LiveTV

Live

International

ഇസ്രയേൽ അതിർത്തിക്ക് തൊട്ടടുത്ത് സൈനിക സന്നാഹമൊരുക്കി ഇറാൻ

ഇസ്രയേൽ സൈനിക ഇന്റലിജൻസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരായ ബ്രി. ജന. ഷിമോൺ ഷാപിറ, കേണൽ ജാക്വസ് നെരിയ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്

ഇസ്രയേൽ അതിർത്തിക്ക് തൊട്ടടുത്ത് സൈനിക സന്നാഹമൊരുക്കി ഇറാൻ

പശ്ചിമേഷ്യയിൽ ഇറാന്റെ സ്വാധീനം ഇല്ലാതാക്കാൻ ഇസ്രയേൽ ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെ, സയണിസ്റ്റ് രാഷ്ട്രത്തിന്റെ അതിർത്തിക്ക് തൊട്ടടുത്ത് സൈനിക സന്നാഹം ശക്തമാക്കി ഇറാൻ. ലബനാനിൽ നിന്ന് യുദ്ധത്തിലൂടെ ഇസ്രയേൽ പിടിച്ചെടുത്ത ഗൊലാൻ കുന്നുകളുടെ ഒരു ഭാഗത്താണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷനറി ഗാർഡും അവരുടെ സഹായമുള്ള പ്രാദേശിക പോരാളികളും കഠിന പരിശ്രമത്തിലൂടെ സൈനിക മുന്നണിയൊരുക്കിയിരിക്കുന്നത്.

ഇറാന്റെ ഒന്നാം മുന്നണി ഇസ്രയേലിന്റെ വടക്കുഭാഗത്തായി ദക്ഷിണ ലബനാനിലാണുള്ളത്. ഇവിടെ നിന്ന് കിഴക്കുമാറിയാണ് 1967-ൽ യുദ്ധത്തിലൂടെ ഇസ്രയേൽ കൈക്കലാക്കിയ ഗൊലാൻ കുന്നുകൾ സ്ഥിതിചെയ്യുന്നത്. ഇവിടെ ആകാശത്ത് ആധിപത്യം ഇസ്രയേലിനാണെങ്കിലും അതിർത്തിയോട് തൊട്ടുകിടക്കുന്ന സ്ഥലത്ത് ഇറാൻ ആധിപത്യം സ്ഥാപിച്ചുവെന്ന് മുൻ ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ലെബനാന്റെ ഉടമസ്ഥതയിലുള്ള ഗൊലാൻ ഭാഗത്ത് ഇറാൻ സൈനിക സന്നാഹം ഒരുക്കിയതായി കഴിഞ്ഞ മാസം 'ജറുസലം സെന്റർ ഫോർ പബ്ലിക് അഫയേഴ്‌സ്' പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

ഇസ്രയേൽ സൈനിക ഇന്റലിജൻസിൽ നിന്ന് വിരമിച്ച ഉന്നത ഉദ്യോഗസ്ഥരായ ബ്രി. ജന. ഷിമോൺ ഷാപിറ, കേണൽ ജാക്വസ് നെരിയ എന്നിവരാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഗൊലാനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള സിറിയയിലെ ലജാത്ത് ലാവപ്പാടത്തുനിന്ന് ഇറാൻ സൈന്യവും ഹിസ്ബുല്ല പോരാളികളും കൃത്യമായ ആസൂത്രണത്തോടെ പടിഞ്ഞാറേക്ക് മുന്നേറുകയും ഇസ്രയേൽ അതിർത്തിക്ക് തൊട്ടടുത്ത് സ്ഥാനമുറപ്പിക്കുകയും ചെയ്തത് എപ്രകാരമെന്ന് വിശദമാക്കുന്നതാണ് റിപ്പോർട്ട്. റെവല്യൂഷനറി ഗാർഡ്, ഹിസ്ബുല്ല എന്നിവക്കു പുറമെ ഇവർ റിക്രൂട്ട് ചെയ്ത സിറിയൻ പോരാളികളും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പലയിടങ്ങളിലായി ഇസ്രയേൽ അതിർത്തിക്കു സമീപം പലയിടങ്ങളിലായി ഇവർ സൈനിക കേന്ദ്രങ്ങൾ ഉറപ്പിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

സിറിയയിലെ ആഭ്യന്തര സംഘർഷങ്ങളിൽ നേട്ടമുണ്ടാക്കാൻ ഇറാന് കഴിഞ്ഞുവെന്നും ലജാത്തിൽ അവർക്ക് വലിയ സന്നാഹങ്ങളോടു കൂടിയ സൈനിക താവളമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വ്യോമസംവിധാനങ്ങളിൽ ഇസ്രയേലിന് മുൻതൂക്കമുണ്ടെങ്കിലും ഒരു യുദ്ധമുണ്ടായാൽ കരയിലെ മുൻതൂക്കം മുതലെടുക്കാൻ ഇറാന് കഴിഞ്ഞേക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.