LiveTV

Live

International

ട്രംപിന് കോടതിയില്‍ കനത്ത തിരിച്ചടി

വൈറ്റ് ഹൌസ് കൌണ്‍സല്‍ പദവിയിലുണ്ടായിരുന്ന ഡോണള്‍ഡ് മഗാന്‍, ട്രംപുമായി ബന്ധപ്പെട്ട നിരവധി ഭരണ വിവരങ്ങള്‍ നേരിട്ട് അറിയുന്ന ഉദ്യോഗസ്ഥനാണ്

ട്രംപിന് കോടതിയില്‍ കനത്ത തിരിച്ചടി

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കോടതിയില്‍ കനത്ത തിരിച്ചടി. ട്രംപിന്റെ അടുത്ത സഹായിയും വൈറ്റ് ഹൌസിലെ മുന്‍ ഉദ്യോഗസ്ഥനുമായ ഡോണള്‍ഡ് മഗാന്‍ ഇംപീച്ച്മെന്റ് ഹിയറിങില്‍ മൊഴി നല്‍കണമെന്നാണ് കോടതിയുടെ വിധി. ഇംപീച്മെന്റ് നടപടിയില്‍ ട്രംപും ഡെമോക്രാറ്റുകളും തമ്മിലുള്ള പോരാട്ടത്തില്‍ ട്രംപിന് കനത്ത പ്രഹരമാണ് കോടതി വിധി.

വൈറ്റ് ഹൌസ് കൌണ്‍സല്‍ പദവിയിലുണ്ടായിരുന്ന ഡോണള്‍ഡ് മഗാന്‍, ട്രംപുമായി ബന്ധപ്പെട്ട നിരവധി ഭരണ വിവരങ്ങള്‍ നേരിട്ട് അറിയുന്ന ഉദ്യോഗസ്ഥനാണ്. 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന കേസിലും ഡെമോക്രാറ്റുകള്‍ കൊണ്ടു വരുന്ന ഇംപീച്മെന്റ് നടപടികളിലും മഗാന്‍ സാക്ഷിവിസ്താരത്തിന് ഹാജരാകണമെന്ന് കോടതി വിധിച്ചു. വാഷിങ്ടണിലെ യു.എസ് ഡിസ്ട്രിക്ട് കോടതിയുടേതാണ് വിധി. ഡോണള്‍ഡ് മഗാനെ സാക്ഷിവിസ്താരത്തില്‍ നിന്ന് ഒഴിവാക്കാനായി ട്രംപ് വിവിധ രൂപത്തിലുള്ള സമ്മര്‍ദം ചെലുത്തുകയായിരുന്നു. അതിനിടയില്‍ കോടതി വിധി കൂടി വന്നതോടെ ട്രംപ് സമ്മര്‍ദത്തിലായി.

ട്രംപിനെതിരെയുള്ള ഇംപീച്മെന്റിന്റെ ഭാഗമായുള്ള പൊതു തെളിവെടുപ്പ് അമേരിക്കയില്‍ തുടരുകയാണ്. രഹസ്യ സാക്ഷിമൊഴികള്‍ രേഖപ്പെടുത്തുന്നത് അവസാനിച്ചതോടെ പൊതു തെളിവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഡെമോക്രാറ്റ് നേതാവും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികളിലേക്ക് നയിച്ച പരാതി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളിയാണ് ജോ ബൈഡന്‍.