LiveTV

Live

International

ഫലസ്തീന്റെ നെഞ്ച് പിളര്‍ത്തി ഇസ്രയേലുണ്ടായ കഥ

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ സംഘടിത കുടിയേറ്റം തുടങ്ങിയിരുന്നു. 

ഫലസ്തീന്റെ നെഞ്ച് പിളര്‍ത്തി ഇസ്രയേലുണ്ടായ കഥ

ഫലസ്തീനെ പിളര്‍ത്തി ഇസ്രയേല്‍ രൂപീകരണത്തിന് വഴിയൊരുക്കിയ ബാല്‍ഫര്‍ പ്രഖ്യാപനത്തിന് ഇന്നേക്ക് 102 വര്‍ഷം പൂര്‍ത്തിയാകുകയാണ്. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ആര്‍തര്‍ ബാല്‍ഫര്‍ ,ജൂത നേതാവ് വാള്‍‌ട്ടര്‍ റോത്ത്ഷീല്‍ഡിനെഴുതിയ കത്തിലാണ് ഇസ്രയേല്‍ രാഷ്ട്രത്തിന്റെ പിറവി. ഒന്നാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടനെ സഹായിച്ചതിനുള്ള ഉപകാരസ്മരണ കൂടിയായിരുന്നു ജൂതന്മാര്‍ക്ക് സ്വന്തമായി രാജ്യം നല്‍കാനുള്ള തീരുമാനം.

പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഫലസ്തീനിലേക്കുള്ള ജൂതന്മാരുടെ സംഘടിത കുടിയേറ്റം തുടങ്ങിയിരുന്നു. സയണിസ്റ്റ് പ്രസ്ഥാനം രൂപീകൃതമായതോടെ ജൂതരാഷ്ട്രത്തിന് വേണ്ടിയുള്ള നീക്കം ശക്തമായി. ഒന്നാം ലോക മഹായുദ്ധ സമയത്ത് സാന്പത്തികമായി സഹായിച്ച ജൂതന്‍മാര്‍ക്ക് സ്വന്തമായി ഒരു രാഷ്ട്രം നല്‍കാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്തു. തുര്‍ക്കി ഖിലാഫത്തില്‍ നിന്ന് പിടിച്ചെടുത്ത ഫലസ്തീനില്‍ ‍ സ്വന്തമായ ഒരു രാജ്യം വാഗ്ദാനം ചെയ്ത് 1917 നവംബര്‍ രണ്ടിന് ആർതർ ബാൽഫർ ജൂതനേതാവ് വാള്‍ട്ടര്‍ റോത്ത് ഷീല്‍ഡിന് കത്തെഴുതി. ജൂതന്മാരുടെ അവകാശവാദത്തിന് എല്ലാ പിന്തുണയും കത്തില്‍ വാഗ്ദാനം ചെയ്തു. കേവലം 67 വാക്കുകള്‍ മാത്രം ഉണ്ടായിരുന്ന ഈ കത്ത് പതിറ്റാണ്ടുകള്‍ നീണ്ട രക്തച്ചൊരിച്ചിലിനും അന്ത്യമില്ലാത്ത സംഘര്‍ഷത്തിനും തുടക്കം കുറിച്ചു.

ഫലസ്തീന്റെ നെഞ്ച് പിളര്‍ത്തി ഇസ്രയേലുണ്ടായ കഥ

തങ്ങളുടേതല്ലാത്ത മറ്റൊരു ജനതയുടെ ഭൂമി മൂന്നാമതൊരു കക്ഷിക്ക് പതിച്ച് നല്‍കലായിരുന്നു ബ്രിട്ടന്റെ ഈ നടപടി. ഇതോടു കൂടി ഫലസ്തീനിലേക്കുള്ള ജൂത കുടിയേറ്റം ശക്തമായി. ഒന്നാം മഹാലോക യുദ്ധ ശേഷം ബ്രിട്ടന്‍ ശക്തരായി. 1921 ല്‍ തുര്‍ക്കി ഖിലാഫത്തിന്റെ പതനവും സംഭവിച്ചു. ഫലസ്തീനിലേക്കുള്ള കുടിയേറ്റവും തുടര്‍‌ന്നു. നാസികള്‍ പീഡിപ്പിച്ച യഹൂദര്‍ കൂട്ടത്തോടയെത്തി. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഫലസ്തീന്‍ ലഷ്യമാക്കി ജൂതരുടെ പലായനം തുടര്‍ന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ സഹായത്തോടെ കയ്യേറ്റം തുടങ്ങി. അറബികളും ജൂതന്‍മാരും പലപ്പോഴും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്വന്തം രാഷ്ട്രം എന്ന നിലപാടില്‍ യഹൂദര്‍ മുന്നോട്ട് പോയി.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഇസ്രയേല്‍ രാഷ്ട്രമെന്ന് ആവശ്യം ജൂതലോബി ശക്തമാക്കി. ദ്വിരാഷ്ട്രമെന്ന ഇസ്രയേലിന്റെ ആവശ്യത്തിന് പിന്തുണയുമായി അമേരിക്കയും രംഗത്തെത്തിയതോടെ കാര്യങ്ങള്‍ എളുപ്പമായി. അവസാനം ഐക്യരാഷ്ട്രസഭ ഫലസ്തീന്‍ വിഭജിച്ചു. അങ്ങനെ 1947 നവംബർ 29 ന് ഇസ്രയേല്‍ രാഷ്ട്രം പിറന്നു.

