ബ്രക്സിറ്റ് അനിശ്ചിതാവസ്ഥക്കിടയില് പൊതു തെരഞ്ഞെടുപ്പിനൊരുങ്ങി ബ്രിട്ടന്
ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്‍ പാര്‍ലമെന്റ് ഐക്യകണ്ഠേന പാസാക്കിയിരിക്കുകയാണ്

ബ്രക്സിറ്റ് സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടയില്‍ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ബ്രിട്ടന്. ഡിസംബര്‍ 12ന് പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബില്‍ പാര്‍ലമെന്റ് ഐക്യകണ്ഠേന പാസാക്കിയിരിക്കുകയാണ്.
ബ്രക്സിറ്റ് നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമിടാന്‍ പൊതു തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് ബ്രിട്ടന്. എം. പിമാര്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തിയിട്ടും അനുകൂലമായ ഒരു വിധി നേടാന്‍ ബോറിസ് ജോണ്‍സണിന് ആയിരുന്നില്ല. തുടര്‍ന്ന് നടത്തിയപൊതു തിരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള നിര്‍ണായകമായ വോട്ടെടുപ്പില്‍ ഭൂരിപക്ഷം എം.പിമാരും ഡിസംബര്‍ 12ന് വോട്ടെടുപ്പ് നടത്തുന്നതിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു. അതിനാല്‍ തന്നെ ബ്രക്സിറ്റ് വിഷയത്തില്‍ ക്രിസ്മസിന് മുന്‍പായി ഒരു തീര്‍പ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇലക്ഷന് ബില്‍ പാര്‍ലമെന്റിന്റെ അടുത്ത സഭയായ ഹൌസ് ഓഫ് ലോര്‍ഡ്സില്‍ അവതരിപ്പിക്കും എന്നാല്‍ ഈ കാര്യത്തില്‍ കാര്യമായ ഒരു എതിര്‍പ്പും ഉന്നയിക്കപ്പെടില്ല എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇലക്ഷന് ബില്‍ ഔദ്യോഗികമായ നിയമമായി പാസാക്കപ്പെട്ടാല്‍ ഇലക്ഷന് നടപടികള്‍ ആരംഭിക്കും.
1923 ന് ശേഷം ഇതാദ്യമായാണ് ബ്രിട്ടനില്‍ ഡിസംബര്‍ മാസത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടത്തപ്പെടുന്നത്. ഒക്ടോബര്‍ 31 ന് ബ്രക്സിറ്റ് നടപ്പാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ജനുവരി 31 വരെ യൂറോപ്യന്‍ യൂണിയന് സമയം നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം. ഇലക്ഷനിലൂടെ കണ്‍സെര്‍വേറ്റിവ് പാര്‍ട്ടിക്ക് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്താന്‍ കഴിയുമെന്നും ഇതിലൂടെ ബ്രെക്സിറ്റ് ഡീല്‍ നടപ്പാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബോറിസ്. ഒരു തലമുറയില്‍ ലഭിക്കുന്ന അത്യപൂര്‍വ്വമായ അവസരം എന്നാണ് ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്ബിന് അഭിപ്രായപ്പെട്ടത്. രാജ്യത്തിന്റെ സമൂലമായ മാറ്റത്തിന് നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഒരു ഉത്തരമായിരിക്കും ഈ ഇലക്ഷനിലൂടെ ലഭിക്കുക എന്ന് അദ്ദേഹം പറഞ്ഞു.