LiveTV

Live

International

ശ്രമങ്ങൾ പരാജയം; ഗവണ്മെന്റ് രൂപീകരണ ശ്രമത്തിൽ നിന്ന് നെതന്യാഹു പിന്മാറി 

അഴിമതിക്കേസുകളിൽ നെതന്യാഹു കുടുങ്ങുമെന്ന റിപ്പോർട്ടുകളും ശക്തമാണ്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെടുന്നുണ്ട്.

ശ്രമങ്ങൾ പരാജയം; ഗവണ്മെന്റ് രൂപീകരണ ശ്രമത്തിൽ നിന്ന് നെതന്യാഹു പിന്മാറി 

ഗവൺമെന്റുണ്ടാക്കാനുള്ള നീക്കങ്ങളിൽ നിന്ന് പിന്മാറുന്നതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ മറ്റു കക്ഷികളുമായി ചേർന്ന് ഗവൺമെന്റ് രൂപീകരിക്കാൻ നെതന്യാഹുവിന് പ്രസിഡണ്ട് റ്യുവെൻ റിവ്‌ലിൻ അവസരം നൽകിയിരുന്നു. എന്നാൽ, മുഖ്യഎതിരാളിയും മുൻ സൈനിക മേധാവിയുമായ ബെന്നി ഗാന്റ്‌സുമായി സമവായത്തിലെത്താനോ മുൻ പ്രതിരോധമന്ത്രി അവിദോർ ലീബർമാന്റെ പാർട്ടിയുടെ പിന്തുണ നേടാനോ നെതന്യാഹുവിന് കഴിഞ്ഞില്ല. ഇതോടെയാണ്, ഗവൺമെന്റ് രൂപീകരണ ശ്രമങ്ങളിൽ നിന്ന് പിന്മാറുന്ന കാര്യം ലിക്കുഡ് പാർട്ടി തലവനായ നെതന്യാഹു പ്രഖ്യാപിച്ചത്. ഇതോടെ 2019-ൽ തന്നെ മൂന്നാമത്തെ തെരഞ്ഞെടുപ്പിനും ഇസ്രയേൽ സാക്ഷ്യം വഹിക്കാനുള്ള സാധ്യത ശക്തമായി.

ഇസ്രയേൽ പാർലമെന്റായ നെസറ്റിൽ 120 സീറ്റാണുള്ളത്. സെപ്തംബർ 17ന് പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലപ്രകാരം നെതന്യാഹുവിന്റെ ലിക്കുഡിന് 32 സീറ്റും ഗാന്റ്‌സിന്റെ ബ്ലൂ ആന്റ് വൈറ്റ് പാർട്ടിക്ക് 33-ഉം സീറ്റാണുള്ളത്. ലിക്കുഡ് ഉൾപ്പെട്ട മുന്നണിക്ക് 55 സീറ്റ് ലഭിച്ചെങ്കിലും ഭൂരിപക്ഷം നേടാൻ കഴിഞ്ഞില്ല. ഗാന്റ്‌സുമായി ചേർന്ന് വിശാല ഗവൺമെന്റുണ്ടാക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. നെതന്യാഹു വീണ്ടും അധികാരത്തിലെത്തുന്നത് തടയുന്നതിനായി 13 സീറ്റുകളുള്ള അറബ്, ഫലസ്തീൻ വംശ പാർട്ടികൾ ഗാന്റ്‌സിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

'കഴിഞ്ഞ ഏതാനും ആഴ്ചകളായി ബെന്നി ഗാന്റ്‌സിനെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലായിരുന്നു ഞാൻ. വിശാല ദേശീയ ഗവൺമെന്‌റ് രൂപീകരിക്കുകയും മറ്റൊരു തെരഞ്ഞെടുപ്പു കൂടി ഉണ്ടാകാനുള്ള സാഹചര്യം തടയുകയുമായിരുന്നു ലക്ഷ്യം. പക്ഷേ, ഗാന്റ്‌സ് തുടരെത്തുടരെ അത് നിരസിച്ചു.' - നെതന്യാഹു പറഞ്ഞു.

നെതന്യാഹു നിസ്സഹായത അറിയിച്ചതോടെ പ്രസിഡണ്ട് റിവ്‌ലിൻ ഗവൺമെന്റ് രൂപീകരിക്കാനുള്ള ചർച്ചകളുമായി ബെന്നി ഗാന്റ്‌സിനെ സമീപിക്കാനൊരുങ്ങുകയാണ്. ഗാന്റ്‌സിന്റെ നേതൃത്വത്തിൽ 'ഉദാര ഐക്യ ഭരണകൂടം' രൂപീകരിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലൂ ആന്റ് വൈറ്റ് പാർട്ടി പ്രസ്താവനയിൽ അറിയിച്ചിട്ടുണ്ട്. അതേസമയം, മാന്ത്രികസംഖ്യ തികയ്ക്കാൻ ഗാന്റ്‌സിനും കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെ വന്നാൽ, ഇസ്രയേൽ ഒരു തെരഞ്ഞെടുപ്പ് കൂടി നേരിടേണ്ടി വരും.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ അഴിമതിക്കേസുകളിൽ നെതന്യാഹു കുടുങ്ങുമെന്ന റിപ്പോർട്ടുകളും ശക്തമാണ്. 70-കാരന്റെ പേര് പരാമർശിക്കപ്പെട്ട മൂന്നു കേസുകളിൽ നെതന്യാഹുവിനെ കക്ഷിചേർക്കണോ എന്ന കാര്യം വരുംദിവസങ്ങളിൽ ഇസ്രയേൽ അറ്റോണി ജനറൽ തീരുമാനിക്കും. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രാഷ്ട്രീയമായി തന്നെ വേട്ടയാടുകയാണ് ചെയ്യുന്നതെന്നും നെതന്യാഹു അവകാശപ്പെടുന്നുണ്ട്.