സ്വന്തം രാഷ്ട്രം എന്ന സ്വപ്നം പൂവണിഞ്ഞതോടെ ഇസ്രയേല്‍ ഫലസ്തീനികള്‍ക്കെതിരായ നിലപാട് കടുപ്പിച്ചു. കുടിയേറ്റവും കയ്യേറ്റവും തുടര്‍ക്കഥയായി. ലക്ഷക്കണക്കിന് ഫലസ്തീനികള്‍ അഭയാര്‍ഥികളായി. ദിവസം തോറും ഇസ്രയേലിന്റെ അതിര്‍ത്തി വ്യാപിച്ചു. ജറൂസലേം ഇരു രാജ്യങ്ങള്‍ക്കും വിട്ടുകൊടുക്കാതെ അന്താരാഷ്ട്ര മേല്‍നോട്ടത്തില്‍ ഭരിക്കണമെന്ന് യുഎന്‍ നിര്‍ദേശം കാറ്റില്‍ പറത്തി. സ്വാതന്ത്രത്തിനു മേലുള്ള അവകാശ ലംഘനമായ ഇസ്രയേല്‍ രാഷ്ട്ര പ്രഖ്യാപനത്തെ അംഗീകരിക്കാന്‍ ഫലസ്തീനികളും അറബികളും ഒരിക്കലും തയ്യാറായിരുന്നില്ല. അറബ് രാഷ്ട്രങ്ങളും - ഇസ്രയേലും ഏറ്റുമുട്ടി. യുദ്ധത്തില്‍ അറബ് രാഷ്ട്രങ്ങള്‍ പരാജയപ്പെട്ടു. 1967 ല്‍ വീണ്ടും അറബ് - ഇസ്രയേല്‍ യുദ്ധം നടന്നു. 6 ദിവസം കൊണ്ട് ഇസ്രയേൽ ഗാസാ മുനമ്പും സീനായ് ഉപദ്വീപും, വെസ്റ്റ് ബാങ്കും ഗോലാൻ കുന്നും കൈക്കലാക്കി. 1978 ല്‍ ക്യാന്പ് ഡേവിഡ് കരാറിന്റെ ഭാഗമായി സീനായ് ഉപദ്വീപ് ഈജിപ്തിന് കൈമാറി.

ഫലസ്തീന്റെ നെഞ്ച് പിളര്‍ത്തി ഇസ്രയേലുണ്ടായ കഥ

അധിനിവേശം തുടര്‍ന്നതോടെ ഇസ്രയേലിനെതിരെ ഫലസ്തീനില്‍ പ്രതിഷേധങ്ങള്‍ ശക്തമായി. വിവിധ കൂട്ടായ്മകള്‍ രൂപം കൊണ്ടു. ശൈഖ് അഹമ്മദ് യാസീസിന്റെ നേതൃത്വത്തില്‍ ഹമാസും യാസര്‍ അറഫാത്തിന്റെ നേതൃത്വത്തില്‍ പി.എല്‍.ഒയും ഫലസ്തീന്‍ വിമോചന പോരാട്ടങ്ങള്‍ക്ക് മുന്നില്‍. ഒരു തരത്തിലും ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് നിലപാടുമായി ഹമാസ് വിമോചന പോരാട്ടം തുടര്‍ന്നു. അതിനിടയില്‍ പി.എല്‍.ഒ ഇസ്രയേലുമായി കരാറിലേര്‍പ്പെടാന്‍ തീരുമാനിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റാബിനും പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും തമ്മില്‍ 1993 ല്‍ സമാധാന കരാറില്‍ ഒപ്പുവെച്ചു. ഇതാണ് ഓസ്‍ലോ കരാര്‍. 1967 ലെ യുദ്ധത്തില്‍ ഇസ്രയേല്‍ കയ്യേറിയ സ്ഥലങ്ങളില്‍ നിന്ന് പിന്മാറി ഗസ്സയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കും, ഇസ്രയേലിനെ അംഗീകരിക്കും തുടങ്ങി സുപ്രധാന വ്യവസ്ഥകളായിരുന്നു ഓസ്‍ലോ കരാറിലുണ്ടായിരുന്നത്. അഞ്ച് വര്‍ഷ കാലാവധിയില്‍ രൂപീകരിച്ച കരാര്‍ 1998 ല്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു വ്യവസ്ഥ. കരാര്‍ കാലാവധി അവസാനിച്ചിട്ട് രണ്ട് പതിറ്റാണ്ടിന് ശേഷവും സ്വതന്ത്ര ഫലസ്തീനെന്ന ആവശ്യം ഇപ്പോഴും ദിവാസ്വപ്നമായി തുടരുകയാണ്. ആക്രമണങ്ങള്‍ തുടര്‍ന്ന് ഇസ്രയേല്‍ തങ്ങളുടെ അതിര്‍ത്തി വ്യാപിച്ചുകൊണ്ടേയിരിക്കുന്നു.