LiveTV

Live

International

മോദിയെ തൊട്ടടുത്തു നിർത്തി നെഹ്‌റുവിനെ പ്രകീർത്തിച്ച് യു.എസ് പ്രതിനിധി; സോഷ്യൽ മീഡിയയിൽ തരംഗം 

യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയർ മോദിയെ തൊട്ടരികിൽ നിർത്തിയാണ് ആധുനിക ഇന്ത്യയെ നിർമിക്കുന്നതിൽ നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്.

മോദിയെ തൊട്ടടുത്തു നിർത്തി നെഹ്‌റുവിനെ പ്രകീർത്തിച്ച് യു.എസ് പ്രതിനിധി; സോഷ്യൽ മീഡിയയിൽ തരംഗം 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ 'ഹൗഡി മോദി' പരിപാടി ജനപങ്കാളിത്തം കൊണ്ടും യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. ടെക്‌സാസ് ഇന്ത്യ ഫോറം ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 50,000-ലധികമാളുകളാണ് പങ്കെടുത്തത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ പ്രവർത്തകരും ഇന്ത്യൻ വംശജരും നടത്തിയ പ്രതിഷേധങ്ങൾക്കിടെ നടന്ന 'ഹൗഡി മോദി' വൻവിജയമാണെന്നാണ് സംഘാടകർ അവകാശപ്പെട്ടത്. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം എന്ത് മോദി ഇതേപ്പറ്റി അഭിപ്രായപ്പെടുകയും ചെയ്തു.

ലോകം ശ്രദ്ധിച്ച പരിപാടിയിൽ പക്ഷേ, നരേന്ദ്ര മോദിയും അദ്ദേഹം നയിക്കുന്ന രാഷ്ട്രീയപക്ഷവും ഇഷ്ടപ്പെടാത്ത ഒരുകാര്യം നടന്നു; ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് അമേരിക്കയുടെ പ്രശംസ. യു.എസ് ഹൗസ് മജോറിറ്റി ലീഡറായ സ്‌റ്റെനി എച്ച് ഹോയർ മോദിയെ തൊട്ടരികിൽ നിർത്തിയാണ് ആധുനിക ഇന്ത്യയെ നിർമിക്കുന്നതിൽ നെഹ്‌റുവിന്റെ പ്രാധാന്യം എടുത്തുപറഞ്ഞത്. 'മഹാത്മാഗാന്ധിയുടെ അധ്യാപനങ്ങളും നെഹ്‌റുവിന്റെ ദർശനവും' ഹോയർ പരാമർശിക്കുമ്പോൾ മോദി നിശ്ശബ്ദനായി നോക്കിനിൽക്കുകയായിരുന്നു.

'ബഹുസ്വരതയെ ബഹുമാനിക്കുകയും ഓരോവ്യക്തിയുടെയും മനുഷ്യാവകാശങ്ങൾ പാലിക്കുകയും ചെയ്യുകയെന്ന ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെ ദർശനവും മുൻനിർത്തി ഭാവി സുരക്ഷിതമാക്കുന്ന, പൗരാണിക പാരമ്പര്യത്തിൽ അഭിമാനിക്കുന്ന രാജ്യമാണ് ഇന്ത്യ' എന്നായിരുന്നു ഹോയറുടെ പരാമർശം. ഇന്ത്യ സ്വാതന്ത്ര്യം നേടിയ രാത്രിയിൽ നെഹ്‌റു നിർവഹിച്ച പ്രസംഗത്തിലെ വാക്കുകളും ഹോയർ ഉദ്ധരിച്ചു.

ഭരണപരാജയങ്ങളുടെ കാരണം നെഹ്‌റുവിന്റെ മേൽ പഴിചാരുന്ന ബി.ജെ.പി സർക്കാറിനുള്ള തിരിച്ചടിയായാണ് ഡെമോക്രാറ്റ് നേതാവായ ഹോയറുടെ സ്വാഗത പ്രസംഗത്തെ സമൂഹമാധ്യമങ്ങൾ വിലയിരുത്തുന്നത്. നെഹ്‌റുവിന്റെ പേര് ഓർമിക്കപ്പെടാതിരിക്കാനും ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിക്കാനുമുള്ള ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും ശ്രമങ്ങൾ വിലപ്പോവില്ലെന്നും അന്താരാഷ്ട്രതലത്തിൽ ഇന്ത്യ അറിയപ്പെടുന്നത് ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പേരിലാണെന്നും ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമ ഉപയോക്താക്കൾ പറയുന്നു.

രാജ്ദീപ് സർദേശായ്: ഭരണഘടനാപരമായ ജനാധിപത്യത്തിന് നെഹ്‌റു നൽകിയ സംഭാവന അമേരിക്കക്കാർ മറന്നിട്ടില്ല എന്നു കാണുന്നതിൽ സന്തോഷം. ഇന്ത്യക്കാരിൽ ചിലർ അത് മറന്നു.
ജയറാം രമേശ്: കുറച്ചുവർഷം മുമ്പ് ന്യൂയോർക്കിൽ വെച്ച് അദ്വാനി നെഹ്‌റുവിനെ പുകഴ്ത്തി പ്രസംഗിച്ചത് ഞാനോർക്കുന്നു. നെഹ്‌റുവിന് വാജ്‌പേയ് നൽകിയ ശ്രദ്ധാഞ്ജലി ഒരു മാസ്റ്റർപീസ് ആയിരുന്നു. ആ ദിനങ്ങളൊക്കെ എവിടെ പോയി...ഹൂസ്റ്റനിലെ ഹൗസ് മെജോറിറ്റി ലീഡർ മോദിക്ക് നെഹ്‌റുവിന്റെ സംഭാവനകൾ ഓർമപ്പെടുത്തിയെന്നതിൽ സന്തോഷം.
സ്വാതി ചതുർവേദി: ഹൗഡി മോദി വൻവിജയമാണെങ്കിലും അന്താരാഷ്ട്രതലത്തിൽ ഏറ്റവും ശക്തമായ രണ്ട് ബ്രാൻഡുകൾ ഗാന്ധിയും നെഹ്‌റുവും തന്നെയാണ്. ഓരോ പൊതുപരിപാടിയിലും മോദി ഇത് അംഗീകരിക്കേണ്ടി വരുന്നു.