LiveTV

Live

International

ഭീകരന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്

ജമ്മു കശ്മീര്‍-രാജസ്ഥാന്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി

ഭീകരന്‍ മസൂദ് അസ്ഹറിനെ പാകിസ്താന്‍ ജയില്‍ മോചിതനാക്കിയെന്ന് റിപ്പോര്‍ട്ട്

ആഗോള ഭീകരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ പാകിസ്താന്‍ ജയില്‍ മോചിതനാക്കിയതായി റിപ്പോര്‍ട്ട്. രാജസ്ഥാന്‍, ജമ്മുകശ്മീര്‍ അതിര്‍ത്തിക്ക് സമീപം പാകിസ്താന്‍ സൈനിക വിന്യാസം നടത്തിയതായും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് രാജ്യത്താകമാനം ജാഗ്രതാ നിര്‍ദേശം നല്‍കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പാര്‍ലമെന്റ്, പുല്‍വാമ തുടങ്ങിയ സുപ്രധാന ആക്രമണങ്ങളുടെ സൂത്രധാരനാണ് ആഗോള ഭീകരനും ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസര്‍. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം മസൂദ് അസര്‍ കരുതല്‍ തടങ്കലിലാണ് എന്നായിരുന്നു പാക് പ്രതികരണം. എന്നാല്‍ മസൂദ് അസര്‍ മോചിതനായിട്ടുണ്ട് എന്നും ഭീകരരാക്രമണ സാധ്യത നിലനില്‍ക്കുന്നുണ്ട് എന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

രാജസ്ഥാന്‍, ജമ്മുകശ്മീര്‍ അതിര്‍ത്തികളില്‍ പാകിസ്താന്‍ സൈനിക വ്യന്യാസം നടത്തിയതായും അപ്രതീക്ഷിത നീക്കം പ്രതീക്ഷിക്കാമെന്നും രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പില്‍ പറയുന്നു. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാകാന്‍ സൈനിക വിഭാഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പൊതു ഇടങ്ങളിലും നഗരങ്ങളും പരിശോധന കര്‍ശനമാക്കിയിച്ചുണ്ട്.

പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ പാകിസ്താന്‍ പ്രതികാര നടപടിക്ക് ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു. ശക്തമായ പ്രതികാര നടപടി ഉണ്ടാകുമെന്ന പ്രതികരണം പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും മന്ത്രിമാരും നടത്തുകയും ചെയ്തിരുന്നു.