LiveTV

Live

International

ആണവകരാറില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടല്‍ പരാജയമെന്ന് ഇറാന്‍

ആണവകരാറില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടല്‍ പരാജയമെന്ന് ഇറാന്‍

2015-ലെ ആണവ കാരാര്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇടപെടുന്നതില്‍ യൂറോപ്യന്‍ യൂണിയന്‍ പരാജയപ്പെട്ടെന്ന് ആവര്‍ത്തിച്ച് ഇറാന്‍ ആണവ മേധാവി. അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജന്‍സിയുടെ നിലവിലെ മേധാവിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പരാമര്‍ശം. എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്ന് നിഷ്പക്ഷവും സ്വതന്ത്രവുമായ സഹകരണം തുടരുമെന്ന് ഐ.എ.ഇ.എ മേധാവി.

2015-ല്‍ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയ ആണവ കാരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാനു മേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഇടപെടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇത് കാര്യക്ഷമമായി നടന്നില്ലെന്ന് വിദേശകാര്യ മന്ത്രി ജവാദ് ശെരീഫ് അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആണവ മേധാവി അലി അക്ബര്‍ സലേഹിയും ഈ ആരോപണവുമായി രംഗത്ത് വന്നത്.

അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജന്‍സിയായ ഐ.എ.ഇ.എ-യുടെ നിലവിലെ മേധാവി കോര്‍ണല്‍ ഫെറൂട്ടയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് അലി അക്ബര്‍ സലേഹിയുടെ ഈ പരാമര്‍ശം. അന്താരാഷ്ട്ര ആണവ നിരീക്ഷണ ഏജന്‍സിയായ ഐ.എ.ഇ.എയ്ക്ക് രാജ്യത്ത് പരിശോധന നടത്താന്‍ അനുമതി നല്‍കുമെന്ന് ഇറാന്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഫെറൂട്ടയുടെ സന്ദര്‍ശനം. കൂടാതെ അടുത്തയാഴ്ച ഐ.എ.ഇ.എ-യുടെ 35 രാജ്യങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ ത്രൈമാസം യോഗം നടക്കുന്നുണ്ട്. ഇതില്‍ ഇറാന്റെ സാന്നിദ്ധ്യം ഉറപ്പാക്കുക. ഐ.എ.ഇ.എ-യുമായുള്ള ഇറാന്റെ ബന്ധം കുറഞ്ഞ് കൊണ്ടിരിക്കുകയാണ് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനം പരിശോധിക്കുക എന്നിവയും സന്ദര്‍ശനത്തിന്റെ ഭാഗമാണ്. തങ്ങളുടെ ഭാഗത്ത് നിന്ന് ചെയ്യാന്‍ സാധിക്കുന്ന എല്ലാ കാര്യങ്ങളും വളരെ സത്യസന്ധമായി ചെയ്ത് തരുമെന്ന് കോര്‍ണെല്‍ ഫെറൂട്ട പറഞ്ഞു.

ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സാരിഫുമായും ഫെറൂട്ട ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നതിനെ സാരിഫ് ന്യായീകരിക്കുകയും ചെയ്തതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആണവ കരാറിന്റെ 36-ആം ഖണ്ഡികയില്‍ ഇതിനുള്ള അനുമതിയുണ്ടന്നാണ് അദ്ദേഹം പറഞ്ഞത്. യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള പുതിയ യന്ത്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച കാര്യം ഇറാന്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.