകരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ എല്ലാ നിയമവശങ്ങളും കണക്കിലെടുത്താണ് ട്രംപ് ഓപ്പറേഷന് ഉത്തരവിട്ടതെന്നും വിശദീകരിച്ചു. ഏതെങ്കിലുമൊരു യു.എസ് പൗരനെ കൊലപ്പെടുത്തുമാറുള്ള അവിവേകത്തിന് ഇറാൻ മുതിരില്ലെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്ര ദൗത്യവുമായി ഗൾഫ് രാജ്യങ്ങൾ വീണ്ടും രംഗത്തു വന്നു. ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല തെഹ്റാനിൽ വിദേശകാര്യ മന്ത്രി ജവാദ് ശരീഫുമായി ചർച്ച നടത്തി