ഗ്രെറ്റ തന്‍ബര്‍ഗ് നോബല്‍ സമ്മാനത്തിനുള്ള പരിഗണനയില്‍
അവാര്‍ഡിനര്‍ഹയായാല്‍ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ബഹുമതിക്കും ഗ്രെറ്റക്ക് ലഭിക്കും

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന കൌമാരക്കാരി ഗ്രെറ്റ തന്‍ബെര്‍ഗ് നോബല്‍ സമ്മാനത്തിനുള്ള പരിഗണനയില്‍. അവാര്‍ഡിനര്‍ഹയായാല്‍ ഏറ്റവും പ്രായം കുറഞ്ഞ പുരസ്കാര ജേതാവെന്ന ബഹുമതിക്കും ഗ്രെറ്റക്ക് ലഭിക്കും. എന്നാല്‍ 16 വയസു മാത്രമുള്ള ഗ്രെറ്റയുടെ സമര രീതികളടക്കം വിലയിരുത്തിയാവും പുരസ്കാര സമിതി ജേതാവിനെ നിര്‍ണയിക്കുക.
കാലാവസ്ഥ മാറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭങ്ങളും അതിന് ലോക വ്യാപകമായി ലഭിക്കുന്ന അംഗീകരാവുമാണ് ഗ്രെറ്റയെ നോബല്‍ പരിഗണനയിലെത്തിച്ചത്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും ഐക്യരാഷ്ട്ര സംഘനയിലിടക്കം നടത്തിയ പ്രസംഗങ്ങളും ഇടപെടലുകളുമാണ് 16 വയസുകാരിയെ രണ്ടാം വട്ടവും പുരസ്കാര സമിതിക്ക് മുന്നിലെത്തിച്ചത്. 2018 ല്‍ ലോകത്തെ സ്വാധിനിച്ച 100 പേരിലൊരാളായി ടൈം മാഗസിന് തെരഞ്ഞെടുത്ത ഗ്രെറ്റ കഴിഞ്ഞ വര്‍ഷം സ്വീഡിഷ് വുമണ്‍ ഓഫ് ദി ഇയറടക്കം നിരവധി പുരസ്കാരങ്ങളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
എത്യോപ്യന്‍ പ്രധാനമന്ത്രി ആബി അഹമ്മദ്, യു.എന്‍ അഭയാര്‍ഥി സമിതി അധ്യക്ഷന്‍ ഫിലിപ്പോ ഗ്രാന്റി എന്നിവരാണ് ഗ്രെറ്റക്ക് പുറമേ സമാധാനത്തിനുള്ള നോബലിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍. അതേ സമയം ഗ്രെറ്റയുടെ പ്രായമടക്കമുള്ള ഘടകങ്ങളും സ്കൂള്‍ മുടക്കിയുള്ള സമര രീതികളും ഒരു പക്ഷേ തിരിച്ചടിയാവാനും സാധ്യതയുണ്ട്. മാധ്യമങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ അടക്കം ഗ്രെറ്റ നടത്തിയ വിവാദ പരാമര്‍ശങ്ങളും അന്തിമ പരിഗണനയെ സ്വാധീനിക്കാനിടയുണ്ടന്നാണ് വിദഗ്ദരുടെ അഭിപ്രായം.