വെളിമ്പ്രദേശത്തെ മലമൂത്രവിസർജ്ജനം; കേന്ദ്ര വാദത്തെ തള്ളി പുതിയ സര്വേ
100 ശതമാനം ഗ്രാമങ്ങളും തുറന്ന പ്രദേശത്തെ മലമൂത്രവിസർജ്ജന ശീലത്തിൽ നിന്നും മുക്തമായതായി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു

വെളിമ്പ്രദേശത്തെ മലമൂത്രവിസർജ്ജന ശീലത്തിൽ നിന്നും രാജ്യത്തെ ഗ്രാമങ്ങൾ പൂർണമായും മുക്തമായെന്ന കേന്ദ്രസർക്കാർ അവകാശവാദത്തെ തള്ളി പുതിയ റിപ്പോർട്ടുകൾ പുറത്ത്.
രാജ്യത്തെ ഗ്രാമീണ മേഖലയിൽ നാലിലൊന്ന് വീടുകളിലും ടോയ്ലറ്റ് സൗകര്യങ്ങളില്ലെന്നാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻ.എസ്.ഒ) നടത്തിയ സർവേ വ്യക്തമാക്കുന്നത്.
തന്റെ ഗവൺമെന്റ് നടപ്പാക്കിയ ടോയ്ലറ്റ് നിർമ്മാണ മഹായത്നത്തിലൂടെ ഇന്ത്യയിലെ 100 ശതമാനം ഗ്രാമങ്ങളും തുറന്ന പ്രദേശത്തെ മലമൂത്രവിസർജ്ജന ശീലത്തിൽ നിന്നും മുക്തമായതായി കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ആ പ്രഖ്യാപനത്തോട് ഒട്ടും യോജിക്കാത്തതാണ് എൻ.എസ്.ഒ പുറത്തു വിട്ട പുതിയ വിവരങ്ങൾ.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിന വാർഷികമായ ഒക്ടോബർ 2 ഓടെ ഈ ലക്ഷ്യം കൈവരിക്കണമെന്നതായിരുന്നു മോദിയുടെ ദീർഘകാല ആഗ്രഹം. അതിനെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ രണ്ടിന് മോദി ഇങ്ങനെയൊരു പ്രഖ്യാപനം നടത്തിയതും.

പുറത്തു വന്ന പുതിയ വിവരങ്ങളനുസരിച്ച് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ചില സംസ്ഥാനങ്ങളിലെ അവസ്ഥ മനസ്സിലാക്കിയതിനേക്കാൾ മോശമാണ്. അഥവാ ഒഡീഷയുടെ അമ്പത് ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലും ശൗച്യാലയ സൗകര്യങ്ങളില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്.
93.3% ഗ്രാമീണ കുടുംബങ്ങൾക്കും ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണെന്ന് കാണിച്ച സർക്കാരിന്റെ മറ്റൊരു വാർഷിക റിപ്പോർട്ടായ 2018-19ലെ ദേശീയ ഗ്രാമീണ ശുചിത്വ സർവേയുടെ ഫലങ്ങളോടും പുതിയ റിപ്പോർട്ട് യോജിക്കുന്നില്ല.

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ ദശലക്ഷക്കണക്കിന് ടോയ്ലറ്റുകൾ പൊതു പണം ഉപയോഗിച്ച് നിർമ്മിച്ചതായി മോദി അവകാശപ്പെടുന്നുണ്ട്. ബി.ജെ.പി സർക്കാരിനു കീഴിലുള്ള ടോയ്ലറ്റ് നിർമ്മാണ പദ്ധതിയുടെ ഭാ
ഗമായി രാജ്യത്ത് 2017-18കാലയളവിൽ 30 മില്യണോളം പുതിയ ടോയ്ലറ്റുകൾ നിർമ്മിച്ചതായാണ് രേഖകൾ പറയുന്നത്.
ക്ലീൻ ഇന്ത്യ വെബ്സൈറ്റ് 2018 ഒക്ടോബറോടെ പുറത്തുവിട്ട വിവരങ്ങളിൽ ഗ്രാമപ്രദേശങ്ങളിലെ ശൗച്യാലയ സൗകര്യം 95 ശതമാനമാണെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ എൻ.എസ്.ഒ.യുടെ അതേ വർഷത്തെ ജൂലൈ-ഡിസംബർ കാലയളവിലെ സർവേയിൽ ഗ്രാമപ്രദേശങ്ങളിലെ ശൗച്യാലയ സൗകര്യം 71 ശതമാനം മാത്രമാണെന്നാണ് വെളിപ്പെടുത്തുന്നത്.

എന്നിരുന്നാലും, ഈ വിഷയത്തിൽ തങ്ങൾ നടത്തിയ 2012ലെ അവസാന സർവേയേക്കാൾ വലിയ പുരോഗതിയാണ് പുതിയ സർവേയിലുള്ളതെന്നാണ് എൻ.എസ്.ഒ റിപ്പോർട്ടിൽ പറയുന്നത്. അന്ന്
ഗ്രാമീണ മേഖലയിൽ 40.6 ശതമനമായിരുന്നു ശൗച്യാലയ സൗകര്യത്തിന്റെ തോത്.
ഔദ്യോഗിക കണക്കുകൾ എന്തൊക്കെയാണെങ്കിലും വെളിമ്പ്രദേശത്തെ മലമൂത്രവിസർജ്ജന സമ്പ്രദായം ഇപ്പോഴും തുടരുന്നുവെന്നതിന് ധാരാളം തെളിവുകളുണ്ട്.
2018 ഫെബ്രുവരിയിൽ തുറന്ന മലമൂത്ര വിസർജ്ജനം പൂർണ്ണമായും തുടച്ചുനീക്കിയതായി പ്രഖ്യാപിച്ച 11 സംസ്ഥാനങ്ങളിലെ ഒരു ഗ്രാമത്തിൽ 200 ലധികം ആളുകൾ ഇപ്പോഴും വെളിമ്പ്രദേശത്താണ് മലമൂത്രവിസർജ്ജനം നടത്തുന്നതെന്ന് ഹരിയാനയിലെ ഒരു സ്വകാര്യ മാധ്യമ പ്രവർത്തകൻ കഴിഞ്ഞ ഒക്ടോബറിൽ വെളിപ്പെടുത്തിയിരുന്നു.

ഈ വർഷമാദ്യം നടന്ന ഒരു പഠനത്തിൽ ബീഹാർ, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിൽ 44ശതമാനം ആളുകളും ഇപ്പോഴും വെളിമ്പ്രദേശത്താണ് മലമൂത്രവിസർജ്ജനം നടത്തുന്നതെന്ന് വെളിപ്പെടുത്തുന്നുണ്ട്.
ടോയ്ലെറ്റ് സൗകര്യമുണ്ടെങ്കിൽ പോലും ചിലർ ഇപ്പോഴും പഴയ ശീലം തുടരുന്നുണ്ട്. വളരെക്കാലമായി തുടർന്നു പോരുന്ന ശീലങ്ങളിൽ മാറ്റം വരുത്താനുള്ള മനസില്ലായ്മയാണിതിന് പ്രധാന കാരണം, പ്രായമായവർക്കിടയിൽ പ്രത്യേകിച്ചും.
എങ്കിലും കേന്ദ്രസർക്കാർ ഗ്രാമീണ ശുചിത്വത്തെക്കുറിച്ചുള്ള അവകാശവാദങ്ങളെ ന്യായീകരിക്കുകയും ചില സ്വതന്ത്ര പഠനങ്ങളുടെ രീതിശാസ്ത്രത്തെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്.