LiveTV

Live

International

39 മൃതദേഹങ്ങൾ കണ്ടെയ്‌നറിൽ; മനുഷ്യക്കടത്തെന്ന് പ്രാഥമിക നിഗമനം

മരിച്ചനിലയിൽ കണ്ടെത്തിയ മുഴുവനാളുകളും ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിക്കുകയായിരുന്നുവെന്നും നാലു ദിവസമായി കണ്ടെയ്‌നറിൽ തന്നെയായിരുന്നു എന്നുമാണ് സൂചന.

39 മൃതദേഹങ്ങൾ കണ്ടെയ്‌നറിൽ; മനുഷ്യക്കടത്തെന്ന് പ്രാഥമിക നിഗമനം

ബ്രിട്ടനിലെ എസക്‌സിൽ കണ്ടെയ്‌നർ ലോറിക്കുള്ളിൽ 39 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നു പുലർച്ചെ വാട്ടർഗ്ലേഡ് ഇൻഡസ്ട്രിയിൽ പാർക്കിനു സമീപമാണ് കൗമാരക്കാരന്റേതടക്കമുള്ള മൃതദേഹങ്ങളുമായി ലോറി പിടിച്ചെടുത്തത്. ഡ്രൈവറായ 24-കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് വരികയാണ്. ബൾഗേറിയൻ രജിസ്‌ട്രേഷനിലുള്ള ലോറിയിൽ ബ്രിട്ടനിലേക്ക് മനുഷ്യരെ കടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത് എന്നാണ് പൊലീസ് സംശയിക്കുന്നത്.

വെയിൽസിലെ ഹോളിഹെഡ് തുറമുഖം വഴിയാണ് കണ്ടെയ്‌നർ ലോറി ബ്രിട്ടനിൽ പ്രവേശിച്ചത് എന്നാണ് കരുതുന്നത്. മരിച്ചനിലയിൽ കണ്ടെത്തിയ മുഴുവനാളുകളും ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിക്കുകയായിരുന്നുവെന്നും നാലു ദിവസമായി കണ്ടെയ്‌നറിൽ തന്നെയായിരുന്നു എന്നുമാണ് സൂചന. എന്നാൽ, ഇവർ എവിടത്തുകാരാണെന്നോ എങ്ങോട്ട് പോകാനാണ് ശ്രമിച്ചത് എന്നോ വ്യക്തമല്ലെന്നും മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമാകാൻ ദിവസങ്ങളെടുക്കുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.

രണ്ട് പതിറ്റാണ്ടിനിടെ സമാനമായ രീതിയിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2000-ൽ ബെൽജിയത്തിൽ നിന്ന് തക്കാളി ലോറിയിൽ ബ്രിട്ടനിലേക്ക് കുടിയേറാൻ ശ്രമിച്ച 58 ചൈനീസ് വംശജർ സമാനരീതിയിൽ കൊല്ലപ്പെട്ടിരുന്നു. 2000 ജൂൺ 18-ന് ഡോവറിലെത്തിയ തക്കാളി ലോറിയിൽ 54 പുരുഷന്മാരുടെയും നാല് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് അധികൃതർ കണ്ടെത്തിയത്. കണ്ടെയ്‌നറിന്റെ വായുദ്വാരങ്ങൾ അടച്ചതിനാൽ ഇവർ ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ലോറി ഡ്രൈവർ പെറി വാക്കർ കൊലപാതകക്കുറ്റത്തിന് 14 വർഷം തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

2014-ൽ ബെൽജിയത്തിൽ നിന്ന് ഷിപ്പിംഗ് കണ്ടെയ്‌നറിൽ കയറി കുടിയേറാൻ ശ്രമിച്ച 15 കുട്ടികളടക്കമുള്ള 36 അഫ്ഗാൻ സിഖ് വംശജർ എസക്‌സിൽ പിടിയിലായിരുന്നു.