LiveTV

Live

International

അമേരിക്കൻ ജനപ്രതിനിധി സഭയിൽ ചൂടേറിയ ചർച്ചാവിഷയമായി കശ്മീറും അസം പൗരത്വ രജിസ്റ്ററും 

അസമില്‍ പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കു വേണ്ടി ഇന്ത്യൻ ഭരണകൂടം നിർമിക്കുന്ന ക്യാമ്പുകൾ റോഹിങ്ക്യ കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നുവെന്നും ഇൽഹാൻ ഉമര്‍

അമേരിക്കൻ ജനപ്രതിനിധി സഭയിൽ ചൂടേറിയ ചർച്ചാവിഷയമായി കശ്മീറും അസം പൗരത്വ രജിസ്റ്ററും 

വാഷിങ്ടൺ: കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ ആശങ്ക രേഖപ്പെടുത്തി അമേരിക്കൻ ജനപ്രതിനിധികൾ. യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിന്റെ (ജനപ്രതിനിധി സഭ) വിദേശകാര്യ സമിതിയുടെ 'ദക്ഷിണേഷ്യയിലെ മനുഷ്യാവകാശം' സംബന്ധിച്ച വാദംകേൾക്കലിലാണ് ഇന്ത്യൻ വംശജയായ യു.എസ് സെനറ്റ് അംഗം പ്രമീല ജയപാൽ, ഇൽഹാൻ ഉമർ തുടങ്ങിയവർ കശ്മീർ, അസമിലെ പൗരത്വ രജിസ്റ്റർ തുടങ്ങിയ സംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയത്.

'ജമ്മു കശ്മീരിൽ പൊതുജന സുരക്ഷാ നിയമപ്രകാരം 4000 പേരെ തടവിലാക്കി എന്നാണ് ഇന്ത്യയിലെ ഒരു മജിസ്‌ട്രേറ്റ് റിപ്പോർട്ട് ചെയ്തത്. കുറ്റപത്രമോ വിചാരണയോ ഇല്ലാതെ ജനങ്ങളെ രണ്ടു വർഷം വരെ തടവിൽ വെക്കാൻ അധികൃതരെ അനുവദിക്കുന്ന വിവാദനിയമവും നിലവിലുണ്ട്. ആഗസ്റ്റ് മുതൽ ഒമ്പത് വയസ്സുകാരനടക്കം 144 കുട്ടികളെ ജമ്മു കശ്മീർ പൊലീസ് തടവിലാക്കി എന്ന് കോടതി ആവശ്യപ്പെട്ട ഒരു റിപ്പോർട്ടിൽ പറയുന്നു.' - പ്രമീല ജയ്പാൽ വാദംകേൾക്കലിനിടെ പറഞ്ഞു. ഇക്കാര്യത്തിൽ യു.എസ് ആഭ്യന്തരവകുപ്പ് എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോ എന്നും അവർ ചോദിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈവശമില്ല എന്നായിരുന്നു സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധി നൽകിയ മറുപടി. കശ്മീരിൽ തടവിലാക്കപ്പെട്ട് ചികിത്സ നിഷേധിക്കപ്പെടുന്ന ഡോ. മുബീൻ ഷാക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹത്തെ മോചിപ്പിച്ചോ എന്നകാര്യം അറിയില്ലെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് സെക്രട്ടറി ആലിസ് വെൽസ് പറഞ്ഞു.

ബി.ജെ.പി സർക്കാറിന്റെ 'ഹിന്ദുദേശീയതാ പ്രൊജക്ടി'ന്റെ ഭാഗമാണ് കശ്മീരിലെയും അസം പൗരത്വ രജിസ്റ്ററിലെയും നടപടികൾ എന്നാണ് ഇൽഹാൻ ഉമർ ആരോപിച്ചത്.

'ഇന്ത്യയുമായുള്ള നമ്മുടെ പങ്കാളിത്തം ജനാധിപത്യത്തിന്റെയും മതകീയ ബഹുസ്വരതയുടെയും മനുഷ്യാവകാശത്തോടുള്ള ബഹുമാനത്തിന്റെയും പങ്കാളിത്തം അടിസ്ഥാനമാക്കിക്കൂടിയാണ്. മോദിക്കും ബി.ജെ.പി സർക്കാറിനും കീഴിൽ ഈ വ്യക്തിഗത മൂല്യങ്ങളെല്ലാം ഭീഷണി നേരിടുകയാണ്. കശ്മീരിലെ പ്രശ്‌നങ്ങൾ ഒരു സമഗ്ര ഹിന്ദു ദേശീയതാ പദ്ധതിയുടെ ഭാഗമാണെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.' - ഇൽഹാൻ പറഞ്ഞു. ഇതിനു മറുപടി പറഞ്ഞ അസി. സെക്രട്ടറി ആലിസ് വെൽസ്, കശ്മീർ വിഷയം ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും പരിഗണനയിൽ ആണെന്നും എന്നാൽ, ആലിസ് വെൽസ്, കശ്മീരി ജനതക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും സമാധാനപൂർവം പ്രതിഷേധിക്കാൻ പോലും കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്ന് പറഞ്ഞു.

അസം പൗരത്വ രജിസ്റ്റർ വിഷയം മുസ്ലിംകളെ മാത്രം ലക്ഷ്യംവെച്ചുള്ളതാണെന്നും പൗരത്വം തെളിയിക്കാൻ കഴിയാത്തവർക്കു വേണ്ടി ഇന്ത്യൻ ഭരണകൂടം നിർമിക്കുന്ന ക്യാമ്പുകൾ റോഹിങ്ക്യ കൂട്ടക്കുരുതിയെ ഓർമിപ്പിക്കുന്നുവെന്നും ഇൽഹാൻ പറഞ്ഞു. 'അസമിലെ മുസ്ലിംകളെ ആ ക്യാമ്പിൽ അടക്കാനാണോ നമ്മൾ കാത്തിരിക്കുന്നത്?' - അവർ ചോദിച്ചു. പൗരത്വരജിസ്റ്ററിൽ നിന്ന് പുറത്തായവരുടെ അപ്പീൽ പരിഗണിക്കുന്ന സമയമാണിതെന്നും അത് കഴിയുന്നതുവരെ കാത്തിരിക്കാൻ ജനാധിപത്യരാജ്യം എന്നനിലയിൽ അമേരിക്ക ബാധ്യസ്ഥരാണെന്നും ആലിസ് വെൽസ് മറുപടി നൽകി. പണവും വിദ്യാഭ്യാസവുമില്ലാത്തവർക്ക് അപ്പീൽ പോകാൻ ബുദ്ധിമുട്ടാണെന്ന വസ്തുത നിലനിൽക്കുന്നുണ്ടെന്നും ഈ വിഷയത്തിൽ അമേരിക്കയുടെ ആശങ്ക ഇന്ത്യ കേൾക്കുമെന്നാണ് കരുതുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇത് നിരീക്ഷിക്കുന്നുണ്ടെന്നും ആലിസ് വ്യക്തമാക്കി.

പൗരത്വം തെളിയിക്കേണ്ടത് മുസ്ലിംകൾ മാത്രമായിരിക്കുമെന്ന് വ്യക്തമാക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകൾ ഉദ്ധരിച്ച ഇൽഹാൻ, ഈ വിഷയത്തിൽ അമേരിക്കയുടെ ആശങ്ക ഇന്ത്യയെ അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.